എസ്ബിഐക്ക് വന്‍ തിരിച്ചടി: ക്ലെയിം ആറ് വര്‍ഷം വൈകിയെങ്കിലും അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കമ്മിഷന്‍

എസ്ബിഐക്ക് വന്‍ തിരിച്ചടി: ക്ലെയിം ആറ് വര്‍ഷം വൈകിയെങ്കിലും അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കമ്മിഷന്‍

നാഗ്പുര്‍: ഭര്‍ത്താവിന്റെ മരണത്തെത്തുടര്‍ന്നുള്ള ഇന്‍ഷുറന്‍സ് ക്ലെയിം സമര്‍പ്പിക്കാന്‍ ആറ് വര്‍ഷം വൈകിയെന്ന കാരണത്താല്‍ ആനുകൂല്യം നിഷേധിക്കാനാവില്ലെന്ന് ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍. പരാതിക്കാരിയായ ഭാര്യക്ക് അഞ്ച് ലക്ഷം രൂപ ഇന്‍ഷുറന്‍സ് തുകയായി നല്‍കണമെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് നാഗ്പുര്‍ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍ ഉത്തരവിട്ടിരിക്കുന്നത്.

പെട്ടെന്നുണ്ടാകുന്ന വിയോഗത്തിന്റെ മാനസികാഘാതത്തില്‍ നിന്ന് ഒരു കുടുംബത്തിന് കരകയറാന്‍ സമയമെടുക്കുന്നത് സ്വാഭാവികമാണ്. അതിനാല്‍ 90 ദിവസത്തെ ക്ലെയിം കാലാവധി ചൂണ്ടിക്കാട്ടി ബാങ്കിന് തങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് കമ്മിഷന്‍ വ്യക്തമാക്കി. ഉപയോക്താക്കളെ അവരുടെ അവകാശങ്ങളെക്കുറിച്ച് കൃത്യമായി അറിയിക്കുന്നതില്‍ പരാജയപ്പെടുന്ന ഒരു സ്ഥാപനത്തിന് ഇത്തരം സമയപരിധികള്‍ ഒരു കവചമായി ഉപയോഗിക്കാന്‍ കഴിയില്ലെന്നും ഫോറം നിരീക്ഷിച്ചു.

പരാതി നല്‍കിയ തിയതിയായ 2019 സെപ്റ്റംബര്‍ അഞ്ച് മുതല്‍ ആറ് ശതമാനം വാര്‍ഷിക പലിശയോടെ അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക നല്‍കാനാണ് ഉത്തരവ്. ഇതിനുപുറമേ പരാതിക്കാരിക്ക് ഉണ്ടായ മാനസിക വേദയ്ക്കും വ്യവഹാര ചെലവുകള്‍ക്കുമായി 10,000 രൂപ അധികമായി നല്‍കാനും ബാങ്കിനോട് കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നാഗ്പുര്‍ ട്രൈ ജങ്ഷന്‍ കന്റോണ്‍മെന്റ് ശാഖയില്‍ അക്കൗണ്ടുണ്ടായിരുന്ന പരാതിക്കാരിയുടെ ഭര്‍ത്താവ് 2013 സെപ്റ്റംബറിലാണ് ഒരു വാഹനാപകടത്തില്‍ മരണപ്പെട്ടത്. ബാങ്കിന്റെ ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടെന്ന വിവരം ബാങ്ക് അധികൃതര്‍ തന്നെയോ ഭര്‍ത്താവിനെയോ മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്ന് ഭാര്യ പരാതിയില്‍ ബോധിപ്പിച്ചിരുന്നു.

വിവരമറിഞ്ഞ് 2019 മാര്‍ച്ച് 26 നാണ് ഇവര്‍ ക്ലെയിമിനായി ബാങ്കിനെ സമീപിച്ചത്. ആവശ്യമായ രേഖകളെല്ലാം സമര്‍പ്പിച്ചിട്ടും ബാങ്ക് അനുകൂല തീരുമാനമെടുക്കാതെ വന്നതോടെയാണ് ഇവര്‍ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷനെ സമീപിച്ചത്.

മരണപ്പെട്ടയാള്‍ ഉപയോഗിച്ചിരുന്ന 'മാസ്റ്റര്‍കാര്‍ഡ് ക്ലാസിക്' വിഭാഗം ഡെബിറ്റ് കാര്‍ഡിന് ഇന്‍ഷുറന്‍സ് പരിരക്ഷ ബാധകമല്ലെന്നായിരുന്നു ബാങ്കിന്റെ പ്രധാന വാദം. ഒപ്പം 90 ദിവസത്തിനകം ക്ലെയിം സമര്‍പ്പിച്ചില്ലെന്നും ഇത്തരം ഇന്‍ഷുറന്‍സ് വിവരങ്ങള്‍ ഉപയോക്താക്കള്‍ക്ക് പ്രത്യേകം നല്‍കാറില്ലെന്നും ബാങ്ക് വാദിച്ചു.

എന്നാല്‍ മറ്റ് ഡെബിറ്റ് കാര്‍ഡുകള്‍ക്ക് അധിക ഫീസ് ഈടാക്കാതെ ഇന്‍ഷുറന്‍സ് നല്‍കുമ്പോള്‍, മാസ്റ്റര്‍കാര്‍ഡ് ക്ലാസിക് വിഭാഗത്തെ മാത്രം ഒഴിവാക്കിയതിന് വ്യക്തമായ രേഖയോ നിബന്ധനയോ ഹാജരാക്കാന്‍ ബാങ്കിന് കഴിഞ്ഞില്ല. സമാന സാഹചര്യത്തിലുള്ള ഉപയോക്താക്കളോട് ബാങ്ക് വ്യത്യസ്ത സമീപനം സ്വീകരിക്കുന്നത് സേവനത്തിലെ ന്യൂനതയും അനീതിയുമാണെന്ന് കമ്മിഷന്‍ വിലയിരുത്തി.

ഇന്‍ഷുറന്‍സ് വിവരങ്ങള്‍ ഉപയോക്താവിനെയോ അവകാശികളെയോ അറിയിച്ചതിന് തെളിവില്ലാത്ത സാഹചര്യത്തില്‍, ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉപഭോക്തൃ കമ്മിഷന്റെ നിര്‍ണായക ഉത്തരവ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.