ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ നിര്‍ണായക വഴിത്തിരിവ്. നീണ്ട 59 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കോണ്‍ഗ്രസ് സംസ്ഥാന മന്ത്രിസഭയുടെ ഭാഗമാകുന്നു. കോണ്‍ഗ്രസ് എംഎല്‍എമാരായ എസ്. രാജേഷ് കുമാര്‍, പി. വിശ്വനാഥ് എന്നിവര്‍ വ്യാഴാഴ്ച വിജയ് സര്‍ക്കാരില്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
മെയ് പത്തിനായിരുന്നു മുഖ്യമന്ത്രി വിജയ്ക്കൊപ്പം ഒന്‍പത് ടിവികെ നേതാക്കള്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. നിലവില്‍ അഞ്ച് എംഎല്‍എമാരുള്ള കോണ്‍ഗ്രസിന് രണ്ട് മന്ത്രിസ്ഥാനം നല്‍കാനാണ് ടിവികെ നേതൃത്വവുമായി ധാരണയായത്. കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവാണ് എസ്. രാജേഷ് കുമാര്‍. മേലൂരില്‍ നിന്നുള്ള എംഎല്‍എയാണ് പി. വിശ്വനാഥ്.
മന്ത്രിസഭയില്‍ ചേരാന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അംഗീകാരം നല്‍കിയതായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എക്‌സിലൂടെ അറിയിച്ചു. ഇത് ചരിത്ര നിമിഷമാണ്. കാരണം 59 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കോണ്‍ഗ്രസ് തമിഴ്നാട് മന്ത്രിസഭയില്‍ വീണ്ടും എത്തുകയാണ്. രാഹുല്‍ ഗാന്ധി മുന്നോട്ടുവെച്ച ജനക്ഷേമ-ജനസൗഹൃദ ഭരണത്തിന്റെ കാഴ്ചപ്പാടുകള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പുതിയ മന്ത്രിമാര്‍ പ്രവര്‍ത്തിക്കുമെന്ന് വിശ്വസിക്കുന്നു. എക്‌സിലെ കുറിപ്പില്‍ കെ.സി വേണുഗോപാല്‍ പറഞ്ഞു.
മുന്‍കാലങ്ങളില്‍ കൂടുതല്‍ എംഎല്‍എമാര്‍ ഉണ്ടായിരുന്നിട്ടും കോണ്‍ഗ്രസിന് മന്ത്രിസഭയില്‍ പങ്കാളിത്തം ലഭിക്കാതിരുന്ന ചരിത്രം കോണ്‍ഗ്രസ് നേതാവും കര്‍ണാടക മന്ത്രിയുമായ ദിനേഷ് ഗുണ്ടു റാവു എക്‌സില്‍ പങ്കുവെച്ചു. 1984 ലും 1991 ലും 60 ലധികം എംഎല്‍എമാര്‍ ഉണ്ടായിരുന്നിട്ടും സര്‍ക്കാരിന്റെ ഭാഗമായില്ല. 2006 ല്‍ 34 എംഎല്‍എമാരുമായി ഡിഎംകെ ന്യൂനപക്ഷ സര്‍ക്കാരിനെ പിന്തുണച്ചിട്ടും മന്ത്രിസ്ഥാനം ലഭിച്ചിരുന്നില്ല. 2021 ല്‍ 18 എംഎല്‍എമാര്‍ ഉണ്ടായിരുന്നിട്ടും മന്ത്രിതല പ്രാതിനിധ്യം ലഭിച്ചില്ല. ഇന്ന് വെറും അഞ്ച് എംഎല്‍എമാര്‍ മാത്രമുള്ളപ്പോള്‍ രണ്ട് സഹപ്രവര്‍ത്തകര്‍ മന്ത്രിമാരാകാന്‍ ഒരുങ്ങുന്നുവെന്നും ദിനേഷ് ഗുണ്ടു റാവു ഓര്‍മ്മിപ്പിച്ചു.
വിജയ് മന്ത്രിസഭയുടെ ആകെ അംഗ ബലം ഘട്ടം ഘട്ടമായി 34 വരെയായി ഉയര്‍ത്താനാണ് ടിവികെ ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസിന് പുറമെ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന വിസികെ, ഇടത് പാര്‍ട്ടികള്‍, മുസ്ലീം ലീഗ് എന്നിവരോടും മന്ത്രിസഭയില്‍ ചേരാന്‍ മുഖ്യമന്ത്രി വിജയ് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ടിവികെ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
അതേസമയം വിശ്വാസ വോട്ടെടുപ്പില്‍ എടപ്പാടി പളനി സ്വാമിക്കെതിരെ കലാപക്കൊടിയുയര്‍ത്തി ടിവികെ സര്‍ക്കാരിനെ പിന്തുണച്ച 25 അണ്ണാ ഡിഎംകെ വിമത എംഎല്‍എമാര്‍ക്ക് മന്ത്രിസ്ഥാനം നല്‍കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ഇതില്‍ ഒരാള്‍ പിന്നീട് എടപ്പാടി പക്ഷത്തേക്ക് മടങ്ങിയിരുന്നു.
വിമത നീക്കത്തിന് നേതൃത്വം നല്‍കിയ സി.വി ഷണ്‍മുഖം, എസ്.പി വേലുമണി, സി. വിജയഭാസ്‌കര്‍, എം.ആര്‍ വിജയഭാസ്‌കര്‍, ആര്‍. കാമരാജ്, കെ.പി അന്‍പഴകന്‍ തുടങ്ങിയവരെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നും ഇവര്‍ എട്ട് മന്ത്രി സ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം വിമതര്‍ക്ക് മന്ത്രിസ്ഥാനം നല്‍കരുതെന്നാണ് സഖ്യകക്ഷികളുടെ നിലപാട്. അണ്ണാ ഡിഎംകെ വിമതരെ മന്ത്രിസഭയില്‍ എടുക്കുന്നതിനെതിരെ കോണ്‍ഗ്രസ്, വിസികെ, ഇടതുപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. ഡിഎംകെയെയും അണ്ണാ ഡിഎംകെയെയും മാറ്റി നിര്‍ത്താനാണ് ജനങ്ങള്‍ ടിവികെയ്ക്ക് വോട്ട് ചെയ്തതെന്നും അതിനാല്‍ വിമതരെ മന്ത്രിസഭയിലെടുക്കുന്നത് ജനവിധിക്കെതിരാണെന്നും കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരം വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.