'സമയം അതിക്രമിക്കുന്നു, ചര്‍ച്ചകളോട് സഹകരിക്കുക; അല്ലാത്തപക്ഷം ഒന്നും അവശേഷിക്കില്ല'; ഇറാന് വീണ്ടും ട്രംപിന്റെ മുന്നറിയിപ്പ്

'സമയം അതിക്രമിക്കുന്നു, ചര്‍ച്ചകളോട് സഹകരിക്കുക; അല്ലാത്തപക്ഷം  ഒന്നും അവശേഷിക്കില്ല'; ഇറാന് വീണ്ടും ട്രംപിന്റെ മുന്നറിയിപ്പ്

വാഷിങ്ടണ്‍: അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകളും മധ്യസ്ഥ ശ്രമങ്ങളും സ്തംഭിച്ച പശ്ചാത്തലത്തില്‍ ഇറാന് വീണ്ടും മുന്നറിയിപ്പ് നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പശ്ചിമേഷ്യയില്‍ മാസങ്ങള്‍ നീണ്ട സംഘര്‍ഷങ്ങള്‍ക്ക് ശേഷം സമാധാന ചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കുന്ന ഘട്ടത്തിലാണ് ട്രംപിന്റെ പുതിയ പ്രതികരണം പുറത്തു വന്നിരിക്കുന്നത്.

ഇറാന്‍ എത്രയും വേഗം ചര്‍ച്ചകളോട് സഹകരിക്കണമെന്നും അല്ലാത്തപക്ഷം അവര്‍ക്ക് വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ട്രംപ് വ്യക്തമാക്കി. ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവുമായി ട്രംപ് നടത്തിയ അതീവ രഹസ്യമായ ടെലിഫോണ്‍ സംഭാഷണത്തില്‍ സൈനിക നടപടി ചര്‍ച്ച ചെയ്തതായാണ് വിവരം.

തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ഡൊണാള്‍ഡ് ട്രംപ് ഇറാന് കടുത്ത ഭാഷയില്‍ താക്കീത് നല്‍കിയത്. 'ഇറാന്റെ കാര്യത്തില്‍ സമയം അതിവേഗം നീങ്ങിക്കൊണ്ടിരിക്കുകയാണ്. അവര്‍ എത്രയും വേഗം അനുകൂലമായ നടപടികളിലേക്ക് കടക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ അവരില്‍ ഒന്നും തന്നെ ബാക്കിയുണ്ടാകില്ല. സമയം ഏറ്റവും വിലപ്പെട്ടതാണ്' - ട്രംപ് തന്റെ പോസ്റ്റില്‍ കുറിച്ചു.

അമേരിക്ക മുന്നോട്ടുവെച്ച കടുത്ത വ്യവസ്ഥകള്‍ ഇറാനിയന്‍ മാധ്യമങ്ങള്‍ പുറത്തു വിട്ട് മണിക്കൂറുകള്‍ക്കകമാണ് ട്രംപിന്റെ ശക്തമായ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ 'ഫാര്‍സ്' പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം, ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനായി അമേരിക്ക പ്രധാനമായും മൂന്ന് നിബന്ധനകളാണ് ഇറാന് മുന്നില്‍ വെച്ചിട്ടുള്ളത്.

ഇറാന്‍ തങ്ങളുടെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയത്തില്‍ 400 കിലോ അമേരിക്കയ്ക്ക് കൈമാറണം, രാജ്യത്ത് ഒരൊറ്റ ആണവ നിലയം മാത്രമേ പ്രവര്‍ത്തന ക്ഷമമായി നിലനിര്‍ത്താന്‍ പാടുള്ളൂ, കൂടാതെ നിലവിലെ സംഘര്‍ഷങ്ങളിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് യാതൊരുവിധ യുദ്ധ നഷ്ടപരിഹാരവും അമേരിക്ക നല്‍കില്ല എന്നിവയാണ് യു.എസിന്റെ പ്രധാന വ്യവസ്ഥകള്‍.

എന്നാല്‍ അമേരിക്കയുടെ ഈ വ്യവസ്ഥകളെല്ലാം തന്നെ ഇറാന്‍ പൂര്‍ണമായും തള്ളി. ചര്‍ച്ചകളില്‍ പങ്കെടുക്കണമെങ്കില്‍ തങ്ങളുടേതായ നിബന്ധനകള്‍ അംഗീകരിക്കണമെന്ന് ഇറാനും വാശിപിടിക്കുന്നു.

തങ്ങള്‍ക്ക് മേല്‍ ചുമത്തിയിട്ടുള്ള സാമ്പത്തിക ഉപരോധങ്ങള്‍ പൂര്‍ണമായി നീക്കുക, മരവിപ്പിച്ചു നിര്‍ത്തിയിരിക്കുന്ന ഇറാന്റെ വിദേശ ആസ്തികള്‍ വിട്ടുനല്‍കുക, യുദ്ധത്തില്‍ സംഭവിച്ച നാശനഷ്ടങ്ങള്‍ക്ക് കൃത്യമായ നഷ്ടപരിഹാരം നല്‍കുക, തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കില്‍ തങ്ങളുടെ അധികാരം അംഗീകരിക്കുക എന്നിവയാണ് ഇറാന്റെ പ്രധാന ആവശ്യങ്ങള്‍. ഇരുപക്ഷവും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നതോടെ മേഖല വീണ്ടും യുദ്ധഭീതിയിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.