ആഭ്യന്തരം, ധനകാര്യം, റവന്യു വകുപ്പുകള്‍ കോണ്‍ഗ്രസിന്. വ്യവസായം, തദ്ദേശ സ്വയംഭരണം, പൊതു മരാമത്ത് ലീഗിനെന്ന് സൂചന. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും ലഭിച്ചേക്കും.
ന്യൂഡല്‍ഹി: മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന ചര്‍ച്ചകള്‍ക്കിടയിലും മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് ഘടക കക്ഷികളുമായി കോണ്‍ഗ്രസ് നേതൃത്വം ഉടന്‍ ചര്‍ച്ച ആരംഭിക്കും.
സുപ്രധാനമായ ചില വകുപ്പുകള്‍ വെച്ചു മാറുന്നത് സംബന്ധിച്ചും ഘടക കക്ഷികളുമായി ചര്‍ച്ച നടത്തും. വിദ്യാഭ്യാസ വകുപ്പ് ഇത്തവണ മുസ്ലീം ലീഗിന് നല്‍കരുതെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമാണ്. പകരം ലീഗിന് ആരോഗ്യ വകുപ്പ് നല്‍കിയേക്കും.
ആഭ്യന്തരം, ധനകാര്യം, റവന്യൂ, വനം, ദേവസ്വം, ഊര്‍ജം, ടൂറിസം തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ കോണ്‍ഗ്രസ് തന്നെ ഏറ്റെടുത്തേക്കുമെന്നാണ് അറിയുന്നത്. വ്യവസായം, തദ്ദേശ സ്വയംഭരണം, പൊതു മരാമത്ത് എന്നിവയാണ് മുസ്ലീം ലീഗ് ഉറപ്പിച്ച വകുപ്പുകള്‍.
2011 ലെ യുഡിഎഫ് മന്ത്രിസഭയില്‍ ഐടി വകുപ്പ് മുസ്ലീം ലീഗിന് നല്‍കിയിരുന്നു. എന്നാല്‍ അത് ഇത്തവണ കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യവും കോണ്‍ഗ്രസില്‍ ശക്തമാണ്. ജലസേചനം, കൃഷി, മൃഗസംരക്ഷണം, ഭക്ഷ്യ സിവില്‍ സപ്ലൈസ്, ഫിഷറീസ്, തൊഴില്‍, ഗതാഗതം തുടങ്ങിയ വകുപ്പുകള്‍ ആണ് മറ്റ് ഘടക കക്ഷികള്‍ക്ക് നല്‍കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നത്.
പുതിയ മന്ത്രിസഭയില്‍ മുഖ്യമന്ത്രി ഉള്‍പ്പടെ 12 പേര്‍ കോണ്‍ഗ്രസില്‍ നിന്ന് മന്ത്രിമാരാകും. സ്പീക്കര്‍ സ്ഥാനവും കോണ്‍ഗ്രസിന് ലഭിക്കും. മുസ്ലീം ലീഗിന് നാല് മന്ത്രി സ്ഥാനവും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും നല്‍കിയേക്കും.
അഞ്ചാം മന്ത്രി പദവിക്ക് മുസ്ലീം ലീഗ് സമ്മര്‍ദ്ദം ചെലുത്തുമോ എന്ന ആശങ്ക കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്. ലീഗ് സമ്മര്‍ദ്ദം ശക്തമാക്കിയാല്‍ അഞ്ചാം മന്ത്രിസ്ഥാനം നല്‍കിയേക്കും. അങ്ങനെയെങ്കില്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കില്ല.
കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും ലഭിച്ചേക്കും. ആര്‍.എസ്.പിക്ക് ഒരു മന്ത്രി സ്ഥാനം ലഭിക്കും. ഒരു സീറ്റില്‍ മാത്രം ലഭിച്ച കേരള കോണ്‍ഗ്രസ് (ജേക്കബ്), ആര്‍എംപി, സിഎംപി എന്നീ പാര്‍ട്ടികള്‍ക്ക് ടേം അടിസ്ഥാനത്തില്‍ മന്ത്രി സ്ഥാനം നല്‍കാനാണ് സാധ്യത.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.