കൊച്ചി: കേരളത്തില്‍ ഭരണ മാറ്റമുണ്ടാവുകയും കെപിസിസി പ്രസിഡന്റും യുത്ത് കോണ്‍ഗ്രസ് പ്രസിഡന്റും വി.ഡി സതീശന്‍ മന്ത്രിസഭയില്‍ അംഗങ്ങളാവുകയും ചെയ്തതോടെ രണ്ട് സ്ഥാനങ്ങളിലേക്കും പുതിയ ആളുകളെ കണ്ടെത്തുന്നതിന് കോണ്‍ഗ്രസില്‍ ചര്‍ച്ച ആരംഭിച്ചു. നിലവിലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വൈദ്യുതി മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഒ.ജെ ജനീഷ് യുവജന ക്ഷേമകാര്യ മന്ത്രിയുമാണ്.
മാത്രമല്ല മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാരില്‍ ഷാഫി പറമ്പില്‍ ഒഴികെ വി.സി വിഷ്ണുനാഥും എ.പി അനില്‍ കുമാറും മന്ത്രിമാരായ പശ്ചാത്തലത്തില്‍ സംസ്ഥാന നേതൃത്വത്തില്‍ വലിയ തോതിലുള്ള അഴിച്ചു പണിക്കാണ് ഹൈക്കമാന്‍ഡ് ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി പുതിയ വര്‍ക്കിങ്് പ്രസിഡന്റുമാരെ നിശ്ചയിക്കുന്നതിനൊപ്പം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളിലും വലിയ മാറ്റങ്ങളുണ്ടാകും.
സാമൂഹിക-സമുദായ സന്തുലനവും ഗ്രൂപ്പ് സമവാക്യങ്ങളും കൃത്യമായി പാലിച്ചുകൊണ്ട് പുതിയ സംസ്ഥാന അധ്യക്ഷനെ കണ്ടെത്തുകയെന്നത് ഹൈക്കമാന്‍ഡിന് മുന്നിലെ വലിയ വെല്ലുവിളിയാണ്. നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മുതിര്‍ന്ന നേതാവും എം.പിയുമായ ബെന്നി ബഹനാനാണ് ഈ പദവിയിലേക്ക് ഏറ്റവും മുന്‍പന്തിയിലുള്ളത്.
യുഡിഎഫ് കണ്‍വീനര്‍, കെപിസിസി ജനറല്‍ സെക്രട്ടറി, തൃശൂര്‍ ഡിസിസി പ്രസിഡന്റ്, എഐസിസി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ബെന്നി ബഹനാന് പാര്‍ട്ടിയിലെ എല്ലാ മുതിര്‍ന്ന നേതാക്കളുമായും മികച്ച വ്യക്തിബന്ധമാണുള്ളത്.
വി.ഡി സതീശന്‍ മുഖ്യമന്ത്രിയായി ഉയര്‍ന്നുവന്ന പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ പാര്‍ട്ടിയെ സമവായത്തോടെ മുന്നോട്ട് നയിക്കാന്‍ ബെന്നി ബഹനാന് സാധിക്കുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തല്‍. യാക്കോബായ സമുദായംഗമായ അദേഹത്തിന് സാമുദായിക സമവാക്യങ്ങളും അനുകൂലമാണ്.
ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനും എ ഗ്രൂപ്പുകാരനുമായ ബെന്നി മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ കെ.സി വേണുഗോപാലിനെ പൂര്‍ണമായി പിന്തുണച്ചതിനാല്‍ കെ.സിയുടെ പിന്തുണയും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള കരുനീക്കങ്ങളുമായി മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷും സജീവമായി രംഗത്തുണ്ട്. സംസ്ഥാനത്ത് ഒരു ദളിത് നേതാവിനെ അധ്യക്ഷ പദവിയില്‍ നിയമിക്കാനാണ് ഹൈക്കമാന്‍ഡ് മുന്‍ഗണന നല്‍കുന്നതെങ്കില്‍ എഐസിസി നേതൃത്വവുമായി അടുത്ത ബന്ധമുള്ള കൊടിക്കുന്നില്‍ സുരേഷിനാകും സാധ്യത.
ഇവര്‍ക്ക് പുറമെ രമേശ് ചെന്നിത്തലയുടെ പിന്തുണയോടെ ഐ ഗ്രൂപ്പിന്റെ പ്രതിനിധിയായി ജോസഫ് വാഴയ്ക്കനും മത്സര രംഗത്തുണ്ട്. കഴിഞ്ഞ തവണ അധ്യക്ഷ പദവിക്ക് തൊട്ടരികിലെത്തിയ ആന്റോ ആന്റണി, കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ കോട്ടയം ഡിസിസി പ്രസിഡന്റുമായ ടോമി കല്ലാനി എന്നിവരും പദവിക്കായി കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.
തിരഞ്ഞെടുപ്പിന് മുന്‍പ് വര്‍ക്കിങ് പ്രസിഡന്റായ ഷാഫി പറമ്പിലിന്റെ പേര് സജീവമായി ഉയര്‍ന്നു കേട്ടിരുന്നെങ്കിലും നിലവിലെ സംസ്ഥാനത്തെ സമുദായ സന്തുലന സമവാക്യങ്ങള്‍ കാരണം അദേഹത്തിനുള്ള സാധ്യതകള്‍ കുറഞ്ഞതായാണ് വിലയിരുത്തല്‍.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കും ഒന്നില്‍ കൂടുതല്‍ ആളുകളുടെ പേരുകള്‍ ചര്‍ച്ചയിലുണ്ട്. എന്നിരുന്നാലും നിലവില്‍ വര്‍ക്കിങ് പ്രസിഡന്റും കെ.സി പക്ഷക്കാരനുമായ ബിനു ചുള്ളിയിലിന് നറുക്ക് വീഴാനാണ് സാധ്യത. കഴിഞ്ഞ തവണയും ബിനുവിന്റെ പേര് അധ്യക്ഷ പദവിയിലേക്ക് സജീവമായി പരിഗണിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.