ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ പരിരക്ഷ; ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചു

 ഓരോ കുടുംബത്തിനും  25 ലക്ഷം രൂപയുടെ പരിരക്ഷ; ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: യുഡിഎഫ് പ്രകടന പത്രികയിലെ അഞ്ച് പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരിലുള്ള സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

വി.ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറാണ് പദ്ധതി പ്രഖ്യാപിച്ചത്. ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം ഒരു കുടുംബത്തിന് വര്‍ഷം 25 ലക്ഷം എന്ന കണക്കില്‍ കവറേജ് നല്‍കും.

സ്വകാര്യ ആശുപത്രികളിലെ വിലകൂടിയ പരിശോധനകളും ഐസിയു സൗകര്യങ്ങളും കാന്‍സര്‍ ചികിത്സയും ഉള്‍പ്പെടെ ഈ ഒറ്റ പദ്ധതിയുടെ കീഴില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജനങ്ങളെ സംബന്ധിച്ചിടത്തോളം പണമില്ലാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിക്കപ്പെടില്ല എന്ന ഉറപ്പ് ലഭിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കണമെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ പ്രീമിയം ഇനത്തില്‍ കൃത്യമായി അടയ്‌ക്കേണ്ടതുണ്ട്.

പദ്ധതി എങ്ങനെ നടപ്പിലാക്കുമെന്ന് പ്രഖ്യാപനത്തില്‍ പറയുന്നില്ല. എന്നു മുതല്‍ നടപ്പിലാക്കുമെന്നും വ്യക്തമല്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ആരംഭിച്ച കാരുണ്യ പദ്ധതി പരിഷ്‌കരിച്ച് നടപ്പിലാക്കുകയാണോ അതോ മറ്റ് സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പദ്ധതികളെ സംയോജിപ്പിച്ചാണോ നടപ്പിലാക്കുക എന്നുള്ളത് തുടര്‍ന്നുള്ള ദിവസങ്ങളില്‍ വ്യക്തമാകും. തിരഞ്ഞെടുപ്പ് വാഗ്ദാനം അനുസരിച്ച് സാമ്പത്തിക ഭേദമന്യെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന പദ്ധതിയാകുമോ എന്ന കാര്യത്തിലും വ്യക്തത കൈവരാനുണ്ട്.

തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് ഉയര്‍ത്തിക്കാട്ടിയ എറ്റവും പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പേരിലുള്ള സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി. കേരളത്തിന്റെ ആരോഗ്യ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സാധാരണക്കാരുടെ കണ്ണീരൊപ്പിയ പദ്ധതിയായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടപ്പിലാക്കിയ കാരുണ്യ.

ആ കാരുണ്യത്തിന്റെ സ്മരണകളെ വീണ്ടും ഉണര്‍ത്തിക്കൊണ്ടാണ് യുഡിഎഫ് പുതിയ ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി അവതരിപ്പിച്ചത്. വോട്ടര്‍മാര്‍ക്കിടയില്‍ ഇത് വലിയ ചര്‍ച്ചയായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.