ഉക്രെയ്നിൽ റഷ്യൻ ആക്രമണം തുടരുന്നു; 24 മണിക്കൂറിനിടെ മൂന്ന് മരണം; ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനം പാളിയോ?

ഉക്രെയ്നിൽ റഷ്യൻ ആക്രമണം തുടരുന്നു; 24 മണിക്കൂറിനിടെ മൂന്ന് മരണം; ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനം പാളിയോ?

കീവ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ പ്രഖ്യാപിച്ച മൂന്ന് ദിവസത്തെ താൽകാലിക വെടിനിർത്തൽ ലംഘിച്ച് ഉക്രെയ്നിൽ റഷ്യയുടെ രൂക്ഷമായ ആക്രമണം. വെടിനിർത്തൽ പ്രാബല്യത്തിൽ വന്ന് 24 മണിക്കൂർ തികയും മുൻപ് ഉണ്ടായ വിവിധ ആക്രമണങ്ങളിൽ മൂന്ന് സാധാരണക്കാർ കൊല്ലപ്പെട്ടു. സപ്പോറീഷ്യ, ഡിനിപ്രോപെട്രോവ്സ്ക്, ഖേഴ്സൺ എന്നീ പ്രവിശ്യകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്.

രണ്ടാം ലോകമഹായുദ്ധ വിജയത്തിന്റെ സ്മരണ പുതുക്കുന്ന 'വിക്ടറി ഡേ' പശ്ചാത്തലത്തിൽ മെയ് ഒമ്പതിനാണ് വെടിനിർത്തൽ ആരംഭിച്ചത്. എന്നാൽ ഇത് അവഗണിച്ചാണ് റഷ്യ ആക്രമണം തുടരുന്നത്. നെസ്ലാംനെ ഗ്രാമത്തിൽ റോഡിലൂടെ നടന്നുപോവുകയായിരുന്ന 58 വയസുകാരി റഷ്യൻ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇവിടെ ഒരു കുട്ടിയുൾപ്പെടെ ഏഴ് പേർക്ക് പരിക്കേറ്റു.

സപ്പോറീഷ്യയിലെ ആർട്ടിലറി ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഡിനിപ്രോപെട്രോവ്സ്ക് മേഖലയിലുണ്ടായ ആക്രമണത്തിൽ 46 വയസുള്ള സ്ത്രീ കൊല്ലപ്പെട്ടു.

അതേസമയം റഷ്യ തൊടുത്തുവിട്ട 27 ദീർഘദൂര ഡ്രോണുകളെ പ്രതിരോധിക്കാൻ കഴിഞ്ഞതായി ഉക്രെയ്ൻ വ്യോമസേന അവകാശപ്പെട്ടു. വെടിനിർത്തൽ കരാർ ആദ്യം ലംഘിച്ചത് ഉക്രെയ്നാണെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം ആരോപിച്ചു.

ബെൽഗൊറോഡ്, കുർസ്ക്, ക്രിമിയ തുടങ്ങിയ റഷ്യൻ സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഉക്രെയ്ൻ ആയിരത്തിലധികം തവണ വെടിനിർത്തൽ ലംഘിച്ചുവെന്നും ഇതിന് തക്കതായ മറുപടിയാണ് നൽകിയതെന്നും മോസ്കോ അവകാശപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.