ഉദയ്പുര്‍: പ്രശസ്ത സിനിമാ നിര്‍മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍.ബി ചൗധരി വാഹനാപകടത്തില്‍ മരിച്ചു. രാജസ്ഥാനിലെ ഉദയ്പൂരിലുണ്ടായ കാറപകടത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
മൃതദേഹം ബുധനാഴ്ച ചെന്നൈയിലെത്തിക്കും.
1988 മുതല്‍ സൂപ്പര്‍ ഗുഡ് ഫിലിംസ് ബാനറില്‍ സിനിമകള്‍ നിര്‍മിക്കുന്ന വ്യക്തിയാണ് ആര്‍.ബി ചൗധരി. 'പുതു വസന്തം' (1990) ആയിരുന്നു അദേഹം നിര്‍മിച്ച ആദ്യ തമിഴ് സിനിമ. ഈ ചിത്രത്തിന് തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു. പിന്നീട് കെഎസ് രവികുമാര്‍ സംവിധാനം ചെയ്ത 'പുരിയാദ പുതിര്‍' (1990) എന്ന ചിത്രമാണ്ം അദേഹത്തെ ശ്രദ്ധേയനാക്കി.
തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി സിനിമകള്‍ അദേഹം നിര്‍മിച്ചിട്ടുണ്ട്. കീര്‍ത്തി ചക്ര ഉള്‍പ്പെടെയുള്ള മലയാള സിനിമകള്‍ അദേഹമാണ് നിര്‍മിച്ചത്. ചേരന്‍ പാണ്ഡ്യന്‍ (1991), ഊര്‍ മര്യാദൈ (1992), ഗോകുലം (1993), നട്ടമൈ (1994), പൂവേ ഉനക്കാഗ (1996), സുന്ദര പുരുഷന്‍ (1996), മിസ്റ്റര്‍ റോമിയോ (1996), സൂര്യവംശം (1997), തുള്ളാത മനവും തുള്ളും (1999), ആനന്ദം (2001), കീര്‍ത്തി ചക്ര (2006), ജില്ല (2014), ഗോഡ്ഫാദര്‍ (2021), ഫഹദ് ഫാസിലും വടിവേലുവും ഒന്നിച്ച മാരീസന്‍ (2025) തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവും അദേഹമാണ്.
നിരവധി താരങ്ങളെ അദേഹം സിനിമ ലോകത്ത് പരിചയപ്പെടുത്തി. ഏഴ് തവണ തമിഴ്നാട് സംസ്ഥാന ഫിലിം അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. മക്കളായ ജീവയും ജിത്തന്‍ രമേശും അറിയപ്പെടുന്ന നടന്മാരാണ്. തിത്തിക്കുദേ (2003), കീര്‍ത്തി ചക്ര (2006), ഇ (2006), കച്ചേരി ആരംഭം (2010), രൗത്തരം (2011), കളത്തില്‍ സന്ധിപ്പോം (2021) തുടങ്ങിയ സൂപ്പര്‍ ഗുഡ് ഫിലിംസ് നിര്‍മിച്ച ചിത്രങ്ങളില്‍ ജീവ അഭിനയിച്ചിട്ടുണ്ട്.
രാജസ്ഥാന്‍ സ്വദേശിയാണ് ചൗധരി. സിനിമാ നിര്‍മാണ രംഗത്തേക്ക് വരുന്നതിന് മുമ്പ് അദേഹം സ്റ്റീല്‍, കയറ്റുമതി, ജ്വല്ലറി വ്യവസായം തുടങ്ങിയ രംഗങ്ങളിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഗുഡ് നൈറ്റ് മോഹനുമായി ചേര്‍ന്ന് സൂപ്പര്‍ ബാനറില്‍ ചിത്രങ്ങള്‍ നിര്‍മിച്ചിരുന്നു. അവര്‍ പിരിയാന്‍ തീരുമാനിച്ചതോടെ ചൗധരി ഗുഡ് നൈറ്റ് എന്നതില്‍ നിന്ന് ഗുഡ് എടുത്ത് സൂപ്പര്‍ ഗുഡ് ഫിലിംസ് എന്ന് നിര്‍മാണക്കമ്പനി പുനര്‍നാമകരണം ചെയ്തു.
തമിഴ്നാട്ടുകാരിയായ മെഹ്ജബീയാണ് ഭാര്യ. ജീവ, ജിത്തന്‍, സുരേഷ് ചൗധരി, ജീവന്‍ ചൗധരി എന്നിവരാണ് മക്കള്‍. സുരേഷ് സൂപ്പര്‍ ഗുഡ് ഫിലിംസിന് വേണ്ടി ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. ജീവന്‍ സ്റ്റീല്‍ കമ്പനി സംരംഭകനാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.