രണ്ട് ഭാഗങ്ങളായി 'ദി റിസറക്ഷൻ ഓഫ് ദി ക്രിസ്തു'; മെൽ ഗിബ്സന്റെ ദൃശ്യവിസ്മയം 2027 ൽ തിയേറ്ററുകളിലേക്ക്

രണ്ട് ഭാഗങ്ങളായി 'ദി റിസറക്ഷൻ ഓഫ് ദി ക്രിസ്തു'; മെൽ ഗിബ്സന്റെ ദൃശ്യവിസ്മയം 2027 ൽ തിയേറ്ററുകളിലേക്ക്

വാഷിങ്ടൺ : ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ കഴിഞ്ഞ 20 വർഷത്തിലേറെയായി കാത്തിരിക്കുന്ന 'ദി പാഷൻ ഓഫ് ദി ക്രിസ്തു' എന്ന ചിത്രത്തിന്റെ തുടർച്ചയായ ‘ദി റിസറക്ഷൻ ഓഫ് ദി ക്രിസ്തു’ രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യും. ലയൺസ്ഗേറ്റ് പുറത്തുവിട്ട വിവര പ്രകാരം ചിത്രത്തിന്റെ ഒന്നാം ഭാഗം 2027 മേയ് ആറിനും രണ്ടാം ഭാഗം 2028 മേയ് 25-നും തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

ഇറ്റലിയിലെ റോം, ബാരി, മാറ്റേര ഉൾപ്പെടെയുള്ള വിവിധ നഗരങ്ങളിലായി 134 ദിവസങ്ങൾ നീണ്ടുനിന്ന ചിത്രീകരണം നിശ്ചയിച്ചതിലും നേരത്തെ പൂർത്തിയായതായി അണിയറപ്രവർത്തകർ അറിയിച്ചു. മെൽ ഗിബ്സൻ എന്ന സംവിധായകന്റെ അസാധാരണമായ ദൃശ്യവിസ്മയമാണ് ചിത്രത്തിലുള്ളതെന്നും ലൊക്കേഷനിൽ നിന്നുള്ള ഓരോ ദൃശ്യങ്ങളും കാൻവാസിൽ വരച്ച ചിത്രങ്ങൾ പോലെ ജീവസുറ്റതാണെന്നും ലയൺസ്ഗേറ്റ് മോഷൻ പിക്ചർ ഗ്രൂപ്പ് ചെയർമാൻ ആദം ഫോഗൽസൺ വ്യക്തമാക്കി.

ആദ്യ ഭാഗത്തിൽ യേശുക്രിസ്തുവായി അഭിനയിച്ച് ലോകശ്രദ്ധ നേടിയ ജിം കാവീകസെൽ തന്നെ രണ്ടാം ഭാഗത്തിലും എത്തിയേക്കുമെന്ന് ആരാധകർ കരുതിയിരുന്നെങ്കിലും, പൂർണമായും പുതിയ താരനിരയെയാണ് ചിത്രത്തിനായി തിരഞ്ഞെടുത്തത്. ഫിന്നിഷ് നടൻ യാക്കോ ഒഹ്തോനെൻ യേശു ക്രിസ്തുവായും ക്യൂബൻ നടി മരിയേല ഗാറിഗ മേരി മഗ്ദലീനായും വേഷമിടുന്നു. കാസിയ സ്മുത്നിയാക് പരിശുദ്ധ മറിയത്തെയും ഇറ്റാലിയൻ താരം പിയർ ലൂയിജി പാസിനോ ശീമോൻ പത്രോസിനെയും അവതരിപ്പിക്കും.

2004 ൽ പുറത്തിറങ്ങിയ 'ദി പാഷൻ ഓഫ് ദി ക്രിസ്തു' യേശുവിന്റെ ജീവിതത്തിലെ അവസാന മണിക്കൂറുകളെയും ക്രൂശീകരണത്തെയുമാണ് ദൃശ്യവൽക്കരിച്ചത്. ചില വിമർശകർ ചിത്രം അമിത അക്രമം നിറഞ്ഞതാണെന്ന് കുറ്റപ്പെടുത്തിയപ്പോൾ യേശുവിന്റെ കഷ്ടപ്പാടുകൾ അതിന്റെ ചരിത്രപരമായ യാഥാർത്ഥ്യത്തോടെ പകർത്തിയതിന് വലിയൊരു വിഭാഗം പ്രശംസിച്ചു.

അന്നത്തെ മാർപ്പാപ്പയായിരുന്ന ജോൺ പോൾ രണ്ടാമൻ ചിത്രം കാണുകയും സുവിശേഷ വിവരണങ്ങളെ അടിസ്ഥാനമാക്കിയുള്ള ചരിത്ര വസ്തുതകളുടെ ചലച്ചിത്രാവിഷ്കാരമാണിതെന്ന് വിലയിരുത്തി പോസിറ്റീവ് റിവ്യൂ നൽകുകയും ചെയ്തിരുന്നു. ഹോളിവുഡിൽ വലിയ സാമ്പത്തിക വിജയം നേടിയ ചിത്രം 370 ദശലക്ഷം ഡോളറാണ് യു.എസിൽ നിന്ന് മാത്രം സ്വന്തമാക്കിയത്. ഹോളിവുഡിൽ വിശ്വാസത്തിലധിഷ്ഠിതമായ സിനിമകൾക്ക് വലിയൊരു വിപണി തുറന്നുനൽകിയ ചിത്രം കൂടിയായിരുന്നു ഇത്. അതുകൊണ്ടുതന്നെ ഇതിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.