ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ തമിഴ്‌നാടിന്റെ സംസ്ഥാന ഗീതമായ 'തമിഴ് തായ് വാഴ്ത്തി'നെ അവഗണിച്ചെന്ന് ആരോപണം.
ചടങ്ങ് തുടങ്ങിയപ്പോഴും അവസാനിച്ചപ്പോഴും വന്ദേമാതരം പൂര്‍ണ രൂപത്തില്‍ ആലപിച്ചപ്പോള്‍ തമിഴ് തായ് വാഴ്ത്തിന് അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന് ഡിഎംകെയും സിപിഐയും ആരോപിച്ചു. ചടങ്ങില്‍ ദേശീയ ഗാനത്തിന് മുന്നേയാണ് വന്ദേമാതരം ആലപിച്ചത്.
തമിഴ്‌നാട്ടില്‍ ആദ്യമായാണ് ഒരു സത്യപ്രതിജ്ഞാ ചടങ്ങില്‍ തമിഴ് തായ് വാഴ്ത്തിനെ തഴഞ്ഞ് വന്ദേമാതരത്തിന് ഇത്രയേറെ പ്രാധാന്യം നല്‍കുന്നതെന്ന് ഇരുപാര്‍ട്ടികളും ചൂണ്ടിക്കാട്ടി. ഇതാണോ വിജയ് തമിഴ്‌നാട്ടില്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന മാറ്റമെന്ന് ഡിഎംകെ പരിഹസിച്ചു. നടപടി ബിജെപിയെ സന്തോഷിപ്പിക്കാനാണെന്നും അവര്‍വിമര്‍ശിച്ചു.
വന്ദേമാതരം സംഘപരിവാര്‍ അജണ്ടയുടെ ഭാഗമായി ഉപയോഗിക്കുകയാണെന്ന നിലപാടാണ് ഡിഎംകെയും സിപിഐയ്ക്കും ഉള്ളത്. തമിഴ് ജനതയെ സംബന്ധിച്ചിടത്തോളം ഓരോ ചടങ്ങിലും ദേശീയ ഗാനത്തിന് തുല്യമായ പ്രാധാന്യമാണ് തമിഴ് തായ് വാഴ്ത്തിന് നല്‍കുന്നത്.
തമിഴ് സ്വത്വവുമായി ഇത്രയേറെ ഇഴചേര്‍ന്നു നില്‍ക്കുന്ന ഗാനത്തോട് കാട്ടിയ അവഗണനയില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി എം. വീരപാണ്ഡ്യന്‍ ആവശ്യപ്പെട്ടിട്ടു.
ദേശീയ ഗാനത്തിന് മുന്‍പായി വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും ആലപിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജനുവരി 28 ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 1950 ല്‍ ഭരണഘടനാ അസംബ്ലി അംഗീകരിച്ച രണ്ട് ഖണ്ഡികകള്‍ മാത്രം ആലപിക്കുന്ന രീതിക്ക് പകരമാണിത്. ഇത് സത്യപ്രതിജ്ഞാ ചടങ്ങില്‍ വിജയ് സര്‍ക്കാര്‍ പൂര്‍ണമായും നടപ്പിലാക്കുകയായിരുന്നു.
വിജയ് സര്‍ക്കാരിന് പിന്തുണ നല്‍കുന്ന കോണ്‍ഗ്രസ്, വിസികെ, സിപിഐ അടക്കമുള്ള ഇടതുപക്ഷ പാര്‍ട്ടികള്‍ എന്നിവരടങ്ങുന്ന സഖ്യത്തിനിടയില്‍ ഈ വിവാദം വരും ദിവസങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.