മന്ത്രിസഭാ രൂപീകരണം: യുഡിഎഫിൽ ഉഭയകക്ഷി ചർച്ചകൾ ഇന്ന് മുതൽ; ക്യാബിനറ്റിൽ പിടിമുറുക്കാൻ കെ.സി വിഭാഗം

മന്ത്രിസഭാ രൂപീകരണം: യുഡിഎഫിൽ ഉഭയകക്ഷി ചർച്ചകൾ ഇന്ന് മുതൽ; ക്യാബിനറ്റിൽ പിടിമുറുക്കാൻ കെ.സി വിഭാഗം

തിരുവനന്തപുരം: വി. ഡി സതീശനെ മുഖ്യമന്ത്രിയായി നിശ്ചയിച്ചതിന് പിന്നാലെ പുതിയ യുഡിഎഫ് മന്ത്രിസഭയുടെ രൂപീകരണത്തിനായുള്ള ഔദ്യോഗിക ചർച്ചകൾക്ക് ഇന്ന് തലസ്ഥാനത്ത് തുടക്കമാകും. വകുപ്പ് വിഭജനത്തിലും മന്ത്രിസ്ഥാനങ്ങളുടെ എണ്ണത്തിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടിലാണ് ഘടകകക്ഷികൾ.

മുഖ്യമന്ത്രി പദത്തിന് പുറമെ 11 മന്ത്രിസ്ഥാനങ്ങളും സ്പീക്കർ പദവിയുമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിൽ അതൃപ്തിയുള്ള രമേശ് ചെന്നിത്തലയെ പ്രധാനപ്പെട്ട വകുപ്പ് നൽകി മന്ത്രിസഭയിലേക്ക് കൊണ്ടുവരാനുള്ള അനുനയ നീക്കങ്ങൾ സജീവമാണ്.

അതേസമയം കെ. സി വേണുഗോപാൽ പക്ഷം മന്ത്രിസഭയിൽ പരമാവധി പ്രാധാന്യം ഉറപ്പാക്കാൻ ശക്തമായ സമ്മർദം ചെലുത്തുന്നുണ്ട്. ചർച്ചകൾക്കായി കേരളത്തിലെത്താൻ കെ. സി വേണുഗോപാലിനോട് നിയുക്ത മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയും ചർച്ചകളിൽ പങ്കെടുക്കും.

അഞ്ച് മന്ത്രിസ്ഥാനങ്ങൾ വേണമെന്ന ആവശ്യത്തിൽ മുസ്ലിം ലീഗ് ഉറച്ചുനിൽക്കുന്നു. പി. കെ കുഞ്ഞാലിക്കുട്ടി മന്ത്രിസഭയിലെത്തുമെന്ന് ഉറപ്പായിട്ടുണ്ട്. കെ. എം ഷാജി, പി. കെ ബഷീർ, എൻ. ഷംസുദ്ദീൻ (പാലക്കാട് പ്രതിനിധി) എന്നിവർക്കാണ് മുൻഗണന. അഞ്ചാം സ്ഥാനം ലഭിച്ചാൽ എ.കെ.എം അഷ്റഫ് (കാസർകോട്), പാറക്കൽ അബ്ദുള്ള അല്ലെങ്കിൽ റസാഖ് മാസ്റ്റർ (കോഴിക്കോട്) എന്നിവരെ പരിഗണിക്കും.

രണ്ട് മന്ത്രിസ്ഥാനങ്ങളാണ് കേരള കോൺഗ്രസിന്റെ ആവശ്യം. അനൂപ് ജേക്കബ് (കേരള കോൺഗ്രസ് ജേക്കബ്), സി.പി. ജോൺ (സിഎംപി) എന്നിവരും മന്ത്രിസഭയിൽ ഇടംപിടിച്ചേക്കും.

അഞ്ച് എംഎൽഎമാർക്ക് ഒരു മന്ത്രി എന്ന ഫോർമുലയാണ് കോൺഗ്രസ് മുന്നോട്ടുവെച്ചിരിക്കുന്നത്. എന്നാൽ സീറ്റ് വിഭജനത്തിൽ ചെറിയ കക്ഷികളെ എങ്ങനെ തൃപ്തിപ്പെടുത്തും എന്നതിലാണ് മുന്നണി നേതൃത്വത്തിന്റെ ആശങ്ക. വരും ദിവസങ്ങളിൽ നടക്കുന്ന ഉഭയകക്ഷി ചർച്ചകൾ മന്ത്രിസഭയുടെ അന്തിമരൂപം തീരുമാനിക്കുന്നതിൽ നിർണായകമാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.