ലഹരിക്കെതിരെ സര്‍ക്കാര്‍: സംസ്ഥാനത്ത് ആന്റി ഡ്രഗ് മിഷന്‍ ആരംഭിക്കും; മയക്കുമരുന്ന് കേസിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും

ലഹരിക്കെതിരെ സര്‍ക്കാര്‍: സംസ്ഥാനത്ത് ആന്റി ഡ്രഗ് മിഷന്‍ ആരംഭിക്കും; മയക്കുമരുന്ന് കേസിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും

തിരുവനന്തപുരം: ലഹരി മാഫിയക്കെതിരെ കര്‍ശന മുന്നറിയിപ്പുമായി വി.ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം. സംസ്ഥാനത്ത് ലഹരി മാഫിയകളെ അടിച്ചമര്‍ത്തുമെന്ന് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേകര്‍ വ്യക്തമാക്കി. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് പിടിയിലാകുന്നവരുടെ സ്വത്ത് കണ്ടുകെട്ടും.

ലഹരി മാഫിയയെ നേരിടുന്നതിനുള്ള ശക്തമായ നടപടികള്‍, വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള ബോധവല്‍ക്കരണം, ലഹരിക്ക് അടിമപ്പെട്ടവര്‍ക്കുള്ള പുനരധിവാസം എന്നീ മൂന്ന് തൂണുകളില്‍ അധിഷ്ഠിതമായ തന്ത്രമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.

ഇതിന്റെ ഭാഗമായി വരാനിരിക്കുന്ന അധ്യയന വര്‍ഷത്തില്‍ ജൂണ്‍ മാസം മുതല്‍ ആഭ്യന്തര, ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളുമായി ചേര്‍ന്ന് കുട്ടികളെയും യുവാക്കളെയും ലഹരിയില്‍ നിന്ന് സംരക്ഷിക്കുന്നതിനായി സംസ്ഥാനതല ആന്റി ഡ്രഗ് മിഷന്‍ ആരംഭിക്കും. ഘട്ടം ഘട്ടമായി മദ്യപാനം കുറയ്ക്കാനുള്ള സമഗ്രമായ നയം സ്വീകരിക്കുമെന്നും നയപ്രഖ്യാപനത്തില്‍ പറയുന്നു.

ലഹരി മാഫിയകളെയും സംഘടിത കുറ്റകൃത്യങ്ങളെയും അടിച്ചമര്‍ത്തുന്നതിനായി എക്സൈസ് വകുപ്പിനെ അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പൂര്‍ണമായും നവീകരിക്കും. കാലഹരണപ്പെട്ട രീതികള്‍ ഉപേക്ഷിച്ച്, ഡിജിറ്റല്‍ നിരീക്ഷണ സംവിധാനങ്ങള്‍, സൈബര്‍ മോണിറ്ററിങ്, ശക്തിപ്പെടുത്തിയ ഇന്റലിജന്‍സ് ശൃംഖലകള്‍ എന്നിവയിലൂടെ ലഹരി മരുന്നിന്റെ വിതരണ ശൃംഖലകള്‍ തകര്‍ക്കുകയാണ് ഈ മാറ്റത്തിന്റെ പ്രധാന ലക്ഷ്യമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.