വി.ഡി സതീശന് കൊച്ചിയിൽ ആവേശോജ്വല സ്വീകരണം; ചർച്ചകൾക്കായി കെ.സി വേണുഗോപാൽ തിരുവനന്തപുരത്തെത്തി

വി.ഡി സതീശന് കൊച്ചിയിൽ ആവേശോജ്വല സ്വീകരണം; ചർച്ചകൾക്കായി കെ.സി വേണുഗോപാൽ തിരുവനന്തപുരത്തെത്തി

കൊച്ചി: കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി സതീശന് കൊച്ചിയിൽ വൻ സ്വീകരണം. നിയുക്ത മുഖ്യമന്ത്രിയായി ചുമതലയേൽക്കാനിരിക്കെ ആദ്യമായി കൊച്ചിയിലെത്തിയ സതീശനെ നെടുമ്പാശേരി വിമാനത്താവളത്തിൽ നൂറുകണക്കിന് കോൺഗ്രസ്-യുഡിഎഫ് പ്രവർത്തകർ മുദ്രാവാക്യങ്ങളോടെ എതിരേറ്റു. നിയുക്ത എംഎൽഎമാരും മുതിർന്ന നേതാക്കളും അദേഹത്തെ സ്വീകരിക്കാൻ എത്തിയിരുന്നു.

വിമാനത്താവളത്തിൽ നിന്ന് നേരെ മുതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവിയുടെ വസതിയിലെത്തി സതീശൻ അനുഗ്രഹം തേടി. നിയുക്ത എംഎൽഎ ഉമാ തോമസ് ഉൾപ്പെടെയുള്ള നേതാക്കൾ അദേഹത്തോടൊപ്പമുണ്ടായിരുന്നു. നാളെ രാവിലെ തിരുവനന്തപുരത്തേക്ക് മടങ്ങും.

അതേസമയം പുതിയ മന്ത്രിസഭാ രൂപീകരണ ചർച്ചകൾക്കായി എഐസിസി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ തിരുവനന്തപുരത്തെത്തി. സണ്ണി ജോസഫ്, മാത്യു കുഴൽനാടൻ, പി.സി. വിഷ്ണുനാഥ് തുടങ്ങി വലിയൊരു സംഘം നേതാക്കൾ അദേഹത്തെ സ്വീകരിച്ചു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കാത്തതിൽ പ്രവർത്തകർക്കുള്ള അതൃപ്തിയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് പാർട്ടിയുടെ അന്തിമ തീരുമാനം അംഗീകരിക്കുക എന്നത് ഓരോ പ്രവർത്തകന്റെയും ഉത്തരവാദിത്തമാണെന്നും അത് താൻ ശിരസാവഹിക്കുന്നുവെന്നും മറുപടി നൽകി.

"കോൺഗ്രസ് ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനങ്ങൾ അംഗീകരിക്കുന്ന അച്ചടക്കമുള്ള നേതാക്കളാണ് കേരളത്തിലുള്ളത്. അർഹതയും മാനദണ്ഡങ്ങളും മുൻനിർത്തി ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്ന മികച്ച മന്ത്രിസഭയുണ്ടാകും," വേണുഗോപാൽ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.