വിശ്വപ്രശസ്തമായ സിസ്റ്റൈൻ ചാപ്പൽ കലാവിസ്മയം ഇനി സിഡ്നിയിലും; അത്യാധുനിക പ്രദർശനം ആർച്ച് ബിഷപ്പ് ആന്റണി ഫിഷർ ഉദ്ഘാടനം ചെയ്തു

വിശ്വപ്രശസ്തമായ സിസ്റ്റൈൻ ചാപ്പൽ കലാവിസ്മയം ഇനി സിഡ്നിയിലും; അത്യാധുനിക പ്രദർശനം ആർച്ച് ബിഷപ്പ് ആന്റണി ഫിഷർ ഉദ്ഘാടനം ചെയ്തു

സിഡ്നി: വത്തിക്കാനിലെ വിശ്വപ്രസിദ്ധമായ സിസ്റ്റൈൻ ചാപ്പൽ കലാവിസ്മയം ഇനി സിഡ്നിയിലും നേരിട്ടു കാണാം. സിഡ്നി സെന്റ് മേരീസ് കത്തീഡ്രലിന്റെ മുൻ ഭാഗത്ത് ഒരുക്കിയിരിക്കുന്ന 'സിസ്റ്റൈൻ ചാപ്പൽ: റെവലേഷൻസ്' എന്ന ബൃഹത്തായ ഇമ്മേഴ്‌സീവ് എക്സിബിഷന്റെ ഔദ്യോഗിക ഉദ്ഘാടനം സിഡ്നി ആർച്ച് ബിഷപ്പ് ആന്റണി ഫിഷർ ഒ.പി നിർവ്വഹിച്ചു.

മെയ് 15 ന് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് ഈ ആഗോള പ്രദർശനം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി ബിഷപ്പ് റിച്ചാർഡ് അംബേഴ്സ് പുതിയ ഇൻസ്റ്റലേഷൻ ആശീർവദിച്ചു. വൈദികരും പ്രമുഖ വ്യക്തികളും ഉൾപ്പെടെ നിരവധിപ്പേർ ചടങ്ങിൽ പങ്കെടുത്തു.

ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് റോമിലേക്ക് പറക്കാതെ തന്നെ വത്തിക്കാന്റെ ഈ അത്ഭുത സൃഷ്ടി അതിന്റെ എല്ലാ സൂക്ഷ്മതയോടും കൂടി സിഡ്നിയിൽ കാണാൻ സാധിക്കുമെന്ന് ഉദ്ഘാടന വേളയിൽ ആർച്ച് ബിഷപ്പ് ആന്റണി ഫിഷർ പറഞ്ഞു.



"വത്തിക്കാൻ മ്യൂസിയത്തിലൂടെ ആയിരക്കണക്കിന് ആളുകൾക്കൊപ്പം തിരക്കിട്ട് കടന്നു പോകുമ്പോൾ സിസ്റ്റൈൻ ചാപ്പലിലെ ചിത്രങ്ങളുടെ സൂക്ഷ്മമായ ഭംഗി ആസ്വദിക്കാൻ നമുക്ക് സാധിക്കാറില്ല. എന്നാൽ ഇവിടെ ഒരുക്കിയിരിക്കുന്ന ഡിജിറ്റൽ സാങ്കേതിക വിദ്യയിലൂടെ ചിത്രങ്ങളുടെ ഓരോ ചെറിയ വിശദാംശങ്ങളും വളരെ അടുത്ത് നിന്ന് ആസ്വദിക്കാൻ സാധിക്കും. ഈ ദൃശ്യവിരുന്ന് നിങ്ങളുടെ മനസ്സിനെ സ്പർശിക്കും."- ആർച്ച് ബിഷപ്പ് പറഞ്ഞു.

വത്തിക്കാൻ മ്യൂസിയത്തിൽ നിന്നുള്ള അതീവ ഉയർന്ന നിലവാരത്തിലുള്ള ചിത്രങ്ങളും അത്യാധുനിക പ്രൊജക്ഷൻ സാങ്കേതിക വിദ്യയും ഉപയോഗിച്ചാണ് സിസ്റ്റൈൻ ചാപ്പലിന്റെ അതേ മാതൃക സിഡ്നിയിൽ പുനർസൃഷ്ടിച്ചിരിക്കുന്നത്. ഇതിനായി കത്തീഡ്രൽ ചത്വരത്തിൽ 10 മീറ്റർ ഉയരമുള്ള ഒരു താൽക്കാലിക തിയേറ്റർ ഘടന തന്നെ നിർമ്മിച്ചിട്ടുണ്ട്. ജൂലൈ 19 വരെയാണ് പ്രദർശനം നീണ്ടുനിൽക്കുക.

സിസ്റ്റൈൻ ചാപ്പലിന്റെ ചരിത്രം, പ്രത്യേകതകൾ, പ്രതീകങ്ങൾ എന്നിവ വിശദീകരിക്കുന്ന ഗാലറിയാണ് ആദ്യഭാഗത്ത് ഒരുക്കിയിരിക്കുന്നത്. അതിനു ശേഷമാണ് വത്തിക്കാന്റെ യഥാർത്ഥ അന്തരീക്ഷം സമ്മാനിക്കുന്ന പ്രധാന ഇമ്മേഴ്‌സീവ് ചേമ്പറിലേക്ക് സന്ദർശകർ പ്രവേശിക്കുക. ലോകപ്രശസ്തമായ വാൻഗോഗ് എക്സിബിഷൻ, ജപ്പാനിലെ ടീംലാബ് അനുഭവങ്ങൾ എന്നിവയോട് കിടപിടിക്കുന്നതാണ് സിഡ്നിയിലെ ഈ പ്രദർശനമെന്ന് സംഘാടകർ അവകാശപ്പെടുന്നു.

സിഡ്നിയുടെ പ്രശസ്തമായ ശീതകാല സാംസ്കാരിക ഉത്സവമായ 'വിവിഡ് സിഡ്നി ആരംഭിക്കാനിരിക്കെ നഗരത്തിലെ പ്രധാന ആകർഷണമായി ഈ വത്തിക്കാൻ എക്സിബിഷൻ മാറുമെന്നാണ് വിലയിരുത്തൽ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.