വയോജന ക്ഷേമം ഉറപ്പാക്കാന്‍ പുതിയ വകുപ്പ്; ഉത്തരവ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍

വയോജന ക്ഷേമം ഉറപ്പാക്കാന്‍ പുതിയ വകുപ്പ്; ഉത്തരവ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും മുന്‍നിര്‍ത്തി പുതിയ വയോജന വകുപ്പ് രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച നിര്‍ണായക തീരുമാനം ഉണ്ടായത്. യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ മുന്നോട്ടുവെച്ച ഇന്ദിരാ ഗ്യാരണ്ടിയുടെ ഭാഗമായുള്ള പ്രധാന വാഗ്ദാനങ്ങളിലൊന്നാണ് ഇതോടെ യാഥാര്‍ഥ്യമാകുന്നത്.

ഇന്ദിരാ ഗ്യാരണ്ടിയുമായി ബന്ധപ്പെട്ട പദ്ധതികളുടെ നടത്തിപ്പിനെക്കുറിച്ച് വിവിധ കോണുകളില്‍ നിന്ന് ആശങ്കകള്‍ നിലനില്‍ക്കുന്നതിനിടെയാണ്, പ്രഖ്യാപനം ഫാസ്റ്റ് ട്രാക്ക് ചെയ്ത് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത് എന്നത് ശ്രദ്ധേയമാണ്. പുതിയ വകുപ്പിന്റെ രൂപീകരണത്തിലൂടെ വയോധികര്‍ക്ക് കൂടുതല്‍ സുരക്ഷിതത്വവും മികച്ച സേവനങ്ങളും ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

വയോജനങ്ങള്‍ക്കുള്ള ക്ഷേമ പെന്‍ഷനുകള്‍ യാതൊരുവിധ തടസങ്ങളുമില്ലാതെ കൃത്യ സമയത്ത് ലഭ്യമാക്കുക എന്നതാണ് വകുപ്പിന്റെ പ്രാഥമിക ലക്ഷ്യം. പ്രായമായവര്‍ക്ക് ആവശ്യമായ മികച്ച ചികിത്സാ സഹായങ്ങളും മരുന്നുകളും സൗജന്യമായോ സബ്സിഡി നിരക്കിലോ ലഭ്യമാക്കുന്നതിനുള്ള പ്രത്യേക പദ്ധതികള്‍ വകുപ്പ് നടപ്പിലാക്കും. മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനൊപ്പം അവരുടെ പുനരധിവാസത്തിനായുള്ള പ്രവര്‍ത്തനങ്ങളും വകുപ്പിന് കീഴിലായിരിക്കും.

നിലവില്‍ വയോജനങ്ങളുടെ ക്ഷേമവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്ന വയോജന കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെക്കൂടി കൂട്ടിയോജിപ്പിച്ചുകൊണ്ടായിരിക്കും പുതിയ വകുപ്പിന്റെ പ്രവര്‍ത്തനം.

വയോജന വകുപ്പിന് പുറമെ യുവാക്കളുടെ ഉന്നമനവും തൊഴില്‍ അവസരങ്ങളും ലക്ഷ്യമിട്ട് പുതിയൊരു യുവജന വകുപ്പ് കൂടി രൂപീകരിക്കുമെന്ന് യുഡിഎഫ് പ്രകടനപത്രികയില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായുള്ള നടപടികളും വരും ദിവസങ്ങളില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നാണ് സൂചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.