ബംഗാളില്‍ മമതയ്ക്ക് തിരിച്ചടി; ബിജെപി അധികാരത്തിലേക്ക്: അസമില്‍ താമരയുടെ ഹാട്രിക് കുതിപ്പ്

ബംഗാളില്‍ മമതയ്ക്ക് തിരിച്ചടി; ബിജെപി അധികാരത്തിലേക്ക്: അസമില്‍ താമരയുടെ ഹാട്രിക് കുതിപ്പ്

കൊല്‍ക്കത്ത/ദിസ്പൂര്‍: പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിക്ക് തിരിച്ചടി. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ച് ബിജെപിയുടെ വന്‍ മുന്നേറ്റമാണ് ദൃശ്യമാകുന്നത്.. 294 അംഗ നിയമസഭയില്‍ 175 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് 85 സീറ്റുകളിലേക്ക് ചുരുങ്ങുന്ന കാഴ്ചയാണ് നിലവിലുള്ളത്.

സംസ്ഥാനത്തെ അതിശക്തമായ ഭരണവിരുദ്ധ വികാരമാണ് ഫലസൂചനകളില്‍ പ്രതിഫലിക്കുന്നത്. അതിര്‍ത്തി മേഖലകളിലും ഗോത്രവര്‍ഗ മേഖലകളിലും വ്യവസായ കേന്ദ്രങ്ങളിലും ബിജെപി വ്യക്തമായ മുന്‍തൂക്കം നേടിക്കഴിഞ്ഞു. ബിജെപി 180ലധികം സീറ്റുകള്‍ നേടി അധികാരത്തില്‍ വരുമെന്ന് ഭവാനിപൂരിലെയും നന്ദിഗ്രാമിലെയും ബിജെപി സ്ഥാനാര്‍ത്ഥി സുവേന്ദു അധികാരി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് സംഭവത്തില്‍ മരണമടഞ്ഞ യുവതിയുടെ അമ്മയും പാനിഹാട്ടിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ രത്ന ദേബ്‌നാഥ് 2763 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നതും തൃണമൂലിന് കനത്ത തിരിച്ചടിയായി.

അതേസമയം, സംസ്ഥാനം ഉറ്റുനോക്കുന്ന ഭവാനിപൂര്‍ മണ്ഡലത്തില്‍ വോട്ടുകള്‍ മാറി മറിയുകയാണ്. മൂന്നാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ലീഡ് തിരിച്ചു പിടിച്ചു. രണ്ടാം റൗണ്ടില്‍ 1558 വോട്ടുകള്‍ക്ക് പിന്നിലായിരുന്ന മമത, ഒടുവില്‍ ലഭിക്കുന്ന വിവരമനുസരിച്ച് 898 വോട്ടുകള്‍ക്ക് സുവേന്ദു അധികാരിയേക്കാള്‍ മുന്നിലാണ്.

സംസ്ഥാനത്ത് കൊല്‍ക്കത്തയിലെയും ചില ഗ്രാമീണ മേഖലകളിലെയും ടിഎംസി സ്വാധീന കേന്ദ്രങ്ങളില്‍ മാത്രമാണ് ഭരണകക്ഷിക്ക് നിലവില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കുന്നത്.

നാലാം തവണയും അധികാരം നിലനിര്‍ത്താന്‍ തൃണമൂല്‍ ശ്രമിക്കുമ്പോള്‍, കിഴക്കന്‍ ഇന്ത്യയില്‍ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. അതേസമയം കഴിഞ്ഞ തവണ നേരിട്ട തിരിച്ചടികളില്‍ നിന്ന് കരകയറാനാണ് ഇടതുമുന്നണിയുടെയും കോണ്‍ഗ്രസിന്റെയും ശ്രമം.

അസമിലെ രാഷ്ട്രീയ ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ച് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം തുടര്‍ച്ചയായ മൂന്നാം തവണയും അധികാരത്തിലേക്ക്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കേവല ഭൂരിപക്ഷമായ 64 എന്ന സംഖ്യയും കടന്ന് 98 സീറ്റുകളില്‍ എന്‍ഡിഎ മുന്നേറുകയാണ്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പ്രതിപക്ഷ സഖ്യം നിലവില്‍ 25 സീറ്റുകളില്‍ മാത്രമാണ് മുന്നിട്ടുനില്‍ക്കുന്നത്.

ഭരണകക്ഷി നേതാക്കള്‍ മിക്കവരും തങ്ങളുടെ മണ്ഡലങ്ങളില്‍ ആധിപത്യം ഉറപ്പിക്കുന്ന കാഴ്ചയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്ന് വരുന്നത്. കാബിനറ്റ് മന്ത്രിമാരായ അതുല്‍ ബോറ, പീജുഷ് ഹസാരിക, അജന്ത നിയോഗ് എന്നിവര്‍ ആയിരക്കണക്കിന് വോട്ടുകള്‍ക്ക് മുന്നിലാണ്.

അസമിലെ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ വലിയൊരു തകര്‍ച്ചയിലേക്കാണ് പ്രതിപക്ഷ സഖ്യം നീങ്ങുന്നത്. ശിവസാഗര്‍ ജില്ലയിലെ നസീറ മണ്ഡലത്തില്‍ മത്സരിക്കുന്ന പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ രണ്ടാം റൗണ്ട് പിന്നിടുമ്പോള്‍ 4,967 വോട്ടുകള്‍ക്ക് പിന്നിലാണ്. ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി മയൂര്‍ ബോര്‍ഗോഹൈന്‍ 11,607 വോട്ടുകള്‍ നേടിയപ്പോള്‍ സൈകിയയ്ക്ക് 6,640 വോട്ടുകള്‍ മാത്രമേ നേടാനായുള്ളൂ.

ഭരണവിരുദ്ധ വികാരം വോട്ടായി മാറുമെന്ന് പ്രതീക്ഷിച്ചിരുന്ന പ്രതിപക്ഷത്തിന് മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷമുള്ള പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്. ബിജെപിയുടെ ചിട്ടയായ പ്രചാരണവും വികസന മുദ്രാവാക്യങ്ങളും പ്രതിപക്ഷത്തിന്റെ കോട്ടകളില്‍ പോലും വിള്ളലുണ്ടാക്കിയതായാണ് നിലവിലെ ട്രെന്‍ഡുകള്‍ നല്‍കുന്ന സൂചന.

പോണ്ടിച്ചേരിയിലും എന്‍ഡിഎ മുന്നിലാണ് മുന്നണി 25 സീറ്റില്‍ ലീഡ് ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് ഏഴ് സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. ടിവികെ നാല് മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.