'വി.ഡി സതീശന് അഭിനന്ദനം; സര്‍ക്കാരിന് വേണ്ട എല്ലാ പിന്തുണയും നല്‍കും': പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നുവെന്ന് കെ.സി വേണുഗോപാല്‍

'വി.ഡി സതീശന് അഭിനന്ദനം; സര്‍ക്കാരിന് വേണ്ട എല്ലാ പിന്തുണയും നല്‍കും': പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നുവെന്ന് കെ.സി വേണുഗോപാല്‍

ന്യൂഡല്‍ഹി: കേരളത്തിന്റെ മുഖ്യമന്ത്രിയെ നിശ്ചയിച്ച ഹൈക്കമാന്‍ഡിന്റെ തീരുമാനം പൂര്‍ണമായും അംഗീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളില്‍ ഒരാളും എഐസിസി ജനറല്‍ സെക്രട്ടറിയുമായ കെ.സി വേണുഗോപാല്‍.

പല ഘടകങ്ങള്‍ പരിഗണിച്ചശേഷമായിരിക്കും ഹൈക്കമാന്‍ഡ് തീരുമാനമെടുത്തിട്ടുണ്ടാവുക. താന്‍ തികഞ്ഞൊരു കോണ്‍ഗ്രസുകാരനാണെന്ന് പറഞ്ഞ അദേഹം വി.ഡി സതീശനെ അഭിനന്ദിക്കുകയും ചെയ്തു.

'വി ഡി സതീശനെ മുഖ്യമന്ത്രിയായി തീരുമാനിച്ച ഹൈക്കമാന്‍ഡ് നിലപാടിനെ സന്തോഷപൂര്‍വം സ്വാഗതം ചെയ്യുന്നു. കേരളത്തിലെ ജനങ്ങള്‍ വലിയ പ്രതീക്ഷയോടെയാണ് വന്‍ ഭൂരിപക്ഷം നല്‍കി കോണ്‍ഗ്രസിനെ വിജയിപ്പിച്ചത്.

ജനങ്ങളുടെ പ്രതീക്ഷകള്‍ക്കനുസരിച്ചുള്ള സര്‍ക്കാരാവും കേരളത്തിലുണ്ടാവുക. യുഡിഎഫ് സര്‍ക്കാരിനും മുഖ്യമന്ത്രിക്കും മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. വി.ഡി സതീശനെ ഹൃദയത്തില്‍ നിന്ന് ഞാന്‍ അഭിനന്ദിക്കുന്നു.

എംഎല്‍എമാരുടെ പിന്തുണ ഉണ്ടായിരുന്നെങ്കിലും ഹൈക്കമാന്‍ഡ് തീരുമാനം എന്തായാലും അത് ശിരസാവഹിക്കുമെന്ന് ഞാന്‍ നേരത്തേ പറഞ്ഞിരുന്നു. ഞാനെന്നും അടിയുറച്ച കോണ്‍ഗ്രസുകാരനായിരിക്കും. ത്രിവര്‍ണപതാക പുതച്ച് മരിക്കണമെന്നാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. പാര്‍ട്ടിയാണ് എനിക്കെല്ലാം. ഇതിന്റെ പേരില്‍ സൈബര്‍ ഇടങ്ങളില്‍ ആക്രമണമുണ്ടായാല്‍ ഞാനത് സഹിച്ചോളാം' - കെ.സി വേണുഗോപാല്‍ പറഞ്ഞു.

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ പരിഗണിക്കാനുള്ള ചര്‍ച്ചകളില്‍ ശക്തമായി ഉയര്‍ന്നുകേട്ട പേരായിരുന്നു കെ.സി വേണുഗോപാലിന്റേത്. എംഎല്‍എമാരില്‍ ഭൂരിഭാഗവും പിന്തുണച്ചത് കെ.സിയെയാണ്. എന്നാല്‍ ജനവികാരം പരിഗണിച്ച് ഹൈക്കമാന്‍ഡ് വി.ഡി സതീശനെ മുഖ്യമന്ത്രിയായി തീരുമാനിക്കുകയായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.