വീണ്ടും എബോള; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

വീണ്ടും എബോള; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

ജനീവ: ആഫ്രിക്കന്‍ രാജ്യങ്ങളായ കോംഗോയിലും ഉഗാണ്ടയിലും എബോള രോഗബാധ പടരുന്നതിന്റെ പശ്ചാത്തലത്തില്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന.

ബണ്ടിബ്യൂഗോ എന്ന ഈ പ്രത്യേക വൈറസിനെ പ്രതിരോധിക്കാന്‍ നിലവില്‍ അംഗീകൃത മരുന്നുകളോ ഫലപ്രദമായ വാക്‌സിനുകളോ ലഭ്യമല്ലെങ്കിലും വൈറസ് മൂലമുണ്ടാകുന്ന രോഗബാധ മഹാമാരിയല്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

ശനിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം കോംഗോയിലെ ഇട്ടൂരി പ്രവിശ്യയിലെ ബൂനിയ, റാംപര, മോങ്ബവാലു മേഖലകളില്‍ സംശയാസ്പദമായ 80 മരണങ്ങളും 246 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

ഉഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയില്‍ കോംഗോയില്‍ നിന്ന് യാത്ര ചെയ്ത രണ്ട് പേര്‍ക്ക് പരിശോധനയിലൂടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിലൊരാള്‍ മരണപ്പെടുകയും ചെയ്തു. ഇട്ടൂരിയില്‍ നിന്ന് മടങ്ങിയെത്തിയ ഒരാള്‍ക്ക് കോംഗോ തലസ്ഥാനമായ കിന്‍ഷാസയിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

രോഗവ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ സമൂഹവ്യാപനം നടക്കുന്നുണ്ടെന്ന് ആഫ്രിക്ക സിഡിസി മുന്നറിയിപ്പ് നല്‍കി. രോഗവ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സ്‌ക്രീനിങും സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കലും ഊര്‍ജിതമാക്കിയിട്ടുണ്ട്.

കോംഗോയില്‍ 1976 ലാണ് ലോകത്ത് ആദ്യമായി എബോള വൈറസ് കണ്ടെത്തുന്നത്. വവ്വാലുകളില്‍ നിന്ന് പടര്‍ന്നതെന്ന് കരുതപ്പെടുന്ന ഈ മാരക വൈറസിന്റെ പതിനേഴാമത് വ്യാപനമാണ് ഇപ്പോള്‍ രാജ്യത്ത് ഉണ്ടായിരിക്കുന്നത്. രോഗബാധിതരുടെ ശരീര സ്രവങ്ങളുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ പടരുന്ന വൈറസ് ആന്തരിക രക്ത സ്രാവത്തിനും അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമാകുന്നതിനും കാരണമാകുന്നു.

പനി, പേശി വേദന, തലവേദന തുടങ്ങിയവയ്ക്ക് പുറമെ കടുത്ത ഛര്‍ദ്ദിയും രക്ത സ്രാവവുമാണ് ലക്ഷണങ്ങള്‍. ശരാശരി 50 ശതമാനത്തോളം മരണ നിരക്കുള്ള എബോള ബാധിച്ച് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കഴിഞ്ഞ 50 വര്‍ഷത്തിനിടെ 15,000ത്തോളം പേരാണ് മരണമടഞ്ഞത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.