'കൊല്ലണോ എന്ന് ഡോക്ടർ, ഞെട്ടിപ്പോയി'; കാനഡയിൽ ശസ്ത്രക്രിയ കഴിഞ്ഞ വൈദികന് ദയാവധം വാഗ്ദാനം ചെയ്ത് അധികൃതർ

'കൊല്ലണോ എന്ന് ഡോക്ടർ, ഞെട്ടിപ്പോയി'; കാനഡയിൽ ശസ്ത്രക്രിയ കഴിഞ്ഞ വൈദികന് ദയാവധം വാഗ്ദാനം ചെയ്ത് അധികൃതർ

വാങ്കൂവർ (കാനഡ): സുഖമില്ലാതെ ആശുപത്രിയിൽ കഴിയുന്ന രോഗികളെ ആശ്വസിപ്പിക്കുന്നതിന് പകരം മരിക്കാൻ പ്രേരിപ്പിക്കുന്ന കാനഡയിലെ ആരോഗ്യ മേഖലയിലെ അപചയം ലോകമനസാക്ഷിയെ ഞെട്ടിക്കുന്നു. ഇടുപ്പെല്ലിന് ഒടിവേറ്റ് ചികിത്സയിലായിരുന്ന 79 കാരനായ കത്തോലിക്കാ വൈദികൻ ഫാ. ലാറി ഹോളണ്ടിനാണ് വാങ്കൂവർ ജനറല്‍ ആശുപത്രിയിൽ വെച്ച് ഡോക്ടറിൽ നിന്നും നഴ്സിൽ നിന്നും ദയാവധത്തിനുള്ള (മെയ്ഡ്- മെഡിക്കല്‍ ഏയ്ഡ് ഇന്‍ ഡയിങ്) വാഗ്ദാനം ലഭിച്ചത്.

താൻ ഒരു കത്തോലിക്കാ പുരോഹിതനാണെന്നും ദയാവധത്തെ സഭ ധാർമ്മികമായി എതിർക്കുന്നുണ്ടെന്നും വ്യക്തമായി അറിഞ്ഞുകൊണ്ടാണ് ഡോക്ടർ ഈ 'ഓപ്ഷൻ' മുന്നോട്ടുവെച്ചതെന്ന് ഫാ. ലാറി പറഞ്ഞു. "ഡോക്ടറുടെ നിർദേശം കേട്ട് ഞാൻ സ്തംഭിച്ചുപോയി. കുറച്ചുനേരം എനിക്ക് ഒന്നും മിണ്ടാനായില്ല. ചില കാര്യങ്ങൾ ചില ആളുകളോട് സംസാരിക്കാൻ പാടില്ലാത്തതാണ്," അദേഹം വ്യക്തമാക്കി.

വേദന കഠിനമാകുമ്പോൾ മരണം തിരഞ്ഞെടുക്കുന്നത് എളുപ്പമാണെന്ന രീതിയിലായിരുന്നു നഴ്സിന്റെയും സംസാരം. ഇത് 'തെറ്റായ സഹതാപം' ആണെന്ന് ഫാ. ലാറി വിശേഷിപ്പിച്ചു. കാനഡയിൽ ഇതുവരെ ഒരു ലക്ഷത്തോളം പേരുടെ ജീവനെടുത്ത മെയ്ഡ് നിയമം മാനുഷിക മൂല്യങ്ങളെ കാറ്റിൽപ്പറത്തുന്നതാണെന്ന ആക്ഷേപം ശക്തമാണ്.

മാരകമായ രോഗങ്ങളില്ലാത്തവർക്ക് പോലും വേദനയിൽ നിന്ന് രക്ഷപ്പെടാനുള്ള എളുപ്പവഴിയായി ദയാവധത്തെ അധികൃതർ പ്രോത്സാഹിപ്പിക്കുന്നത് വർധിച്ചു വരികയാണ്. ജീവൻ പ്രകൃതിദത്തമായ തുടക്കം മുതൽ അവസാനം വരെ പവിത്രമാണെന്നും അത് നശിപ്പിക്കാൻ ആർക്കും അവകാശമില്ലെന്നുമാണ് കത്തോലിക്കാ സഭയുടെ ഉറച്ച നിലപാട്.

"വേദനയിലൂടെയും നമുക്ക് വളരാൻ സാധിക്കും. ഞാൻ ഈ സാഹചര്യത്തെ അതിജീവിച്ചു, നിങ്ങൾക്കും അതിന് സാധിക്കും," ഫാ. ലാറി ലോകത്തോട് പറയുന്നു. വേദനയുടെ നടുവിൽ നിൽക്കുമ്പോൾ മരണത്തെക്കാൾ ഉപരി അതിജീവനത്തിനുള്ള കരുത്താണ് രോഗികൾക്ക് പകരേണ്ടതെന്ന വലിയ സന്ദേശമാണ് ഈ വൈദികന്റെ അനുഭവം നൽകുന്നത്.

കാനഡയിലെ ഈ സംഭവത്തിന് പിന്നാലെ അന്താരാഷ്ട്ര തലത്തിൽ ദയാവധത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയരുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.