ബ്രിട്ടനിലെ സീറോ മലബാർ സഭയ്ക്ക് ചരിത്ര നിമിഷം; രൂപതയുടെ പ്രഥമ വൈദികനായി ചങ്ങനാശേരിക്കാരൻ ഫാ. മൈക്കിൾ കോച്ചേരി

ബ്രിട്ടനിലെ സീറോ മലബാർ സഭയ്ക്ക് ചരിത്ര നിമിഷം; രൂപതയുടെ പ്രഥമ വൈദികനായി ചങ്ങനാശേരിക്കാരൻ ഫാ. മൈക്കിൾ കോച്ചേരി

പ്രസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആത്മീയ ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കപ്പെട്ടു. രൂപതയിൽ നിന്നുള്ള ആദ്യ വൈദികനായി ഡീക്കൻ മൈക്കിൾ (ടോണി) കോച്ചേരി അഭിഷിക്തനായി. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വൈദിക പട്ടം നൽകി ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. ബ്രിട്ടനിലെ വിശ്വാസി സമൂഹം ദീർഘകാലമായി കാത്തിരുന്ന പ്രാർത്ഥനയുടെ സാഫല്യം കൂടിയായി ഈ ചടങ്ങ്.

യുകെയിലേക്ക് കുടിയേറിയ മലയാളി കുടുംബത്തിൽ നിന്നുള്ള ഫാ. ടോണിയുടെ ജീവിതം പുതിയ തലമുറയ്ക്ക് മാതൃകയാണ്. ബിർമിംഗ്രാം സിറ്റി യൂണിവേഴ്‌സിറ്റിയിൽ നിന്ന് മീഡിയ ആൻഡ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയ ശേഷമാണ് അദേഹം വൈദികനാകാനുള്ള തന്റെ ആഗ്രഹം സഭയെ അറിയിച്ചത്.

2017 ൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ മൈനർ സെമിനാരിയിൽ ചേർന്നു. റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഫിലോസഫി-തിയോളജി പഠനവും തുടർന്ന് പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഈസ്റ്റേൺ കാനൻ ലോയിൽ (സഭാ നിയമം) ലൈസൻഷിയേറ്റും പൂർത്തിയാക്കി.

സൗദിയിലെ റിയാദിൽ ജനിച്ച ടോണി, പന്ത്രണ്ടാം വയസിലാണ് ചങ്ങനാശേരി കൂത്രപ്പള്ളി സെന്റ് മേരീസ് ഇടവകയിൽ നിന്നും കുടുംബത്തോടൊപ്പം ലണ്ടനിലേക്ക് കുടിയേറിയത്. അൾത്താര ബാലനായി തുടങ്ങിയ ആത്മീയ ബന്ധം ലണ്ടനിലെ പുതിയ സാഹചര്യങ്ങളിലും അദേഹം മുറുകെ പിടിച്ചു. ചങ്ങനാശേരി സ്വദേശികളായ സൈമൺ കോച്ചേരിയുടെയും റോസമ്മയുടെയും മകനാണ് ഫാ. ടോണി. ടോം കോച്ചേരി ഏക സഹോദരനാണ്. മെയ് രണ്ടിനായിരുന്നു സഭയുടെയും രൂപതയുടെയും നാഴികക്കല്ലായ വൈദിക പട്ടം സ്വീകരണ ചടങ്ങ് നടന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.