മുഖ്യമന്ത്രി തീരുമാനം ഹൈക്കമാന്‍ഡിന് വിട്ട് കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം; 2021 ആവര്‍ത്തിക്കരുതെന്ന് നിരീക്ഷകരോട് മുതിര്‍ന്ന നേതാക്കള്‍

മുഖ്യമന്ത്രി തീരുമാനം ഹൈക്കമാന്‍ഡിന് വിട്ട് കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം;	 2021 ആവര്‍ത്തിക്കരുതെന്ന്   നിരീക്ഷകരോട്   മുതിര്‍ന്ന നേതാക്കള്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ തിരുവനന്തപുരത്ത് പുരോഗമിക്കവേ കോണ്‍ഗ്രസിന്റെ നിയമസഭാകക്ഷി നേതാവിനെ തീരുമാനിക്കാന്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള പ്രമേയം കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം ചേര്‍ന്ന് പാസാക്കി.

കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പിന്താങ്ങി. ഹൈക്കമാന്‍ഡ് നിരീക്ഷകരായ അജയ് മാക്കനും മുകുള്‍ വാസ്നിക്കും യോഗത്തില്‍ സന്നിഹിതരായിരുന്നു. ഒറ്റവരി പ്രമേയമാണ് അവതരിപ്പിച്ചത്.

നിരീക്ഷകരും കേരളത്തിന്റെ ചുമതലയുള്ള സംഘടനാ സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയും കോണ്‍ഗ്രസ് എംഎല്‍എമാരെ ഓരോരുത്തരെയായി കാണുന്നുണ്ട്. ഈ കൂടിക്കാഴ്ചയില്‍ എംഎല്‍എമാര്‍ ആര്‍ക്കാണ് പിന്തുണയെന്ന് വ്യക്തമാക്കും.

മണ്ഡലത്തിലെ ചില ആവശ്യങ്ങള്‍ക്ക് മടങ്ങേണ്ടതിനാല്‍ പുതുപ്പള്ളി നിയുക്ത എംഎല്‍എ ചാണ്ടി ഉമ്മനാണ് മാക്കനും വാസ്നിക്കും ദീപാ ദാസ് മുന്‍ഷിയുമായി ആദ്യം കൂടിക്കാഴ്ച നടത്തിയത്.

മുതിര്‍ന്ന നേതാക്കളായ കെ.സുധാകരന്‍, വി.എം.സുധീരന്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവരുമായി രാവിലെ നിരീക്ഷകര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. 2021 ല്‍ ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയ രീതി ആവര്‍ത്തിക്കരുതെന്ന് മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയായി ആരെ തീരുമാനിച്ചാലും ബാക്കി ഉള്ളവരെ കൂടി ബോധ്യപ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. അതിനിടെ കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കെ.സുധാകരന്‍ നിരീക്ഷകര്‍ക്കു കത്തു നല്‍കിയതായും അറിയുന്നു.

നിരീക്ഷകര്‍ തിരികെ ഡല്‍ഹിയില്‍ എത്തി ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തിയ ശേഷം ഞായറാഴ്ചയോടെ മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകുമെന്നാണു സൂചന. തര്‍ക്കം തുടര്‍ന്നാല്‍ അവസാന വാക്ക് സോണിയാ ഗാന്ധിയുടേത് ആയിരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.