മുഖ്യമന്ത്രി ചർച്ചകൾ ക്ലൈമാക്സിലേക്ക്; നാല് മുൻ കെപിസിസി അധ്യക്ഷന്മാരെ ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചു

മുഖ്യമന്ത്രി ചർച്ചകൾ ക്ലൈമാക്സിലേക്ക്; നാല് മുൻ കെപിസിസി അധ്യക്ഷന്മാരെ ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചു

ന്യൂഡൽഹി: കേരളത്തിന്റെ മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് നീക്കങ്ങൾ ഊർജിതമാക്കി. കെ. മുരളീധരൻ, കെ. സുധാകരൻ, എം. എം ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നീ നാല് മുൻ കെപിസിസി പ്രസിഡന്റുമാരോട് അടിയന്തരമായി നാളെ ഡൽഹിയിലെത്താൻ നേതൃത്വം നിർദേശിച്ചു. സമവായം അപ്രാപ്യമായി തുടരുന്ന സാഹചര്യത്തിൽ മുതിർന്ന നേതാക്കളുടെ കൂടി അഭിപ്രായം തേടിയ ശേഷം പ്രഖ്യാപനം നടത്താനാണ് നീക്കം.

തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച പിന്നിട്ടിട്ടും കെ. സി വേണുഗോപാൽ, വി. ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർക്കിടയിൽ സമവായമുണ്ടാക്കാൻ ഹൈക്കമാൻഡിന് കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി ചെന്നൈയിലേക്കും മല്ലികാർജുൻ ഖാർഗെ കർണാടകയിലേക്കും പോയതോടെ ചർച്ചകൾ താൽക്കാലികമായി നിലച്ചിരുന്നു. ഇരുവരും ഡൽഹിയിൽ തിരിച്ചെത്തിയ ശേഷം നാളെ മുൻ അധ്യക്ഷന്മാരുമായി നടത്തുന്ന കൂടിക്കാഴ്ച നിർണായകമാകും.

അന്തിമ പ്രഖ്യാപനം നീണ്ടുപോകുന്നത് അനുകൂലമാക്കാനുള്ള ശ്രമത്തിലാണ് കെ. സി വേണുഗോപാൽ പക്ഷം. വി. ഡി സതീശനെ പിന്തുണയ്ക്കുന്ന മുസ്ലിം ലീഗിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ ഇവർ സജീവമാക്കിയിട്ടുണ്ട്. ഘടകകക്ഷികളുടെ അഭിപ്രായം ഹൈക്കമാൻഡ് തേടുമ്പോൾ അത് തനിക്ക് അനുകൂലമാക്കാനാണ് കെ. സി വേണുഗോപാലിന്റെ ശ്രമം.

മുഖ്യമന്ത്രി സ്ഥാനത്തിനായി വി ഡി സതീശനും രമേശ് ചെന്നിത്തലയും അവകാശവാദം ശക്തമായി ഉന്നയിക്കുന്നുണ്ട്. ഗ്രൂപ്പ് സമവാക്യങ്ങളും സാമുദായിക പരിഗണനകളും ചർച്ചകളിൽ പ്രധാനമാകുമ്പോൾ ഹൈക്കമാൻഡ് ആരെ കൈപിടിച്ചുയർത്തുമെന്നത് സംബന്ധിച്ച് ഡൽഹിയിൽ ഇപ്പോഴും വ്യക്തമായ സൂചനകളില്ല.

മുൻ കെപിസിസി അധ്യക്ഷന്മാരുടെ സാന്നിധ്യത്തിൽ നാളെ നടക്കുന്ന ചർച്ചയോടെ കേരളത്തിന്റെ മുഖ്യമന്ത്രി ഭരണ സിരാകേന്ദ്രത്തിലേക്ക് ചുവടുവെക്കുന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.