അധികാരി അധികാരം തുടങ്ങി: ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വേലി നിര്‍മാണത്തിനുള്ള പൂര്‍ണ ചുമതല ബിഎസ്എഫിന്; 45 ദിവസത്തിനകം ഭൂമി കൈമാറും

അധികാരി അധികാരം തുടങ്ങി: ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വേലി നിര്‍മാണത്തിനുള്ള പൂര്‍ണ ചുമതല ബിഎസ്എഫിന്; 45 ദിവസത്തിനകം ഭൂമി കൈമാറും

കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി വിജയത്തിന് പിന്നാലെ നിര്‍ണായക തീരുമാനങ്ങളുമായി മുഖ്യമന്ത്രി സുവേന്ദു അധികാരി. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വേലി നിര്‍മിക്കുന്നതിനായി അതിര്‍ത്തി രക്ഷാസേനയ്ക്ക് ആവശ്യമായ ഭൂമി 45 ദിവസത്തിനകം വിട്ടുനല്‍കുമെന്ന് അദേഹം പ്രഖ്യാപിച്ചു. ബിജെപിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു നുഴഞ്ഞുകയറ്റം തടയുക എന്നത്.

ആദ്യ മന്ത്രിസഭാ യോഗത്തിലാണ് അതിര്‍ത്തി വേലി നിര്‍മാണത്തിനുള്ള ഭൂമി ബിഎസ്എഫിന് കൈമാറാന്‍ തീരുമാനിച്ചത്. ഭൂമി കൈമാറ്റ നടപടികള്‍ തിങ്കളാഴ്ച തന്നെ ആരംഭിച്ചു. 45 ദിവസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാക്കും. ഇതോടെ നുഴഞ്ഞുകയറ്റ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്നും സുവേന്ദു അധികാരി പറഞ്ഞു. ബംഗ്ലാദേശുമായുള്ള 4097 കിലോമീറ്റര്‍ അതിര്‍ത്തിയില്‍ അവശേഷിക്കുന്ന വേലി നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം.

ആയുഷ്മാന്‍ ഭാരത് ഉള്‍പ്പെടെ പശ്ചിമ ബംഗാളില്‍ നടപ്പിലാക്കാത്ത എല്ലാ കേന്ദ്ര പദ്ധതികള്‍ക്കും മന്ത്രിസഭ അംഗീകാരം നല്‍കി. പ്രധാനമന്ത്രി ഉജ്ജ്വല യോഗ പ്രകാരമുള്ള പെന്‍ഡിങ് അപേക്ഷകള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ തീര്‍പ്പാക്കും. സംസ്ഥാനത്ത് ഭാരതീയ ന്യായ സംഹിത തിങ്കളാഴ്ച മുതല്‍ നടപ്പിലാക്കി. 2025 ജൂണിലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സര്‍ക്കുലര്‍ പ്രകാരം സെന്‍സസ് നടപടികള്‍ ഉടന്‍ ആരംഭിക്കാനും മന്ത്രിസഭാ യോഗം നിര്‍ദേശം നല്‍കി.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അതിര്‍ത്തി വേലി നിര്‍മാണം ബോധപൂര്‍വം വൈകിപ്പിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.