കുരിശു വരച്ച് കുതിച്ചു, റെക്കോർഡിട്ട് മടങ്ങി; ലോകത്തെ വിസ്മയിപ്പിച്ച സെബാസ്റ്റ്യൻ സാവിൻ്റെ വേഗത്തിന് പിന്നിലെ രഹസ്യം

കുരിശു വരച്ച് കുതിച്ചു, റെക്കോർഡിട്ട് മടങ്ങി; ലോകത്തെ വിസ്മയിപ്പിച്ച സെബാസ്റ്റ്യൻ സാവിൻ്റെ വേഗത്തിന് പിന്നിലെ രഹസ്യം

നെയ്‌റോബി: ലണ്ടൻ മാരത്തണിൽ ലോകറെക്കോർഡ് തിരുത്തി ചരിത്രം കുറിച്ച കെനിയൻ താരം സെബാസ്റ്റ്യൻ സാവിൻ്റെ വിജയഗാഥയിൽ നിറയുന്നത് അടിയുറച്ച വിശ്വാസത്തിൻ്റെ കരുത്ത്. 42.195 കിലോമീറ്റർ ദൂരം വെറും ഒരു മണിക്കൂർ 59 മിനിറ്റ് 30 സെക്കൻഡിൽ പൂർത്തിയാക്കി അത്ഭുതം സൃഷ്ടിച്ച താരത്തിൻ്റെ കത്തോലിക്കാ വിശ്വാസത്തെക്കുറിച്ചും ലാളിത്യത്തെക്കുറിച്ചുമുള്ള വെളിപ്പെടുത്തലുകൾ ഇപ്പോൾ കായിക ലോകത്ത് ചർച്ചയാവുകയാണ്.

സെബാസ്റ്റ്യൻ സാവിൻ്റെ ആത്മീയ വേരുകളെക്കുറിച്ചും സഭാ പ്രവർത്തനങ്ങളിലെ സജീവ പങ്കാളിത്തത്തെക്കുറിച്ചും നെയ്‌റോബിയിലെ ഹോളി ഫാമിലി കാത്തലിക് ചർച്ച് ചെയർപേഴ്‌സൺ ജൂലിയസ് കെമിയാണ് എസിഐ ആഫ്രിക്കയോട് വെളിപ്പെടുത്തിയത്. "ലോകം അറിയുന്ന താരമാണെങ്കിലും ഇടവകയിലെ ശുശ്രൂഷകളിൽ അദേഹം സജീവമാണ്. തിരക്കുകൾക്കിടയിലും വിശുദ്ധ കുർബാന മുടക്കാറില്ല. താൻ സ്ഥലത്തില്ലാത്തപ്പോൾ ഭാര്യയും മക്കളും പള്ളിയിൽ വരുന്നുണ്ടെന്ന് അദ്ദേഹം ഉറപ്പുവരുത്താറുണ്ട്," ജൂലിയസ് പറഞ്ഞു.

ചരിത്ര പ്രധാനമായ ലണ്ടൻ മാരത്തണിൽ പങ്കെടുക്കാൻ യാത്ര തിരിക്കുന്നതിന് തൊട്ടുമുൻപും സാവ് ദേവാലയത്തിൽ എത്തിയിരുന്നതായി ജൂലിയസ് ഓർമ്മിക്കുന്നു. "യാത്രയ്ക്ക് മുൻപ് അദേഹം ഞങ്ങളെ കണ്ട് പ്രാർത്ഥനാ സഹായം തേടിയിരുന്നു. ആ വിശ്വാസത്തിൻ്റെ ഫലം കൂടിയാണ് ഇപ്പോൾ രാജ്യം ആഘോഷിക്കുന്ന ഈ റെക്കോർഡ് നേട്ടം," ജൂലിയസ് കൂട്ടിച്ചേർത്തു.

ഇടവകയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സജീവമായ താരം, തൻ്റെ കഠിനാധ്വാനത്തിന് പ്രാർത്ഥനയുടെ കരുത്ത് കൂടി കൂട്ടിനുണ്ടെന്ന് വിശ്വസിക്കുന്നു. ട്രാക്കിലെ വേഗത്തിനപ്പുറം അദേഹത്തിൻ്റെ ലാളിത്യവും വിശ്വാസത്തോടുള്ള പ്രതിബദ്ധതയും സഹപ്രവർത്തകർക്കും ആരാധകർക്കും ഒരുപോലെ മാതൃകയാവുകയാണ്. പുതിയ റെക്കോർഡ് നേട്ടത്തിൻ്റെ ആഹ്ലാദത്തിലാണ് സാവിൻ്റെ കുടുംബവും നെയ്‌റോബിയിലെ വിശ്വാസി സമൂഹവും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.