ചെന്നൈ: തമിഴ് രാഷ്ട്രീയത്തിലെ അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ സി. ജോസഫ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റു. ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ ആർ.വി. ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു.
സൂപ്പർ താരത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന് സാക്ഷ്യം വഹിക്കാൻ വലിയൊരു നിര തന്നെ എത്തിയിരുന്നു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. പ്രശസ്ത നടി തൃഷ അടക്കമുള്ള സിനിമാ രംഗത്തെ പ്രമുഖരും സത്യപ്രതിജ്ഞാ ചടങ്ങിനെത്തി.
തിരഞ്ഞെടുപ്പ് ഫലം വന്ന് അഞ്ച് ദിവസം നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് ടിവികെക്ക് സർക്കാർ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷം ലഭിച്ചത്. സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ടിവികെ കേവല ഭൂരിപക്ഷം ഉറപ്പാക്കിയതിന് പിന്നാലെ ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കുകയായിരുന്നു.
234 അംഗ നിയമസഭയിൽ 118 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്. 108 സീറ്റുകൾ സ്വന്തമായുള്ള ടിവികെ, വിവിധ കക്ഷികളുടെ പിന്തുണയോടെ ഭൂരിപക്ഷം 120 ആയി ഉയർത്തി. മത്സരിച്ച രണ്ട് സീറ്റുകളിലും വിജയ് ജയിച്ചു കയറി. മുൻപ് ഡിഎംകെ മുന്നണിയിലുണ്ടായിരുന്ന കോൺഗ്രസ് (5), സിപിഎം (2), സിപിഐ (2), വിസികെ (2), മുസ്ലീം ലീഗ് (2) എന്നീ പാർട്ടികൾ ടിവികെക്ക് പിന്തുണ പ്രഖ്യാപിച്ചു.
ദ്രാവിഡ രാഷ്ട്രീയത്തിന് പുതിയൊരു ബദൽ അവതരിപ്പിച്ചുകൊണ്ട് ഭരണത്തിലേറുന്ന വിജയിയുടെ ഓരോ നീക്കവും അതീവ താല്പര്യത്തോടെയാണ് രാജ്യം വീക്ഷിക്കുന്നത്. അടുത്ത അഞ്ച് വർഷം തമിഴ്നാടിന്റെ വികസനക്കുതിപ്പിന് നേതൃത്വം നൽകുമെന്ന് അധികാരമേറ്റ ശേഷം അദേഹം വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.