പ്രതിസന്ധിയില്‍ തമിഴക രാഷ്ട്രീയം: വിജയ്ക്ക് കേവല ഭൂരിപക്ഷമില്ലെന്ന് ഗവര്‍ണര്‍; സത്യപ്രതിജ്ഞയ്ക്ക് അനുമതി നിഷേധിച്ചു

പ്രതിസന്ധിയില്‍ തമിഴക രാഷ്ട്രീയം: വിജയ്ക്ക് കേവല ഭൂരിപക്ഷമില്ലെന്ന് ഗവര്‍ണര്‍; സത്യപ്രതിജ്ഞയ്ക്ക് അനുമതി നിഷേധിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് പിന്തുണയുമായി സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണറെ സമീപിച്ച ടിവികെ അധ്യക്ഷന്‍ വിജയ്ക്ക് തിരിച്ചടി. ടിവികെയ്ക്ക് സര്‍ക്കാരുണ്ടാക്കാനുള്ള കേവല ഭൂരിപക്ഷം ഇല്ലെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ അറിയിച്ചു.

കേവല ഭൂരിപക്ഷമായ 118 എംഎല്‍എമാരുടെ പിന്തുണക്കത്ത് ഉണ്ടെങ്കില്‍ മാത്രമേ വിജയ്ക്ക് സത്യപ്രതിജ്ഞയ്ക്കുള്ള അനുമതി നല്‍കൂവെന്ന് ഗവര്‍ണര്‍ അറിയിച്ചു. നിലവില്‍ 113 എംഎല്‍എമാരുടെ പിന്തുണയാണ് ടിവികെയ്ക്കുള്ളത് എന്നാണ് റിപ്പോര്‍ട്ട്.

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ തമിഴക വെട്രി കഴകത്തിന് 118 എന്ന ഭൂരിപക്ഷത്തിലെത്താന്‍ കുറഞ്ഞത് 10 സീറ്റുകളെങ്കിലും വേണമായിരുന്നു. കോണ്‍ഗ്രസ് അഞ്ച് എംഎല്‍മാരുടെ പിന്തുണ അറിയിച്ചിട്ടുണ്ട്. ഇതോടെ 112 പേരുടെ പിന്തുണ മാത്രമേ ടിവികെയ്ക്ക് നിലവിലുള്ളൂ.

വിജയ് ജയിച്ച രണ്ട് മണ്ഡലങ്ങളില്‍ നിന്ന് ഒന്ന് ഒഴിഞ്ഞാല്‍ ആറ് എംഎല്‍എമാരുടെ പിന്തുണ ആവശ്യമായി വരും. കോണ്‍ഗ്രസിന് പുറമെ സ്വതന്ത്രര്‍ ഉള്‍പ്പെടെ ആരൊക്കെ ടിവികെയുടെ ഭാഗമാകുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

തനിക്ക് പിന്തുണ നല്‍കുന്ന എംഎല്‍എമാരുടെ പട്ടിക വിജയ് ഗവര്‍ണര്‍ക്ക് കൈമാറുകയും മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യാനുള്ള നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് പുതിയ സംഭവ വികാസം. ഇതോടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിലായി.

234 മണ്ഡലങ്ങളുള്ള തമിഴ്നാട്ടില്‍ ടിവികെ 108 സീറ്റുകളാണ് നേടിയത്. കോണ്‍ഗ്രസിന്റെ പിന്തുണ ലഭിച്ചതിനു പിന്നാലെ ഗവര്‍ണറെ നേരിട്ട് സന്ദര്‍ശിച്ച് എംഎല്‍എമാരുടെ പട്ടിക കൈമാറുകയും ചെയ്തു. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അഞ്ച് സീറ്റുകളാണ് നേടിയത്്. ഇതുകൂടി ലഭിച്ചാലും ടിവികെയ്ക്ക് കേവല ഭൂരിപക്ഷം അവകാശപ്പെടാനാകില്ല. രണ്ടാഴ്ചയ്ക്കുള്ളില്‍ ഭൂരിപക്ഷം തെളിയിക്കാമെന്ന് വിജയ് നേരത്തെ ഗവര്‍ണറെ ധരിപ്പിച്ചിരുന്നു.

ഭൂരിപക്ഷം തെളിയിച്ചാല്‍ മാത്രം സത്യപ്രതിജ്ഞ ചെയ്യാമെന്നാണ് ഗവര്‍ണര്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. വിജയെ പിന്തുണച്ചുകൊണ്ട് 118 എംഎല്‍എമാരുടെ കത്ത് ഹാജരാക്കാനാണ് ആര്‍ലേക്കര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കത്ത് നല്‍കിയാല്‍ സത്യപ്രതിജ്ഞ ചെയ്യാമെന്ന് ഗവര്‍ണര്‍ അറിയിച്ചതായാണ് സൂചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.