'പൊതു പ്രവര്‍ത്തനത്തിന്റെയും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെയും നിര്‍വ്വചനം മാറ്റി എഴുതും': നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്‍

'പൊതു പ്രവര്‍ത്തനത്തിന്റെയും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെയും നിര്‍വ്വചനം മാറ്റി എഴുതും': നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്‍

തിരുവനന്തപുരം: പൊതു പ്രവര്‍ത്തനത്തിന്റെയും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെയും നിര്‍വ്വചനം മാറ്റി എഴുതുമെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്‍. പുതുയുഗ സൃഷ്ടിക്കായി കഠിനാധ്വാനം ചെയ്യുമെന്നും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ ആദ്യ പ്രതികരണത്തില്‍ അദേഹം വ്യക്തമാക്കി.

വിജയത്തില്‍ ടീം യുഡിഎഫിന് വി.ഡി സതീശന്‍ നന്ദി പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയും ജനങ്ങളും ഏല്‍പ്പിച്ച വലിയ ഉത്തരവാദിത്തമാണിത്. മുഖ്യമന്ത്രി പദം ഒരു ദൈവ നിയോഗമായിട്ട് കാണുന്നു. എന്നെ ഞാനാക്കിയത് ടീം യുഡിഎഫാണ്. ജനങ്ങളോട് പറഞ്ഞതെല്ലാം ഒന്നൊന്നായി നടത്തും.

ഒരാള്‍ക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ല. കേരളത്തെ രക്ഷിക്കാനുള്ള ടീം കെട്ടിപ്പടുക്കണം. മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയതില്‍ നാണക്കേടൊന്നുമില്ല. ഇത് സ്വാഭാവികമായി എടുത്ത സമയമാണ്. നേതൃത്വത്തിന് ഒരുപാട് കാര്യങ്ങള്‍ നോക്കാനുണ്ട്.

എല്ലാവരുമായി ആശയ വിനിമയം നടത്തിയ ശേഷമാണ് തീരുമാനമെടുത്തത്. കോണ്‍ഗ്രസ് കഴിവുള്ള ഒരുപാടുപേരുടെ പാര്‍ട്ടിയാണ്. ഘടക കക്ഷികളെയും നേതാക്കളെയും കണ്ടതിനുശേഷം സത്യപ്രതിജ്ഞ തീരുമാനിക്കുമെന്നും നിയുക്ത മുഖ്യമന്ത്രി പറഞ്ഞു.

എഐസിസിസി നേതൃത്വത്തിനും കെ.സി വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കും നന്ദി പറഞ്ഞ അദേഹം, ചെന്നിത്തലയും കെസിയും തനിക്ക് ഏറെ പ്രിയങ്കരരായ നേതാക്കളാണെന്നും കൂട്ടിച്ചേര്‍ത്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.