'ധുരന്ധര്‍ 2' നിയമക്കുരുക്കില്‍: സൈനിക രഹസ്യങ്ങള്‍ വെളിപ്പെടുത്തിയോ എന്ന് പരിശോധിക്കണം; കേന്ദ്രത്തിന് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശം

'ധുരന്ധര്‍ 2' നിയമക്കുരുക്കില്‍: സൈനിക രഹസ്യങ്ങള്‍ വെളിപ്പെടുത്തിയോ എന്ന് പരിശോധിക്കണം; കേന്ദ്രത്തിന് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശം

ന്യൂഡല്‍ഹി: ബോളിവുഡ് താരം രണ്‍വീര്‍ സിങ് നായകനായ 'ധുരന്ധര്‍ 2' എന്ന ചിത്രം രാജ്യ സുരക്ഷയെ ബാധിക്കുന്ന രഹസ്യങ്ങള്‍ വെളിപ്പെടുത്തി എന്ന ആരോപണത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം തേടി ഡല്‍ഹി ഹൈക്കോടതി. സൈനിക നീക്കങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും രഹസ്യ സ്വഭാവം സിനിമ ലംഘിച്ചിട്ടുണ്ടോ എന്ന് അടിയന്തരമായി പരിശോധിക്കണമെന്നാണ് കോടതി നിര്‍ദേശം.

സായുധ സേനയുടെ പ്രവര്‍ത്തനപരമായ അതീവ രഹസ്യ വിവരങ്ങള്‍ സിനിമയിലൂടെ പരസ്യപ്പെടുത്തിയത് രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി സായുധ സീമ ബല്‍ ഹെഡ് കോണ്‍സ്റ്റബിളായ ദീപക് കുമാറാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. മെയ് 20 ന് ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാര്‍ ഉപാധ്യായ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ഒഫീഷ്യല്‍ സീക്രട്ട്സ് ആക്ട് പ്രകാരമുള്ള ചട്ടങ്ങള്‍ സിനിമ ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തോടും സെന്‍സര്‍ ബോര്‍ഡിനോടും കോടതി ആവശ്യപ്പെട്ടു. ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥരെയും അന്തരിച്ച സൈനികരെയും സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത് രാജ്യതാല്‍പര്യത്തിന് വിരുദ്ധമായ രീതിയിലാണ്. ചിത്രത്തില്‍ കാണിച്ചിരിക്കുന്ന സൈനിക ലൊക്കേഷനുകളുടെ വെളിപ്പെടുത്തല്‍ രാജ്യത്തിന്റെ സുരക്ഷയ്ക്ക് വലിയ ഭീഷണിയുയര്‍ത്തുന്നുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

സിനിമ ഒരു സാങ്കല്‍പിക സൃഷ്ടിയാകാമെങ്കിലും രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ഒരു സുരക്ഷാ സേനാംഗം ഉന്നയിക്കുന്ന ആശങ്കകള്‍ അതീവ ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു.

ആദിത്യ ധര്‍ സംവിധാനം ചെയ്ത ധുരന്ധര്‍ 2 ആഗോള തലത്തില്‍ 1798 കോടി രൂപ കളക്ഷന്‍ നേടി വന്‍ വിജയമായി മുന്നേറുന്നതിനിടയിലാണ് നിയമക്കുരുക്ക്. ഹര്‍ജിയിലെ പരാതികള്‍ ഗൗരവമുള്ള ഒരു നിവേദനമായി പരിഗണിച്ച് എട്ട് ആഴ്ചയ്ക്കുള്ളില്‍ ഉചിതമായ തീരുമാനമെടുക്കണമെന്നാണ് കേന്ദ്രത്തിന് ഹൈക്കോടതി നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദേശം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.