വെറും നാല് ദിവസം കൊണ്ട് ബിജെപിയെ ഇന്‍സ്റ്റയില്‍ തോല്‍പ്പിച്ചതോടെ 'കോക്രോച്ച് ജനത പാര്‍ട്ടി'യുടെ എക്‌സ് അക്കൗണ്ടിന് പൂട്ട്; തൊട്ടുപിന്നാലെ പുതിയത് തുറന്നു

വെറും നാല് ദിവസം കൊണ്ട് ബിജെപിയെ ഇന്‍സ്റ്റയില്‍ തോല്‍പ്പിച്ചതോടെ 'കോക്രോച്ച് ജനത പാര്‍ട്ടി'യുടെ എക്‌സ് അക്കൗണ്ടിന് പൂട്ട്; തൊട്ടുപിന്നാലെ പുതിയത് തുറന്നു

ന്യൂഡല്‍ഹി: രാജ്യത്തെ തൊഴിലില്ലാത്ത യുവാക്കളെ പാറ്റകളോട് ഉപമിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂപീകരിക്കപ്പെട്ട പരിഹാസ്യ കൂട്ടായ്മയാണ് കോക്രോച്ച് ജനത പാര്‍ട്ടി (സിജെപി).

സോഷ്യല്‍ മീഡിയയില്‍ വളരെ പെട്ടന്നു തന്നെ തരംഗമായ കോക്രോച്ച് ജനത പാര്‍ട്ടിയുടെ എക്‌സ് അക്കൗണ്ടിന് അധികൃതര്‍ പൂട്ടിട്ടു. തൊട്ടുപിന്നാലെ സിജെപി പുതിയ എക്‌സ് അക്കൗണ്ട് തുറന്നു. 'കോക്രോച്ച് ഈസ് ബാക്ക്' എന്ന പേരിലാണ് അക്കൗണ്ട്.

ഞങ്ങളെ ഒഴിവാക്കാന്‍ പറ്റുമെന്ന് കരുതിയോ എന്ന് എക്സില്‍ അവര്‍ കുറിച്ചു. അതേസമയം ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ ശ്രമം നടക്കുന്നുവെന്നും സിജെപി സ്ഥാപകന്‍ അഭിജിത്ത് ദീപ്‌ക്കെ വ്യക്തമാക്കി.

കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ എക്‌സ് അക്കൗണ്ട് അപ്രത്യക്ഷമായതിന് പിന്നാലെ പ്രതീക്ഷിച്ചത് സംഭവിച്ചെന്നാണ് സ്ഥാപകന്‍ അഭിജീത്ത് ദീപ്‌ക്കേ പ്രതികരിച്ചത്. 'കോക്രോച്ച് ഈസ് ബാക്ക്' എന്ന പുതിയ അക്കൗണ്ടിലൂടെയാണ് പ്രതികരണം.

ബിജെപിയെക്കാള്‍ ഇന്‍സ്റ്റാഗ്രാമില്‍ ജനപിന്തുണ ലഭിച്ചതാണ് വിലക്കിന് കാരണം. അതിന് നാല് ദിവസം മാത്രമാണ് വേണ്ടി വന്നത്. യുവത്വത്തിന്റെ ശക്തിയെ കുറച്ചു കാണരുതെന്നും അഭിജീത്ത് ദീപ്‌ക്കേ പറഞ്ഞു.

ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശത്തിനെതിരെ 'മടിയന്മാരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദ'മെന്ന മുദ്രാവക്യവുമായി എത്തുന്ന സിജെപി ഒരു ജെന്‍സി മൂവ്‌മെന്റായി മാറിക്കൊണ്ടിരിക്കുകയാണ്.

തൊഴിലില്ലാത്തവര്‍, മടിയന്മാര്‍, 12 മണിക്കൂറില്‍ കൂടുതല്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ എന്നിവയാണ് കോക്രോച്ച് ജനതാ പാര്‍ട്ടിയില്‍ അംഗങ്ങളാകാനുള്ള മാനദണ്ഡങ്ങള്‍. ഇക്കഴിഞ്ഞ മെയ് 15 ന് ഒരു കേസ് പരിഗണനയ്‌ക്കെടുത്തപ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്ത് രാജ്യത്തെ തൊഴിലില്ലാത്ത യുവാക്കളെ പാറ്റകളോട് ഉപമിച്ചത്.

തൊഴിലില്ലാത്ത യുവാക്കള്‍ പാറ്റകളാണെന്നും അവര്‍ സോഷ്യല്‍ മീഡിയ, ആര്‍ടിഐ ആക്ടിവിസ്റ്റുകളായി സിസ്റ്റത്തെ ആക്രമിക്കാന്‍ തുടങ്ങിയെന്നുമായിരുന്നു പരാമര്‍ശം. സംഭവം വിവാദമായതോടെ ചീഫ് ജസ്റ്റിസിന് വിശദീകരണ കുറിപ്പ് ഇറക്കേണ്ടി വന്നു.

അദേഹത്തിന്റെ പരാമര്‍ശത്തോടുള്ള പ്രതിഷേധം എന്ന നിലയ്ക്കാണ് കോക്രോച്ച് ജനതാ പാര്‍ട്ടി എന്ന സോഷ്യല്‍ മീഡിയ അക്കൗണ്ട് ആരംഭിച്ചത്. പാര്‍ട്ടി ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ വമ്പന്‍ സ്വീകാര്യതയാണ് പാര്‍ട്ടിക്ക് ജെന്‍സി വിഭാഗങ്ങള്‍ക്കിടയില്‍ ലഭിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.