മന്ത്രിമാരുടെ പട്ടിക ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഗവര്‍ണര്‍ക്ക് കൈമാറും; ചര്‍ച്ച തുടരുമെന്ന് ദീപദാസ് മുന്‍ഷി

മന്ത്രിമാരുടെ പട്ടിക ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഗവര്‍ണര്‍ക്ക് കൈമാറും; ചര്‍ച്ച തുടരുമെന്ന് ദീപദാസ് മുന്‍ഷി

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട അന്തിമ ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലേക്ക്. മന്ത്രിമാരുടെ പൂര്‍ണമായ പട്ടിക ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഗവര്‍ണര്‍ക്ക് കൈമാറും. വിവിധ ഘടക കക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ ഇപ്പോഴും പുരോഗമിക്കുകയാണെന്നും ഞായറാഴ്ച രാവിലെയും ചര്‍ച്ചകള്‍ തുടരുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി അറിയിച്ചു.

തിങ്കളാഴ്ചയാണ് പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക.

പുതിയ മന്ത്രിസഭയില്‍ സുപ്രധാന വകുപ്പുകളുടെ കാര്യത്തില്‍ ഏകദേശ ധാരണയായിട്ടുണ്ട്. മുഖ്യമന്ത്രി വി.ഡി സതീശന്‍ തന്നെ ധനകാര്യ വകുപ്പും കൈകാര്യം ചെയ്യും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് നല്‍കാന്‍ ധാരണയായതോടെയാണ് ഏറ്റവും നിര്‍ണായകമായ ധനവകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യാന്‍ തീരുമാനിച്ചത്.

സതീശന്‍ മന്ത്രിസഭയില്‍ കോണ്‍ഗ്രസില്‍ നിന്ന് മന്ത്രിസ്ഥാനം ഉറപ്പിച്ച എട്ട് നേതാക്കളുടെ പട്ടിക പുറത്ത് വന്നിട്ടുണ്ട്. കെപിസിസി അധ്യക്ഷന്‍ കൂടിയായ സണ്ണി ജോസഫിന് വളരെ പ്രാധാന്യമുള്ള വകുപ്പ് നല്‍കാനാണ് സാധ്യത. കെ. മുരളീധരന്‍, എ.പി അനില്‍കുമാര്‍, പി.സി വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എം. ലിജു, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ചാണ്ടി ഉമ്മന്‍ തുടങ്ങിയ പേരുകളാണ് പുറത്ത് വന്നത്. കോണ്‍ഗ്രസ് പട്ടികയില്‍ ഇനിയും ചില പേരുകള്‍ കൂടി ഉള്‍പ്പെടാനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഘടക കക്ഷികളുമായുള്ള ചര്‍ച്ചകള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ ഞായറാഴ്ച ഉച്ചയോടെ പൂര്‍ണമായ ചിത്രം വ്യക്തമാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.