തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതിയില്‍ റെയ്ഡ് നടത്തി മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഏഴ് പേര്‍ അറസ്റ്റില്‍. ഡിവൈഎഫ്‌ഐ നേമം ഏരിയ കമ്മിറ്റി പ്രസിഡന്റ് ശ്രീജിത്ത് അടക്കം ഏഴ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അക്രമത്തില്‍ പങ്കെടുത്ത പത്തുപേരെക്കൂടി വ്യക്തമായി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടന്‍ പിടികൂടുമെന്നും ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എച്ച്. വെങ്കടേഷ് അറിയിച്ചു.
ഒളിവിലുള്ള പ്രതികളുടെ ഫോട്ടോയും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.
അതേസമയം പ്രതികളെ പിടികൂടാന്‍ പൊലീസ് സിപിഎം പാര്‍ട്ടി ഓഫീസിലേക്ക് എത്തിയത് തലസ്ഥാനത്ത് വീണ്ടും നാടകീയ രംഗങ്ങള്‍ക്കും സംഘര്‍ഷത്തിനും വഴിവെച്ചു. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പാളയം ഏരിയ കമ്മിറ്റി ഓഫീസിലുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് വന്‍ പൊലീസ് സന്നാഹം ഓഫീസിലേക്ക് എത്തിയത്. എന്നാല്‍ പൊലീസ് നീക്കത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തടഞ്ഞതോടെ വന്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളും ഉണ്ടായി.
സംഭവ സ്ഥലത്തേക്ക് മുന്‍ മന്ത്രി വി. ശിവന്‍കുട്ടി അടക്കമുള്ള മുതിര്‍ന്ന സിപിഎം നേതാക്കള്‍ ഉടനടി എത്തുകയും പൊലീസുമായി ചര്‍ച്ച നടത്തുകയും ചെയ്തു. പ്രതികളെ പുറത്ത് നിന്ന് കിട്ടിയാല്‍ പിന്നെ പാര്‍ട്ടി ഓഫീസില്‍ കയറി പരിശോധിക്കേണ്ട കാര്യമില്ലെന്ന് എഡിജിപി എച്ച്. വെങ്കടേഷ് വ്യക്തമാക്കിയിട്ടുണ്ട്. നേതാക്കളുമായുള്ള ചര്‍ച്ചകളെത്തുടര്‍ന്ന് പാര്‍ട്ടി ഓഫീസിന് മുന്നിലെ കനത്ത പൊലീസ് കാവല്‍ തുടരുകയാണ്.
ബേക്കറി ജങ്ഷനിലെ പിണറായി വിജയന്റെ വസതിയില്‍ ഏഴ് മണിക്കൂര്‍ നീണ്ട റെയ്ഡിന് ശേഷം മടങ്ങുകയായിരുന്ന ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങളാണ് സിപിഎം പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തത്. കല്ലും ഇഷ്ടികയും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ വാഹനങ്ങളുടെ ചില്ലുകള്‍ തകരുകയും ഒരു ഇഡി ഡ്രൈവര്‍ക്കും പൊലീസ് ഉദ്യോഗസ്ഥനും പരിക്കേല്‍ക്കുകയും ചെയ്തു. വനിതാ ഉദ്യോഗസ്ഥര്‍ അടക്കമുള്ള സംഘം പത്ത് മിനിറ്റിലധികം ആള്‍ക്കൂട്ടത്തിനിടയില്‍ കുടുങ്ങി.
ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് അടിയന്തര റിപ്പോര്‍ട്ട് തേടാന്‍ തീരുമാനിച്ചു. വധശ്രമം, ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് നിലവില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.