ഖജനാവില്‍ പണമില്ല, പക്ഷെ ലോക സമാധാനത്തിന് രണ്ട് കോടി! ആ പണം എന്ത് ചെയ്തു ? 2022-23 ലെ പ്രഖ്യാപനത്തില്‍ മറുപടിയുമായി ധനവകുപ്പ്

ഖജനാവില്‍ പണമില്ല, പക്ഷെ ലോക സമാധാനത്തിന് രണ്ട് കോടി! ആ പണം എന്ത് ചെയ്തു ? 2022-23 ലെ പ്രഖ്യാപനത്തില്‍ മറുപടിയുമായി ധനവകുപ്പ്

തൃശൂര്‍: സംസ്ഥാന ബജറ്റില്‍ ലോക സമാധാനത്തിനായി വകയിരുത്തിയ രണ്ട് കോടി രൂപയുടെ വിനിയോഗം സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം ധനവകുപ്പ് നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുന്നു. തൃശൂര്‍ സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ ഉന്നയിച്ച പരിഹാസം നിറഞ്ഞ ചോദ്യങ്ങളും അതിന് സര്‍ക്കാര്‍ നല്‍കിയ ഔദ്യോഗിക വിശദീകരണവുമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്.

2022-23 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റ് പ്രസംഗത്തിലാണ് അന്നത്തെ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ലോക സമാധാന പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് കോടി രൂപ അനുവദിക്കുന്നതായി പ്രഖ്യാപിച്ചത്. ആഗോളതലത്തില്‍ സമാധാന പ്രവര്‍ത്തകരെയും ചിന്തകരെയും ഏകോപിപ്പിച്ച് ഓണ്‍ലൈന്‍ ചര്‍ച്ചകളും അന്താരാഷ്ട്ര സെമിനാറുകളും സംഘടിപ്പിക്കാനായിരുന്നു തുക നീക്കിവെച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലെ ഈ പ്രഖ്യാപനം അന്ന് തന്നെ ട്രോളുകള്‍ക്ക് വഴിവെച്ചിരുന്നു.

ഈ തുകയ്ക്ക് എന്ത് സംഭവിച്ചു എന്നറിയാന്‍ തൃശൂര്‍ സ്വദേശി നല്‍കിയ അപേക്ഷയില്‍ ധനവകുപ്പ് വ്യക്തമായ മറുപടി നല്‍കാന്‍ ആദ്യം തയ്യാറായിരുന്നില്ല. പിന്നീട് അപ്പീല്‍ അതോറിറ്റിയെ സമീപിച്ച ശേഷം ഇപ്പോഴാണ് ഔദ്യോഗിക മറുപടി ലഭിച്ചത്.

ബജറ്റില്‍ പ്രഖ്യാപിച്ച രണ്ട് കോടി രൂപ മറ്റ് യാതൊരുവിധ ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു ധന വകുപ്പിന്റെ മറുപടി. പദ്ധതിയുടെ വിനിയോഗത്തിന്മേല്‍ ധനവകുപ്പ് പിന്നീട് യാതൊരുവിധ തുടര്‍ നടപടികളും സ്വീകരിച്ചിട്ടില്ല. തുകയൊന്നും തന്നെ ഖജനാവില്‍ നിന്ന് പിന്‍വലിച്ച് ചിലവഴിക്കാത്തതിനാല്‍ സംസ്ഥാനത്തിന് സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടില്ലെന്നും വകുപ്പ് വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തികാവസ്ഥയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് പരിഹാസ രൂപേണയുള്ള ചോദ്യങ്ങളാണ് ഹര്‍ജിക്കാരന്‍ അപേക്ഷയില്‍ ഉന്നയിച്ചിരുന്നത്. ബജറ്റില്‍ വകയിരുത്തിയ തുക ഉപയോഗിച്ച് ആഗോള സമാധാന ശ്രമങ്ങളുടെ ഭാഗമായി കേരളത്തിലെ എംഎല്‍എമാരെ അമേരിക്കയിലേക്ക് വിടാന്‍ പദ്ധതിയുണ്ടോ എന്നതായിരുന്നു ഒരു ചോദ്യം.

കൂടാതെ നിലവിലുള്ള ഇറാന്‍-അമേരിക്ക യുദ്ധ സാഹചര്യങ്ങളില്‍ മധ്യസ്ഥത വഹിക്കാനും സമാധാനം പുനസ്ഥാപിക്കാനും കേരളം ഈ തുക ഉപയോഗിച്ച് ശ്രമിക്കുന്നുണ്ടോ? അന്താരാഷ്ട്രതലത്തില്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലക്ഷ്യമിട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തുന്ന നീക്കങ്ങള്‍ പോലെ കേരള സര്‍ക്കാരിനും നൊബേല്‍ സമ്മാനം നേടിയെടുക്കാന്‍ ഈ തുക വഴി എന്തെങ്കിലും പദ്ധതികളുണ്ടോ? എന്നിങ്ങനെ ആയിരുന്നു ഹര്‍ജിക്കാരന്റെ ചോദ്യങ്ങള്‍.

ബജറ്റ് പ്രഖ്യാപനങ്ങള്‍ പലതും വെറും പ്രഖ്യാപനങ്ങളായി അവശേഷിക്കുന്നതിനെ ജനങ്ങള്‍ എങ്ങനെ നോക്കിക്കാണുന്നു എന്നതിന്റെ ഉദാഹരണമാണ് ഈ വിവരാവകാശ ചോദ്യങ്ങള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.