ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ്‌ഐആര്‍) നടപടി ശരിവെച്ച് സുപ്രീം കോടതി. രാജ്യത്ത് എസ്ഐആര്‍ നടപ്പിലാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അവകാശമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകള്‍ ഉറപ്പാക്കാന്‍ വോട്ടര്‍ പട്ടികയുടെ ശുദ്ധീകരണം ആവശ്യമാണ്. അതിനുവേണ്ടി എസ്ഐആര്‍ മുന്നോട്ട് കൊണ്ടു പോകാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിയമപരമായ അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ബിഹാറില്‍ എസ്ഐആര്‍ നടത്തുന്നതിനായി കഴിഞ്ഞ ജൂണില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തെ ചോദ്യം ചെയ്ത റിട്ട് ഹര്‍ജിയിലാണ് വിധി.
എസ്‌ഐആര്‍ നടപടികള്‍ ഭരണഘടനയ്ക്ക് കൂടുതല്‍ കരുത്ത് പകരുന്നതാണെന്ന് കോടതി പറഞ്ഞു. വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യുന്നത് ഒരാളുടെ പൗരത്വം നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡമല്ലെന്നും കോടതി വ്യക്തമാക്കി.
അയോഗ്യരായ പൗരന്മാരെ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പൂര്‍ണമായ അവകാശമുണ്ട്. എന്നിരുന്നാലും ഇതില്‍ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ കോടതിക്ക് ഇടപെടാം. പൗരത്വ നിര്‍ണയത്തിന് എസ്ഐആറുമായി യാതൊരു ബന്ധവുമില്ല.
അതിനാല്‍ വോട്ടര്‍പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്ത ഒരാള്‍ ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കാന്‍ സാധിച്ചാല്‍ അയാളെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനാകും. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം മൂന്നാം ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക വിധി വന്നിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.