പ്രാർത്ഥനാ നിർഭരമായി കഫഞ്ചൻ രൂപത; ഫാ. നഥാനിയേലും 10 വിശ്വാസികളും തടവിലായിട്ട് മൂന്ന് മാസം

പ്രാർത്ഥനാ നിർഭരമായി കഫഞ്ചൻ രൂപത; ഫാ. നഥാനിയേലും 10 വിശ്വാസികളും തടവിലായിട്ട് മൂന്ന് മാസം

അബൂജ: നൈജീരിയയിലെ കഠുന സംസ്ഥാനത്ത് സായുധധാരികൾ തട്ടിക്കൊണ്ടുപോയ കത്തോലിക്കാ വൈദികൻ ഫാ. നഥാനിയേൽ അസുകവേയുടെയും പത്ത് ഇടവകാംഗങ്ങളുടെയും മോചനത്തിനായി ലോകമെമ്പാടുമുള്ള വിശ്വാസികളുടെ പ്രാർത്ഥന തേടി കഫഞ്ചൻ ബിഷപ്പ് ജൂലിയസ് യാകുബു. 2026 ഫെബ്രുവരി ഏഴിന് തട്ടിക്കൊണ്ടുപോയ ഇവർ മൂന്ന് മാസമായി അജ്ഞാത കേന്ദ്രത്തിൽ തടവിലാക്കപ്പെട്ടിരിക്കുകയാണ്.

പരിശുദ്ധ കന്യകാമറിയത്തിന് സമർപ്പിക്കപ്പെട്ട മെയ് മാസത്തിലെ സന്ദേശത്തിലാണ് ബിഷപ്പ് ഈ വൈകാരികമായ അഭ്യർത്ഥന നടത്തിയത്. ഫാ. അസുകവേ രൂപതയിലെ മരിയൻ സൊസൈറ്റിയുടെ ചാപ്ലെയിൻ കൂടിയാണ്. സാധാരണയായി മെയ്, ഒക്ടോബർ മാസങ്ങളിലെ ഭക്തിസാന്ദ്രമായ ശുശ്രൂഷകൾക്ക് നേതൃത്വം നൽകിയിരുന്ന ഇടയൻ ഇന്ന് തടവറയിലാണെന്നത് വിശ്വാസികളെ ഏറെ ദുഖത്തിലാഴ്ത്തുന്നു.

തട്ടിക്കൊണ്ടുപോയവരുടെ മോചനത്തിന് പുറമെ ഈ ക്രൂരകൃത്യം ചെയ്തവരുടെ 'മതപരിവർത്തനത്തിനും മാനസാന്തരത്തിനും' വേണ്ടി പ്രാർത്ഥിക്കണമെന്ന ബിഷപ്പിന്റെ ആഹ്വാനം ക്രൈസ്തവമായ ക്ഷമയുടെയും സ്നേഹത്തിന്റെയും വലിയ ഉദാഹരണമായി മാറുകയാണ്.

കഠുന സംസ്ഥാനത്തെ കൗര തദ്ദേശ സ്വയംഭരണ പ്രദേശമായ കാർക്കുവിലെ ഹോളി ട്രിനിറ്റി ഇടവക വികാരിയാണ് ഫാ. നഥാനിയേൽ അസുകവേ. 2026 ഫെബ്രുവരി ഏഴിന് പുലർച്ചെയാണ് ആയുധധാരികളായ അക്രമികൾ ഇടവകയിൽ അതിക്രമിച്ചു കയറി വൈദികനെയും വിശ്വാസികളെയും പിടിച്ചുകൊണ്ടുപോയത്. ഇവരെ നിരുപാധികമായി വിട്ടയക്കണമെന്ന് ബിഷപ്പ് ആവശ്യപ്പെട്ടു.

നൈജീരിയയിൽ ക്രൈസ്തവ വൈദികരും വിശ്വാസികളും നിരന്തരം തട്ടിക്കൊണ്ടുപോകലിനും ആക്രമണങ്ങൾക്കും ഇരയാകുന്നത് ആഗോളതലത്തിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. ഫാ. നഥാനിയേലിന്റെയും സംഘത്തിന്റെയും സുരക്ഷയ്ക്കായി രൂപതയിലെ എല്ലാ പള്ളികളിലും പ്രത്യേക പ്രാർത്ഥനകൾക്കും ജപമാല അർപ്പണത്തിനും ബിഷപ്പ് നിർദേശം നൽകിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.