ഉഗാണ്ട എന്ന പേര് കേൾക്കുമ്പോൾ, ഒരു പക്ഷെ നമ്മൾ ഓർമ്മിക്കുന്നത് ഈദി അമിനെക്കുറിച്ചോ നരഭോജികളെക്കുറിച്ചോ ഒക്കെ ആയിരിക്കും. പക്ഷെ, പതിനെട്ടാം നൂറ്റാണ്ടിൻറെ അന്ത്യഘട്ടത്തിൽ മാത്രം കത്തോലിക്ക വിശ്വാസം ആദ്യമായി വന്ന ആഫ്രിക്കൻ രാജ്യങ്ങളിലെ ജനങ്ങളിൽ നിന്നും നമ്മൾ വളരെയേറെ പഠിക്കണ്ടതുണ്ട്. ദിവസവും വിശുദ്ധ കുർബാനയിൽ പങ്കെടുത്തും വിശുദ്ധ കുർബാന സ്വീകരിച്ചും മാത്രം ജോലിക്കു പോകുന്ന വിശ്വാസികളാണിവിടെ. ഏതൊരു ഓഫീസ് മീറ്റിങ്ങു മുതൽ നിയമസഭാ ചർച്ചകൾ വരെ ക്രൈസ്തവ പ്രാർത്ഥനയിൽ തുടങ്ങി മുന്നോട്ടു പോകുന്നവരാണിവർ. രാജ്യമാകെ എല്ലാ മതവിഭാഗങ്ങളെയും ഉൾപ്പെടുത്തിയുള്ള വാർഷിക നാഷണൽ പ്രയർ മീറ്റിംഗിൽ ഉഗാണ്ട പ്രസിഡണ്ടും മന്ത്രിമാരും എംപിമാരും മറ്റുദ്യോഗസ്ഥന്മാരും ഒന്നുചേർന്ന് പ്രാർത്ഥിക്കുന്ന പാരമ്പര്യമാണിവിടെ. ഈ കോവിഡ് -19 കാലഘട്ടത്തിലും പരീക്ഷിച്ചു വിജയം നേടാത്ത മരുന്നുകൾക്ക് മുമ്പെ, അനുഭവിച്ചറിഞ്ഞ പ്രാർത്ഥനയുടെ ശക്തിയിലാണ് ഈ രാജ്യം ഒന്നടങ്കം അഭയം തേടുന്നത് .പുരോഹിതന്മാരോടും സന്യാസിനികളോടും അതീവ ബഹുമാനം പുലർത്തുന്ന ഒരു കൂട്ടം വെളുത്ത മനസ്സുള്ള കറുത്ത മനുഷ്യരുടെ പറുദീസയാണ് ഉഗാണ്ട. മറ്റു രാജ്യങ്ങളിൽ നിന്നും ഇവിടെ ജോലിക്കായും മറ്റു നിർമ്മാണ, കച്ചവട പ്രവർത്തങ്ങൾക്കായും വന്നവരെ അതിഥികളായി കരുതുന്ന നാലുകോടി ജനസംഖ്യയൂള്ള പ്രദേശമാണിത്. ഇതെല്ലാം കണ്ടും കൊണ്ടും അതെ സമയം നമ്മുടെ നാട്ടിലെ പുരോഹിതന്മാർക്കും സന്യാസ സമൂഹങ്ങൾക്കുമെതിരായുള്ള ചിലരുടെ നാശകരമായ വിമർശനങ്ങളും സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗവും എല്ലാം കാണുമ്പോഴും കേൾക്കുമ്പോളും ഏതാണ് ദൈവത്തിന്റെ സ്വന്തം നാട് എന്ന് ഒരിക്കൽ കൂടി ചിന്തിച്ചുറപ്പിക്കേണ്ടിയിരിക്കുന്നു !
ലിയോ പതിമൂന്നാമൻ മാർപാപ്പയുടെ നിർദ്ദേശപ്രകാരം, 1860 ൽ അൽജിയർസ്ൻറെയും കാർത്തേജിന്റെയും അർച്ചബിഷപ്ആയിരുന്ന ഫ്രഞ്ച് കർദിനാൾ ചാൾസ് ലേവിഗിരി സ്ഥാപിച്ച 'വൈറ്റ് ഫാദേഴ്‌സ്' സന്യാസ സമൂഹമാണ് ഇവിടുത്തെ ആദ്യ കത്തോലിക്ക മിഷനറിമാർ . ഇവരെ 'വൈറ്റ് ഫാദേഴ്‌സ്' എന്ന് വിളിച്ചിരുന്നത് അവരുടെ തൊലി നിറം കൊണ്ടല്ല, മറിച്ചു ,അവർ ധരിച്ചിരുന്ന നീണ്ടു വെളുത്ത ഉടുപ്പു കാരണമായിരുന്നു.
