കനത്ത ഇടിമിന്നല്‍: കോഴിക്കോട് കൂമ്പാറയില്‍ ഒരാള്‍ മരിച്ചു; താമരശേരിയില്‍ നാല് പേര്‍ക്ക് പരിക്ക്

കനത്ത ഇടിമിന്നല്‍: കോഴിക്കോട് കൂമ്പാറയില്‍ ഒരാള്‍ മരിച്ചു; താമരശേരിയില്‍ നാല് പേര്‍ക്ക് പരിക്ക്

കോഴിക്കോട്: കനത്ത മഴയ്ക്കിടെ ഉണ്ടായ ശക്തമായ ഇടിമിന്നലില്‍ കോഴിക്കോട് കൂമ്പാറയില്‍ ഒരാള്‍ മരിച്ചു. കൂമ്പാറ മുണ്ടുമല ഇളംപുള്ളിയില്‍ ജെയ്‌സണ്‍ ആണ് മരണപ്പെട്ടത്. താമരശേരിയുടെ വിവിധ മേഖലകളില്‍ നാല് സ്ത്രീകള്‍ക്ക് മിന്നലേറ്റ് പരിക്ക് പറ്റിയിട്ടുണ്ട്.

അപകടത്തില്‍പ്പെട്ട ജെയ്‌സണെ ഉടന്‍ തന്നെ മുക്കത്തെ കെഎംസിടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. മൃതദേഹം നിലവില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

താമരശേരി പരിധിയിലെ വിവിധ സ്ഥലങ്ങളിലാണ് മറ്റ് നാല് പേര്‍ക്ക് മിന്നലേറ്റത്. പുതുപ്പാടി മലോറം നെരൂക്കുംചാല്‍ പുത്തന്‍പീടികയില്‍ സാബിത, വഹീത, ചമല്‍ എട്ടേക്കറില്‍ ഇന്ദുലേഖ, ചക്കിക്കാവ് കുണ്ടോത്ത് അംബിക എന്നിവര്‍ക്കാണ് പരിക്കേറ്റത്.

പരിക്കേറ്റ നാല് പേരെയും ഉടന്‍ തന്നെ താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ നിലവില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് അധികൃതര്‍ നല്‍കുന്ന പ്രാഥമിക വിവരം.

സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാര്‍മേഘങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ പൊതുജനങ്ങള്‍ സുരക്ഷിതമായ കെട്ടിടങ്ങള്‍ക്കുള്ളിലേക്ക് മാറണമെന്നും, ഇലക്ട്രോണിക് ഉപകരണങ്ങളുടെ കണക്ഷനുകള്‍ വിച്ഛേദിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.