'പരാജയം അപ്രതീക്ഷിതം; തിരുത്തലുകള്‍ വരുത്തും': മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ഗോവിന്ദന്റെ വാര്‍ത്താ സമ്മേളനം

'പരാജയം അപ്രതീക്ഷിതം; തിരുത്തലുകള്‍ വരുത്തും': മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ഗോവിന്ദന്റെ വാര്‍ത്താ സമ്മേളനം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.

പരാജയം അപ്രതീക്ഷിതമെന്നും തിരുത്തലുകള്‍ വരുത്തി തിരിച്ചുവരുമെന്നും പറഞ്ഞ ശേഷം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കാതെ അദേഹം ഇറങ്ങി പോവുകയായിരുന്നു.

ഇന്നത്തെ യോഗത്തിലുണ്ടായ വിലയിരുത്തലുകള്‍ എന്തെല്ലാമെന്ന് പോലും പറയാതെയാണ് അദേഹം വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചത്. തോല്‍വിയെ കുറിച്ച് സഖാക്കള്‍ക്ക് നിര്‍ഭയമായും സ്വതന്ത്രമായും അഭിപ്രായം പറയാന്‍ അവസരം ഒരുക്കുമെന്ന പാര്‍ട്ടി സെക്രട്ടറിയുടെ പരാമര്‍ശവും ശ്രദ്ധേയമായി. അപ്പോള്‍ ഇതുവരെ പാര്‍ട്ടിക്കുള്ളില്‍ നിര്‍ഭയമായി അഭിപ്രായം പറയാനുള്ള അവസരം ഉണ്ടായിരുന്നില്ലേ എന്നതാണ് ഉയരുന്ന ചോദ്യം.

സിപിഎമ്മിന്റെ ഈ തെരഞ്ഞെടുപ്പിലെ പരാജയങ്ങളുടെ കാരണങ്ങള്‍ അണികളോട് വിശദീകരിക്കേണ്ടയാള്‍, പരിശോധന നടത്തുമെന്ന് മാത്രം പറഞ്ഞ് സാങ്കേതികമായി ചില കാര്യങ്ങള്‍ മാത്രം വിശദീകരിച്ച് വാര്‍ത്താ സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു. വാര്‍ത്താ സമ്മേളനങ്ങളില്‍ സമയമെടുത്ത് ഓരോ ചോദ്യത്തിനും ഉത്തരം നല്‍കുന്നതാണ് പൊതുവെ എം.വി ഗോവിന്ദന്റെ ശൈലി. എന്നാല്‍ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതാണ് ഇന്ന് കണ്ടത്.

ആരായിരിക്കും പ്രതിപക്ഷ നേതാവ്, കണ്ണൂരിലെ ഇത്രയും വലിയ വോട്ടു ചോര്‍ച്ചയ്ക്ക് കാരണമെന്ത്, പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ വ്യക്തിപരമായി നേരിടുന്ന വിമര്‍ശനങ്ങള്‍, മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുമോ എന്നത് ഉള്‍പ്പെടെ ഒരു ചോദ്യത്തിനും എം.വി ഗോവിന്ദന്‍ മറുപടി നല്‍കിയില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.