യഥാർത്ഥത്തിൽ, കത്തോലിക്ക മിഷനറിമാരും ആംഗ്ലിക്കൻ മിഷനറിമാരും ഇവിടെ വന്നത്, അന്നത്തെ രാജാവായിരുന്ന മുട്ടീസാ ഒന്നാമൻറെ ക്ഷണപ്രകാരമായിരുന്നു. രാജാവ്, അതെ സമയം, ഇപ്പോഴത്തെ ടാൻസാനിയയിലെ, സാന്സിബാറിൽ നിന്നും മുസ്ലിം പണ്ഡിതരെയും ക്ഷണിച്ചിരുന്നു. ഈ മൂന്ന് മത വിഭാഗങ്ങളും രാജാവിന്റെ അനുചരന്മാരെ തങ്ങളുടെ മതത്തിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള ഒരു ത്രികോണ മത്സരം നടത്തിയിരുന്നു. മുട്ടീസാ ഒന്നാമന്റെ മരണശേഷം മകനായ മുവാങ്ക രണ്ടാമൻ ഒരു മുസ്ലിം മത വിശ്വാസിയായിത്തീർന്നു. പാപത്തെക്കുറിച്ചുള്ള ക്രൈസ്തവരുടെ പ്രബോധനങ്ങൾ, അദ്ദേഹത്തിന് ക്രൈസ്തവരോടുള്ള വിദ്വേഷം വർദ്ധിക്കാൻ കാരണമായി. സ്ത്രീകളോടുള്ള അദ്ദേഹത്തിന്റെ പാപകരമായ സമീപനം , ക്രൈസ്തവരുടെ നിലപാടുകൾക്കെതിരായിരുന്നു.
രാജാവിന്റെ ക്രൈസ്തവ വിരോധത്തിന്റെയും തന്മൂലമുണ്ടായ അതിക്രൂരമായ മതമർദ്ദനത്തിന്റെയും ഫലമായി 45 ക്രൈസ്തവ വിശ്വാസികൾ ചുട്ടുകൊല്ലപ്പെട്ടു. ഇതിൽ, 23 ആംഗ്ലിക്കൻ സഭാവിശ്വാസികളും 22 കത്തോലിക്ക വിശ്വാസികളും ഉൾപ്പെട്ടിരുന്നു.
അഗ്നിക്കിടയിൽ കത്തിയെരിയുമ്പോഴും കത്തോലിക്ക വിശ്വാസം മുറുകെപ്പിടിച്ചുകൊണ്ട് സെൻറ് ചാൾസ് ലുവാങ്കയും കൂട്ടുകാരും ഒന്നടങ്കം വിശ്വാസത്തോടെ വിളിച്ചു പറഞ്ഞു - "നിങ്ങൾ, ഞങ്ങളുടെ മേൽ തീ കോരിയിടുന്നു; എന്നാൽ ഞങ്ങൾക്ക് ഇതു വെള്ളം പോലെയാണ്". അവസാനം, അവർ ഒന്നടങ്കം വിളിച്ചു പറഞ്ഞു - "കാട്ടോണ്ടാ" - ആഫ്രിക്കൻ ഭാഷയിൽ, ഇതിനർത്ഥം
" എന്റെ ദൈവമേ " എന്നാണ് .
1920 ജൂൺ ആറാം തിയതി ബെനഡിക്ട് പതിനഞ്ചാമൻ മാർപാപ്പ ഈ 22 കത്തോലിക്കരെ ദൈവദാസ പദവിയിലേക്കും , പിന്നീട് പോൾ ആറാമൻ മാർപാപ്പ ഇവരെ 1964 ഒക്ടോബർ 18 ആം തിയതി വിശുദ്ധ പദവിയിലേക്കും ഉയർത്തി.
ആ 22 വിശുദ്ധരുടെ പേരുകൾ ഇവയാണ് : (1 ) അച്ചെല്ലെയ്‌സ് ചിവാനുക (2 ) അഡോൾഫസ് ല്യൂഡിഗോ മുക്കാസ (3 ) അംബ്രോസിയൂസ് ചിബൂക്ക (4 ) അനറ്റോളി ചിരിഗ്വാജോ (5 ) ആൻഡ്രൂ കാഗ്വാ (6 ) അന്റനൻസിയോ ബാസ്‌ക്ക്‌യൂകെട്ട (7 ) ബ്രൂണോ സെറുങ്കുമ്മ (8 ) ചാൾസ് ലുവാങ്ക (9 ) ഡെനിസ് സെബുഗവാവോ (10 ) ഗോൺസാഗ ഗോൺസാ (11 ) ഗ്യാവിര മുസോക്കെ (12 ) ജെയിംസ് ബുസബാല്യവോ (13 ) ജോൺ മരിയ മുസീയീ (14 ) ജോസഫ് മുക്കാസ (15 ) കിസീറ്റോ (16 )ലുക്കാ ബാനബാക്കിണ്ടു (17 ) മാത്യ മുളുമ്പ (18 ) എംബാഗാ ട്യൂഡിന്ടെ (19 ) മുഗാഗ ലുബോവ (20 ) മുക്കാസ ചിരിവവനവു (21 ) നോവ മാവേഗലി (22 ) പൊൻഷ്യനോ ഗോണ്ടവെ.
