എംഎല്‍എമാരില്‍ ഭുരിപക്ഷവും കെ.സിക്കൊപ്പം; എല്ലാ ഘടകങ്ങളും പരിഗണിക്കണമെന്ന് പൊതു വികാരം: തഴഞ്ഞാല്‍ കടുത്ത നിലപാടിന് സതീശന്‍

എംഎല്‍എമാരില്‍ ഭുരിപക്ഷവും കെ.സിക്കൊപ്പം; എല്ലാ ഘടകങ്ങളും പരിഗണിക്കണമെന്ന് പൊതു വികാരം: തഴഞ്ഞാല്‍ കടുത്ത നിലപാടിന് സതീശന്‍

തിരുവനന്തപുരം: ആരാകണം മുഖ്യമന്ത്രിയെന്ന ഹൈക്കമാന്‍ഡ് നിരീക്ഷകരുടെ ചോദ്യത്തിന് ഭൂരിപക്ഷം എംഎല്‍എമാരും കെ.സി വേണുഗോപാലിനെ പിന്തുണച്ചതായി സൂചന. എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്‌നിക്കും അജയ് മാക്കനും എംഎല്‍എമാരെ പ്രത്യേകം കണ്ടാണ് അഭിപ്രായം തേടിയത്.

നാല്‍പതിലധികം എംഎല്‍എമാരുടെ പിന്തുണ കെ.സി വേണുഗോപാലിനുണ്ടെന്നാണ് റിപ്പോര്‍ട്ട്. പത്തോളം പേരുടെ വീതം പിന്തുണയാണ് ചെന്നിത്തലയ്ക്കും സതീശനുമുള്ളത്.

മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായവും നിരീക്ഷകര്‍ തേടിയിട്ടുണ്ട്. ഇതില്‍ കെ.സുധാകരന്‍ രേഖാമൂലം തന്നെ കെ.സിക്കുള്ള പിന്തുണ അറിയിച്ചു. സീനിയോരിറ്റി കണക്കിലെടുത്ത് രമേശ് ചെന്നിത്തലയെ പരിഗണിക്കേണ്ടതാണെന്ന അഭിപ്രായം മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ ഉന്നയിക്കുന്നുണ്ട്.

എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷം പ്രതിപക്ഷ മുന്നണിയെ നയിച്ച് അധികാരത്തിലെത്തിച്ച വി.ഡി സതീശനുള്ള ജനപിന്തുണ ചെന്നിത്തലയ്‌ക്കോ, വേണുഗോപാലിനോ ഇല്ല. എംഎല്‍എമാരുടെ തലയെണ്ണുക മാത്രമല്ല, നേതാക്കളുടെ ജനപിന്തുണകൂടി പരിഗണിച്ചാല്‍ വി.ഡി സതീശന് നറുക്ക് വീഴുമെന്നാണ് സതീശന്‍ ക്യാമ്പിന്റെ പ്രതീക്ഷ. ഘടക കക്ഷികളുടെ ഉറച്ച പിന്തുണയും സതീശനുണ്ട്.

എന്നാല്‍ എംഎല്‍എമാരുടെ ഭൂരിപക്ഷ പിന്തുണയ്ക്കാണ് മുഖ്യമന്ത്രിമാരെ നിശ്ചയിക്കുന്നതില്‍ ഹൈക്കമാന്‍ഡ് മുഖ്യ പരിഗണന നല്‍കുന്നത്. മധ്യപ്രദേശിലും രാജസ്ഥാനിലും കര്‍ണാടകത്തിലും തെലങ്കാനയിലും ഈ രീതിയാണ് പിന്തുടര്‍ന്നത്.

കെ.സി വേണുഗോപാല്‍ മുഖ്യമന്ത്രിയാകുന്ന സാഹചര്യത്തില്‍ വി.ഡി സതീശന്‍ മന്ത്രിസ്ഥാനം അടക്കം ഒരു പദവിയും ഏറ്റെടുക്കാതെ പ്രതിഷേധമുയര്‍ത്താനാണ് സാധ്യത. ഇതുകൂടിയാകുമ്പോള്‍ പൊതുസമൂഹത്തിലും കോണ്‍ഗ്രസ് അണികളിലും അതുണ്ടാക്കാവുന്ന പ്രതിഷേധങ്ങള്‍ നേതൃത്വത്തിന് മറ്റൊരു വെല്ലുവിളിയാകും.

വി.എസ് അച്യുതാനന്ദന് സ്ഥാനാര്‍ഥിത്വം നിഷേധിച്ച സാഹചര്യവും ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. തന്നെയുമല്ല, കെ.സി വേണുഗോപാല്‍ മുഖ്യമന്ത്രിയായാല്‍ ആറ് മാസത്തിനകം ഉപതിരഞ്ഞെടുപ്പ് വേണ്ടി വരും. വി.ഡിയെ അവഗണിച്ചുവെന്ന വികാരം ശക്തമാകുമ്പോള്‍ തിരഞ്ഞെടുപ്പില്‍ ജയിക്കുക എന്നൊരു വെല്ലുവിളിയും വരും.

ഇതിനൊപ്പം ആലപ്പുഴ ലോക്‌സഭാ സീറ്റിലും തിരഞ്ഞെടുപ്പുണ്ടാകും. അതോടെ രണ്ട് ഉപതിരഞ്ഞെടുപ്പ് വേണ്ടിവരുന്ന സാഹചര്യവും സൃഷ്ടിക്കപ്പെടും. മുഖ്യമന്ത്രിയാകുന്ന പക്ഷം ആലപ്പുഴ അല്ലെങ്കില്‍ ഇരിക്കൂര്‍ സീറ്റില്‍ മത്സരിക്കാനാകും കെ.സി താല്‍പര്യപ്പെടുക.

മുഖ്യമന്ത്രി ആരെന്ന ഹൈക്കമാന്‍ഡിന്റെ തീരുമാനം ഞായറാഴ്ച ഉണ്ടായേക്കും. അതിന് മുന്‍പായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല, മുന്നണി കണ്‍വീനര്‍ അടൂര്‍ പ്രകാശ് എന്നിവര്‍ ഹൈക്കമാന്‍ഡുമായി വീണ്ടും കൂടിക്കാഴ്ച നടത്തിയേക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.