മറയൂരില്‍ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍: കാട്ടാനയാക്രമണമെന്ന് ആരോപിച്ച് നാട്ടുകാരുടെ വന്‍ പ്രതിഷേധം; വനം വകുപ്പ് അന്വേഷണം തുടങ്ങി

മറയൂരില്‍ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍: കാട്ടാനയാക്രമണമെന്ന് ആരോപിച്ച് നാട്ടുകാരുടെ വന്‍ പ്രതിഷേധം; വനം വകുപ്പ് അന്വേഷണം തുടങ്ങി

ഇടുക്കി: മറയൂര്‍ ചുരക്കുളത്ത് മധ്യവയസ്‌കനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ. ചുരക്കുളം ഉന്നതി സ്വദേശി മുരുകന്‍ (55) ആണ് മരിച്ചത്. മുരുകന്റെ മരണം കാട്ടാനയുടെ ആക്രമണം മൂലമാണെന്ന് ആരോപിച്ച് നാട്ടുകാര്‍ വലിയ രീതിയിലുള്ള പ്രതിഷേധവുമായി രംഗത്തെത്തി.

തുടര്‍ നടപടികള്‍ക്കായി മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിക്ക് മുന്‍പില്‍ വന്‍ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്നും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നുമാണ് നാട്ടുകാരുടെ പരാതി.

വനം വകുപ്പും പൊലീസും വ്യക്തമാക്കുന്നത് അനുസരിച്ച് സംഭവ സ്ഥലത്ത് പ്രാഥമികമായി കാട്ടാനയുടെ സാന്നിധ്യമോ മറ്റ് അടയാളങ്ങളോ കണ്ടെത്താനായിട്ടില്ല. മരണ കാരണം എന്താണെന്ന് കൃത്യമായി സ്ഥിരീകരിക്കാന്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നത് വരെ കാത്തിരിക്കണമെന്നാണ് വനം വകുപ്പിന്റെ നിലപാട്. നിലവില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായ ശേഷമേ മരണത്തിലെ യഥാര്‍ത്ഥ ദുരൂഹത നീങ്ങുകയുള്ളൂവെന്നും അധികൃതര്‍ അറിയിച്ചു.

പ്രദേശത്ത് ക്രമസമാധാന നില ഉറപ്പാക്കാന്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നാട്ടുകാരുമായി ചര്‍ച്ച നടത്തി വരികയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.