ഉഗാണ്ട രക്തസാക്ഷികൾ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയതിന്റെ സുവർണ ജൂബിലിയാഘോഷങ്ങളുടെ പരിസമാപ്തി ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പ, 2015 നവംബർ 27 ആം തിയതി വിശുദ്ധരുടെ വിശ്വാസപ്രഖ്യാപനവേദിയായ 'നമുഗോങ്കോ മാർട്ടിയേഴ്സ് കാത്തലിക് ചർച്ചി'ൽ വിശുദ്ധ കുർബാന അർപ്പിച്ചു. മാർപാപ്പയുടെ ‘ആംഗ്ലിക്കൻ മാർട്ടിയേഴ്സ് ചർച്ചു’സന്ദർശനവും തുടർന്നു ആംഗ്ലിക്കൻ ബിഷപ്പ്‌മാരുടെ കത്തോലിക്ക പള്ളി സന്ദർശനവും ഇന്നാട്ടിലെ ജനങ്ങളുടെ മാർപാപ്പയോടുള്ള ബഹുമാനം പതിന്മടങ്ങു വർദ്ധിപ്പിക്കാൻ കാരണമായി . ‘മുൻയോൻയോ മാർട്ടിയേഴ്സ് ചർച്’ സുവർണ ജൂബിലി സ്മാരകം ഫ്രാൻസിസ് മാർപാപ്പ ഉത്ഘാടനം ചെയ്യുകയുണ്ടായി.
ഫ്രഞ്ച് മിഷനറിമാർ സ്ഥാപിച്ച വൈറ്റ് ഫാദേഴ്‌സ് മിഷനറി സമൂഹം പിന്നീട് മിഷനറീസ് ഓഫ് ആഫ്രിക്ക എന്ന പേരിൽ ആഫ്രിക്കയിലെ പല രാജ്യങ്ങളിലും പ്രവർത്തിച്ചു വരുന്നു. ഉഗാണ്ടയിലെ കേരള കത്തോലിക്ക വിശ്വാസികൾ എല്ലാ ഞായറാഴ്ചകളിലും മലയാളത്തിൽ കുർബാന അർപ്പിക്കുന്നത് മിഷനറീസ് ഓഫ് ആഫ്രിക്ക ചാപ്പലിൽ ആണെന്നുള്ളതു, പ്രത്യേകം എടുത്തു പറയേണ്ടതാണ്. കേരളത്തിൽ നിന്നുള്ള വിവിധ സന്യാസ സമൂഹങ്ങളിലുള്ള വൈദീകരുടെ നേതൃത്വത്തിൽ സിറോമലബാർ ക്രമത്തിലുള്ള മലയാളം കുർബാന, വേദപാഠം,വിൻസെന്റ് ഡി പോൾ, ഒക്ടോബർമാസ കൊന്ത എന്നീ ആത്മീയ ശുശ്രൂകളും നടത്തിപ്പോരുന്നു.
ഉഗാണ്ടയിലെ വിശുദ്ധരെ, വിശുദ്ധ പദവിയിലേക്ക് എത്തിക്കാൻ ഏറ്റവും പ്രധാനമായി വത്തിക്കാൻ സ്വീകരിച്ച ഒരത്ഭുതം, അവരുടെ മദ്ധ്യസ്ഥതയിൽ ഒരു കോൺവെന്റിൽ കന്യാസ്ത്രികൾക്കു പടർന്നു പിടിച്ച മരുന്നില്ലാത്ത ഭീകര പകർച്ചവ്യാധിയായ ബുബോണിക് പ്ലേഗ് അത്ഭുകരമായി മാറിയതാണ്. വിശ്വാസ തീക്ഷ്ണതയുടെ പ്രതീകങ്ങളായി മാറിയ ഈ ഉഗാണ്ടൻ വിശുദ്ധർ ആധുനിക ലോകത്തിനു ഉത്തമ മാതൃകയാണ് .
വർഗീസ് തമ്പി
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26