ദക്ഷിണ കൊറിയയിൽ കത്തോലിക്കാ വിശ്വാസികൾ 60 ലക്ഷം പിന്നിട്ടു; 50 വർഷത്തിനിടെ വൻ വളർച്ച

ദക്ഷിണ കൊറിയയിൽ കത്തോലിക്കാ വിശ്വാസികൾ 60 ലക്ഷം പിന്നിട്ടു; 50 വർഷത്തിനിടെ വൻ വളർച്ച

സിയോൾ: ദക്ഷിണ കൊറിയയിലെ കത്തോലിക്കാ വിശ്വാസികളുടെ എണ്ണം ചരിത്രത്തിലാദ്യമായി 60 ലക്ഷം പിന്നിട്ടു. കൊറിയൻ കത്തോലിക്കാ മെത്രാൻ സമിതി പുറത്തുവിട്ട ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 50 വർഷത്തിനിടെ സഭ രേഖപ്പെടുത്തിയത് സമാനതകളില്ലാത്ത വളർച്ചയാണ്. 1975 ൽ വെറും പത്ത് ലക്ഷം മാത്രമായിരുന്ന വിശ്വാസികളുടെ എണ്ണമാണ് ഇപ്പോൾ ആറ് ദശലക്ഷത്തിലെത്തി നിൽക്കുന്നത്.

2025 ഡിസംബർ വരെയുള്ള കണക്കുകൾ പ്രകാരം 6,006,832 കത്തോലിക്കാ വിശ്വാസികളാണ് രാജ്യത്തുള്ളത്. 5.26 കോടി വരുന്ന ദക്ഷിണ കൊറിയൻ ജനസംഖ്യയുടെ 11 ശതമാനം വരും ഇത്. ഏഷ്യൻ ഭൂഖണ്ഡത്തിൽ കത്തോലിക്കാ സഭയ്ക്ക് ഏറ്റവും വേഗത്തിൽ വളർച്ചയുണ്ടാകുന്ന രാജ്യങ്ങളിലൊന്നായി ഇതോടെ ദക്ഷിണ കൊറിയ മാറി.

അക്കങ്ങളിൽ വലിയ വളർച്ച പ്രകടമാണെങ്കിലും ചില ആശങ്കകളും റിപ്പോർട്ട് പങ്കുവെക്കുന്നുണ്ട്. വിശ്വാസികളിൽ 28.9 ശതമാനം പേരും 65 വയസിന് മുകളിലുള്ളവരാണ്. യുവാക്കൾക്കിടയിൽ വിശ്വാസപരമായ താൽപ്പര്യം കുറയുന്നത് സഭയ്ക്ക് വെല്ലുവിളിയാകുന്നുണ്ട്. 2025 ൽ 0.2 ശതമാനം മാത്രമാണ് വളർച്ചാ നിരക്ക്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇതിൽ നേരിയ കുറവുണ്ട്. കോവിഡിന് ശേഷം വിശ്വാസികൾക്കിടയിലുണ്ടായ 'ആത്മീയ മന്ദത' ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

വിശ്വാസികളുടെ എണ്ണം വർദ്ധിക്കുമ്പോഴും വൈദികനാകാൻ മുന്നോട്ടുവരുന്നവരുടെ എണ്ണത്തിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2015 ൽ 121 പേർ തിരുപ്പട്ടം സ്വീകരിച്ച സ്ഥാനത്ത് 2025-ൽ അത് 70 ആയി കുറഞ്ഞു. നിലവിൽ 854 സെമിനാരി വിദ്യാർത്ഥികളാണ് പരിശീലനം നേടുന്നത്.

നിലവിൽ രാജ്യത്ത് 1,784 ഇടവകകളും 5,700-ലധികം വൈദികരുമുണ്ടെന്ന് പൊന്തിഫിക്കൽ വാർത്താ ഏജൻസിയായ ഫിഡെസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. വരും വർഷങ്ങളിൽ യുവാക്കളെ സഭയിലേക്ക് ആകർഷിക്കുന്നതിനുള്ള പുതിയ കർമ്മപദ്ധതികൾക്ക് മെത്രാൻ സമിതി രൂപം നൽകുമെന്നാണ് സൂചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.