ചെലവ് കുറഞ്ഞ ചികിത്സയും ലഹരി വിമുക്ത കേരളവും ലക്ഷ്യം; വി.ഡി സതീശന്‍ സര്‍ക്കാരിന്റെ പ്രഥമ നയ പ്രഖ്യാപനവുമായി ഗവര്‍ണര്‍

ചെലവ് കുറഞ്ഞ ചികിത്സയും ലഹരി വിമുക്ത കേരളവും ലക്ഷ്യം; വി.ഡി സതീശന്‍ സര്‍ക്കാരിന്റെ പ്രഥമ നയ പ്രഖ്യാപനവുമായി ഗവര്‍ണര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ചെലവ് കുറഞ്ഞ ചികിത്സ ഉറപ്പാക്കുമെന്നും ലഹരി മുക്ത കേരളത്തിനായി പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും പ്രഖ്യാപിച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ നയപ്രഖ്യാപന പ്രസംഗം. തികച്ചും സുതാര്യവും അഴിമതി മുക്തവുമായ ഭരണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് അദേഹം വ്യക്തമാക്കി. പുതുതായി അധികാരമേറ്റ വി.ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിനാണ് ഇന്ന് നിയമസഭ സാക്ഷ്യം വഹിച്ചത്.

നിയമസഭാ മന്ദിരത്തിലെത്തിയ ഗവര്‍ണറെ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മുഖ്യമന്ത്രി വി.ഡി സതീശന്‍, പാര്‍ലമെന്ററികാര്യ മന്ത്രി സണ്ണി ജോസഫ് എന്നിവര്‍ ചേര്‍ന്ന് ഔദ്യോഗികമായി സ്വീകരിച്ചു.

സംസ്ഥാന നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായി വന്ദേമാതരം ആലപിച്ചുകൊണ്ടാണ് ഇന്നത്തെ സഭാ നടപടികള്‍ക്ക് തുടക്കമിട്ടത്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് തൊട്ടുമുമ്പായിരുന്നു വന്ദേമാതരത്തിന്റെ ആദ്യ ഭാഗം പൊലീസ് ബാന്‍ഡ് വായിച്ചത്. വന്ദേമാതരം പൂര്‍ണമായി ആലപിക്കണമെന്ന രാജ്ഭവന്റെ നിര്‍ദേശം ഉണ്ടായിരുന്നെങ്കിലും ആദ്യ ഭാഗം മാത്രം പ്ലേ ചെയ്യാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഇത് സഭയ്ക്കുള്ളില്‍ നേരിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു.

നയപ്രഖ്യാപനത്തിലെ പ്രധാന വാഗ്ദാനങ്ങളും പദ്ധതികളും

ആരോഗ്യം, വിദ്യാഭ്യാസം, പൊതുവിതരണം, ക്രമസമാധാനം തുടങ്ങിയ മേഖലകള്‍ക്ക് വലിയ ഊന്നല്‍ നല്‍കുന്നതാണ് പുതിയ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം.

പ്രധാന പ്രഖ്യാപനങ്ങള്‍

ലഹരി മാഫിയക്കെതിരെ കര്‍ശന നടപടി: ലഹരി വിമുക്ത കേരളം യാഥാര്‍ത്ഥ്യമാക്കാന്‍ പ്രത്യേക കര്‍മ്മ പദ്ധതി രൂപീകരിക്കും. മയക്കുമരുന്ന് മാഫിയകളുടെ വേരറുക്കാന്‍ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും.

ആരോഗ്യ മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ്: സാധാരണക്കാര്‍ക്ക് ചെലവ് കുറഞ്ഞ ചികിത്സ ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം. ആരോഗ്യ മേഖലയെ ആധുനിക സൗകര്യങ്ങളോടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും.

സഹകരണ മേഖലയിലെ തട്ടിപ്പുകള്‍ക്ക് തടയിടും: സഹകരണ മേഖലയില്‍ ജനങ്ങളുടെ വിശ്വാസ്യത തകര്‍ക്കുന്ന തരത്തിലുള്ള തട്ടിപ്പുകളെയും ക്രമക്കേടുകളെയും കര്‍ശനമായി നേരിടും.

പൊതുവിതരണ സംവിധാനം വിപുലീകരിക്കും: സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ആധുനിക രീതിയില്‍ നവീകരിക്കും. സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസകരമായ മാവേലി സ്റ്റോറുകളുടെയും റേഷന്‍ കടകളുടെയും എണ്ണം വര്‍ധിപ്പിക്കും.

വിദ്യാഭ്യാസ-ഗവേഷണ മേഖലകള്‍ക്ക് പിന്തുണ: ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വരുന്ന സ്‌കോളര്‍ഷിപ്പുകളുടെ എണ്ണവും തുകയും വര്‍ധിപ്പിക്കും. സര്‍വകലാശാലകളുടെ ഭരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ അക്കാദമിക് സിന്‍ഡിക്കേറ്റിന് രൂപം നല്‍കും.

വ്യാപാര-ടൂറിസം വികസനം: കേരളത്തിന്റെ പാരമ്പര്യ സുഗന്ധ വ്യഞ്ജനങ്ങളുടെ വില്‍പനയും കയറ്റുമതിയും പ്രോത്സാഹിപ്പിക്കുന്നതിനായി പബ്ലിക്-പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് മാതൃകയില്‍ പ്രത്യേക പാര്‍ക്ക് സ്ഥാപിക്കും. ഒപ്പം സംസ്ഥാനത്ത് തീര്‍ത്ഥാടന ടൂറിസം വിപുലമാക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കും.

കേന്ദ്ര പിന്തുണയ്ക്ക് ആഹ്വാനം: കേരളത്തിന്റെ സമഗ്ര വികസനത്തിനായി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അര്‍ഹമായ പിന്തുണയും സാമ്പത്തിക സഹായങ്ങളും സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതായും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.