വകുപ്പ് വിഭജനത്തില്‍ തര്‍ക്കം മുറുകുന്നു: സത്യപ്രതിജ്ഞ കഴിഞ്ഞിട്ടും വിജ്ഞാപനമില്ല; രണ്ടാം മന്ത്രിസഭാ യോഗം ഇന്ന്

വകുപ്പ് വിഭജനത്തില്‍ തര്‍ക്കം മുറുകുന്നു: സത്യപ്രതിജ്ഞ കഴിഞ്ഞിട്ടും വിജ്ഞാപനമില്ല; രണ്ടാം മന്ത്രിസഭാ യോഗം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് രണ്ട് ദിവസം പിന്നിട്ടിട്ടും മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങിയില്ല. വകുപ്പ് വിഭജനത്തെച്ചൊല്ലി ഭരണമുന്നണിയിലും പാര്‍ട്ടിക്കുള്ളിലും നിലനില്‍ക്കുന്ന തര്‍ക്കങ്ങളാണ് വിജ്ഞാപനം വൈകാന്‍ കാരണം. തര്‍ക്കം തുടരുന്നതിനിടെ സര്‍ക്കാരിന്റെ രണ്ടാം മന്ത്രിസഭാ യോഗം ഇന്ന് ചേരും.

മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ വകുപ്പില്ലാ മന്ത്രിമാരായാണ് ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുക. വകുപ്പുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനാല്‍ മന്ത്രിമാര്‍ നിലവില്‍ മണ്ഡലങ്ങളിലെയും ജില്ലകളിലെയും സ്വീകരണ പരിപാടികളില്‍ മാത്രമായി ഒതുങ്ങിയിരിക്കുകയാണ്. ഫയലുകള്‍ ഏത് മന്ത്രിക്ക് അയക്കണമെന്നറിയാതെ ഉദ്യോഗസ്ഥരും കടുത്ത ആശയക്കുഴപ്പത്തിലാണ്.

മാധ്യമങ്ങളില്‍ വന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മന്ത്രിമാരെ കണ്ട് അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തുന്നുണ്ടെങ്കിലും വകുപ്പുകള്‍ ഉറപ്പിക്കാത്തതിനാല്‍ മന്ത്രിമാര്‍ക്ക് കൃത്യമായ നിര്‍ദേശങ്ങളൊന്നും നല്‍കാന്‍ കഴിയുന്നില്ല. വനം വകുപ്പ് ലഭിക്കുമെന്ന് വാര്‍ത്തകള്‍ വന്നതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഷിബു ബേബി ജോണിനെ കണ്ടിരുന്നെങ്കിലും വകുപ്പില്‍ സജീവമായി ഇടപെടാന്‍ അദേഹത്തിന് സാധിച്ചിട്ടില്ല.

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കുമെന്ന ഇന്ദിരാ ഗ്യാരന്റി പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയെങ്കിലും ഗതാഗത വകുപ്പ് ലഭിക്കുമെന്ന് കരുതുന്ന സി.പി ജോണിന് വിജ്ഞാപനം വരാത്തതിനാല്‍ ഫയലുകളില്‍ ഇടപെടാനാകുന്നില്ല.

അതേസമയം ധനകാര്യം, ആഭ്യന്തരം എന്നി പ്രധാന വകുപ്പുകളില്‍ തര്‍ക്കങ്ങളില്ലാത്തതിനാല്‍ ഭരണ നടപടികള്‍ക്ക് തുടക്കമായി. ധന വകുപ്പിന്റെ ചുമതല മുഖ്യമന്ത്രിക്കാണ്. സംസ്ഥാനത്തിന്റെ ധനസ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം ഇറക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ചൊവ്വാഴ്ച ഉന്നതതല യോഗങ്ങള്‍ നടന്നിരുന്നു.

രമേശ് ചെന്നിത്തലയ്ക്കാണ് ആഭ്യന്തര വകുപ്പെന്ന് ഉറപ്പായതോടെ അദേഹവും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനുള്ള നടപടികള്‍ക്ക് അദേഹം തുടക്കമിട്ടു.

അതേസമയം വകുപ്പുകളെല്ലാം ഇതിനകം നിശ്ചയിച്ച് കഴിഞ്ഞെന്നും ഗവര്‍ണര്‍ സ്ഥലത്ത് ഇല്ലാത്തതിനാലാണ് ഔദ്യോഗിക വിജ്ഞാപനം ഇറക്കാന്‍ വൈകുന്നതെന്നുമാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ മുന്നണിക്കുള്ളിലെ അസ്വാരസ്യങ്ങളാണ് യഥാര്‍ത്ഥ കാരണമെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.