ബോണ്ടി ബീച്ച് ഭീകരാക്രമണം: മൊഴി നൽകിയ ജൂത വംശജർക്ക് നേരെ ഭീഷണിയും സൈബർ ആക്രമണവും; നടപടിയുമായി ഓസ്‌ട്രേലിയ

ബോണ്ടി ബീച്ച് ഭീകരാക്രമണം: മൊഴി നൽകിയ ജൂത വംശജർക്ക് നേരെ ഭീഷണിയും സൈബർ ആക്രമണവും; നടപടിയുമായി ഓസ്‌ട്രേലിയ

സിഡ്നി: സിഡ്നിയിലെ ബോണ്ടി ബീച്ചിൽ നടന്ന ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്ന റോയൽ കമ്മീഷനു മുമ്പാകെ മൊഴി നൽകിയ സാക്ഷികൾക്കു നേരെ കടുത്ത സൈബർ ആക്രമണവും ഭീഷണിയും ഉണ്ടാകുന്നതായി റിപ്പോർട്ട്. ഓസ്‌ട്രേലിയൻ സർക്കാരിന്റെ ‘റോയൽ കമ്മീഷൻ ഓൺ ആന്റിസെമിറ്റിസം ആൻഡ് സോഷ്യൽ കോഹെഷൻ’ മേധാവി വിർജീനിയ ബെല്ലാണ് ഇക്കാര്യം പരസ്യമാക്കിയത്.

ഭീഷണിപ്പെടുത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമ നടപടികൾ ഉണ്ടാകുമെന്നും ഇത്തരത്തിൽ ഉയർന്നുവന്ന ഒരു പരാതി ഇതിനകം തന്നെ ഓസ്‌ട്രേലിയൻ ഫെഡറൽ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും മുൻ ഹൈക്കോടതി ജഡ്ജി കൂടിയായ വിർജീനിയ ബെൽ വ്യക്തമാക്കി. കഴിഞ്ഞ ഡിസംബറിൽ ഹനുക്ക ആഘോഷത്തിനിടെ 15 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തെക്കുറിച്ചുള്ള രണ്ടാം ഘട്ട പരസ്യ വിചാരണയ്ക്കിടെയായിരുന്നു അവരുടെ കടുത്ത പ്രതികരണം.

കമ്മീഷന് മുമ്പാകെ ഹാജരായി സാക്ഷി പറഞ്ഞ നിരവധി ജൂത വംശജരെ ലക്ഷ്യമിട്ടാണ് ഓൺലൈൻ വഴി വലിയ രീതിയിൽ വിദ്വേഷ സന്ദേശങ്ങളും ഭീഷണികളും ഉണ്ടാകുന്നത്. ഒരു റോയൽ കമ്മീഷനെ സഹായിക്കുന്ന സാക്ഷികളെ ഭീഷണിപ്പെടുത്തുന്നത് അതീവ ഗുരുതരമായ കുറ്റമാണ്. അന്വേഷണം അട്ടിമറിക്കാനോ സാക്ഷികളുടെ വായടപ്പിക്കാനോ ഉള്ള ഇത്തരം ഫാസിസ്റ്റ് ശ്രമങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്ന് കമ്മീഷൻ മുന്നറിയിപ്പ് നൽകി.

സാക്ഷികൾക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്ന സോഷ്യൽ മീഡിയ പോസ്റ്റുകളും അക്കൗണ്ടുകളും കമ്മീഷൻ കർശനമായി നിരീക്ഷിക്കുകയും അവയുടെ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുകയും ചെയ്യുന്നുണ്ട്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തുണ്ടായ വർഗീയ വേർതിരിവുകളെയും വിദ്വേഷ പ്രചാരണങ്ങളെയും കുറിച്ചുള്ള അന്വേഷണവുമായി കമ്മീഷൻ ശക്തമായി മുന്നോട്ട് പോകുമെന്നും വിർജീനിയ ബെൽ കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.