കോട്ടയം: തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് യുഡിഎഫില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പ്രതികരിച്ച് ഓര്‍ത്തഡോക്‌സ് സഭ. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ വിമര്‍ശിച്ച് ഓര്‍ത്തഡോക്‌സ് സഭ ഭദ്രാസന മെത്രാപൊലീത്ത ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് രംഗത്തെത്തി.
എംപിമാര്‍ മുഖ്യമന്ത്രിയാകുന്നതില്‍ നിയമ തടസമില്ല. എന്നാല്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ല എന്ന് തീരുമാനിച്ചതിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു എംപിയുടെ പേര് ഉയര്‍ന്നു വരുന്നത് വിരോധാഭാസമാണെന്ന് യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തിനായി ബഹളം നടക്കുന്ന കാഴ്ച കാണുന്നുണ്ട്. അത് ശരിയാണെങ്കില്‍, മലയാളത്തില്‍ ഒരു പഴഞ്ചൊല്ലുണ്ട്, 'ആലിപ്പഴം പഴുക്കുമ്പോള്‍ കാക്കയ്ക്ക് വായ്പ്പുണ്ണ് എന്ന്'. അതേ പ്രവണതയാണ് കാണുന്നത്.
ജയിച്ചു എന്നതുകൊണ്ട് ഇത്തരത്തില്‍ ഓരോ വിഷയങ്ങള്‍ ഉണ്ടാക്കി ജനത്തെ ബുദ്ധിമുട്ടിക്കാന്‍ പാടില്ല എന്ന് ജയിച്ചവര്‍ മനസിലാക്കണമെന്നും ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ തിളക്കമാര്‍ന്ന വിജയത്തിനു പിന്നാലെ മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നു വരികയാണ്. മുതിര്‍ന്ന നേതാവെന്ന നിലയില്‍ രമേശ് ചെന്നിത്തലയുടെയും തിരഞ്ഞെടുപ്പ് മുന്നില്‍ നയിച്ച നേതാവെന്ന നിലയില്‍ വി.ഡി സതീശന്റേയും പേരുകള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു.
എന്നാല്‍ ഇതിനിടെയാണ് എംപികൂടിയായ കെ.സി വേണുഗോപാലിന്റെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരുവിഭാഗം ഉയര്‍ത്തിക്കൊണ്ടു വന്നത്. ഇതിന് പിന്നാലെയാണ് ഓര്‍ത്തഡോക്‌സ് സഭ ഈ നീക്കത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.