രാജ്യസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കാന്‍ സാധ്യത; ചരിത്രത്തില്‍ ആദ്യമായി ടിവികെ അക്കൗണ്ട് തുറന്നേക്കും

രാജ്യസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കാന്‍ സാധ്യത; ചരിത്രത്തില്‍ ആദ്യമായി ടിവികെ അക്കൗണ്ട് തുറന്നേക്കും

ന്യൂഡല്‍ഹി: ഒഴിവ് വരുന്ന 26 രാജ്യസഭ സീറ്റുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ നിയമസഭകളിലെ അംഗസംഖ്യ വച്ച് കോണ്‍ഗ്രസിന് ഒരു സീറ്റ് കൂടാന്‍ സാധ്യത. എന്‍ഡിഎക്ക് ഒരു സീറ്റ് കുറഞ്ഞേക്കും. തമിഴ്‌നാട്ടില്‍ വിജയ് നേതൃത്വം നല്‍കുന്ന ടിവികെ പ്രതിനിധി രാജ്യസഭയില്‍ എത്തിയേക്കും.

ജൂണ്‍ 18 നാണ് ഒഴിവ് വരുന്ന രാജ്യസഭ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ്. ജൂണ്‍ 21 നും ജൂലൈ 19 നും ഒഴിവ് വരുന്ന സീറ്റുകളിലേക്കാണ് മത്സരം. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ, എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിങ്, കേന്ദ്ര മന്ത്രിമാരായ രണ്‍വീത് സിങ്, ജോര്‍ജ് കുര്യന്‍ എന്നിവരാണ് കാലാവധി പൂര്‍ത്തായാക്കുന്ന പ്രമുഖര്‍.

കര്‍ണാടക, ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ നാല് സീറ്റുകള്‍ വീതവും മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ മൂന്ന് വീതവും ജാര്‍ഖണ്ഡില്‍ രണ്ട് സീറ്റുകളിലുമാണ് തിരഞ്ഞെടുപ്പ്. മണിപ്പൂര്‍, മേഘാലയ, അരുണാചല്‍ പ്രദേശ്, മിസോറാം എന്നിവിടങ്ങളില്‍ ഓരോ സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കും. ഇതിന് പുറമെ മഹാരാഷ്ട്ര, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ഓരോ സീറ്റുകളിലേക്കുള്ള ഉപതിഞ്ഞെടുപ്പും ഇതേദിവസം തന്നെ നടക്കും.

ഒഴിവ് വരുന്ന 26 സീറ്റുകളില്‍ 18 എണ്ണം എന്‍ഡിഎയുടെയും നാലെണ്ണം കോണ്‍ഗ്രസിന്റെയും കൈവശമാണ്. വൈഎസ്ആര്‍ കോണ്‍ഗ്രസിന് മൂന്നും ജെഎംഎമ്മിന് ഒരു സീറ്റുമുണ്ട്. പുതിയ കണക്കുകള്‍ പ്രകാരം എന്‍ഡിഎയുടെ സീറ്റ് 17 ആയി കുറഞ്ഞേക്കും. കോണ്‍ഗ്രസ് തങ്ങളുടെ സീറ്റ് നില 5 ആയി ഉയര്‍ത്തിയേക്കാം.

ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച രണ്ട് സീറ്റുകള്‍ നേടിയേക്കും. എഐഎഡിഎംകെ നേതാവ് സി.വി. ഷണ്‍മുഖന്‍ സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് രാജിവെച്ച ഒഴിവിലേക്കാണ് തമിഴ്‌നാട്ടില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നിയമസഭയിലെ ഇപ്പോഴുള്ള വോട്ട് നില പ്രകാരം ഈ സീറ്റ് വിജയിയുടെ ടിവികെ നേടാനാണ് സാധ്യത.

നിലവില്‍ 244 അംഗങ്ങളുള്ള രാജ്യസഭയില്‍ എന്‍ഡിഎയ്ക്ക് 149 എംപിമാരുണ്ട്. പ്രതിപക്ഷ നിരയില്‍ 95 അംഗങ്ങളുമുണ്ട്. കര്‍ണാടകയില്‍ നാല് സീറ്റുകളില്‍ മൂന്നെണ്ണം ഭരണകക്ഷിയായ കോണ്‍ഗ്രസ് നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിജെപിക്ക് ഒരു സീറ്റ് ലഭിച്ചേക്കും.

ആന്ധ്രയിലെ നാല് സീറ്റുകളും തെലുഗുദേശം പാര്‍ട്ടി ജയിച്ചേക്കും. ഗുജറാത്തിലെ നാല് സീറ്റുകളിലും ബിജെപി വിജയം ഉറപ്പിച്ചിട്ടുണ്ട്. മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി രണ്ട് സീറ്റുകള്‍ വീതവും കോണ്‍ഗ്രസ് ഓരോ സീറ്റുകള്‍ വീതവും നേടിയേക്കും.

എന്‍സിപി നേതാവ് സുനേത്ര പവാര്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് രാജിവെച്ച സീറ്റിലേക്കാണ് മഹാരാഷ്ട്രയില്‍ ഉപതെരഞ്ഞെടുപ്പ്. ഈ സീറ്റ് എന്‍ഡിഎ നിലനിര്‍ത്താനാണ് സാധ്യത. ജെഎംഎം-കോണ്‍ഗ്രസ് സഖ്യം രണ്ട് സീറ്റുകളിലും വിജയിക്കാന്‍ സാധ്യതയുണ്ടെങ്കിലും ക്രോസ് വോട്ടിങിലൂടെ ഒരു സീറ്റ് പിടിച്ചെടുക്കാന്‍ ബിജെപി ശ്രമം നടത്തുന്നുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.