ന്യൂഡൽഹി: അതിർത്തിയിലെ ശത്രുതയിൽ താൽകാലിക വിരാമം ഉണ്ടായിട്ടുണ്ടെങ്കിലും ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും തുടരുകയാണെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ഭാവിയിൽ ഉണ്ടായേക്കാവുന്ന ഏതൊരു അടിയന്തര സാഹചര്യത്തെയും നേരിടാൻ ഇന്ത്യൻ സൈന്യം അതീവ ജാഗ്രതയോടെയാണ് നിലകൊള്ളുന്നതെന്ന് അദേഹം വ്യക്തമാക്കി.
സാഹചര്യം ആവശ്യപ്പെടുകയാണെങ്കിൽ 'ഓപ്പറേഷൻ സിന്ദൂർ 2.0' നടപ്പിലാക്കാൻ കരസേനയും വ്യോമസേനയും നാവികസേനയും സംയുക്തമായി സജീവ തയ്യാറെടുപ്പുകൾ നടത്തുന്നുണ്ടെന്ന് ജനറൽ ദ്വിവേദി അറിയിച്ചു. മൂന്ന് സേനകളും തമ്മിലുള്ള ഏകോപനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഭാവിയിലെ ആധുനിക യുദ്ധമുറകളുടെ ആവശ്യകതകൾക്കനുസരിച്ച് പോരാട്ടവീര്യം മെച്ചപ്പെടുത്തുന്നതിനുമാണ് ഇപ്പോൾ പ്രതിരോധ മേഖല പ്രത്യേക ശ്രദ്ധ നൽകുന്നതെന്നും സേനാ മേധാവി കൂട്ടിച്ചേർത്തു.
ആധുനിക യുദ്ധക്കളങ്ങൾ അത്യന്തം സുതാര്യമാണെന്നും ആധുനിക നിരീക്ഷണ സംവിധാനങ്ങളുടെ കരുത്തിൽ ശത്രുക്കളുടെ ഓരോ നീക്കവും 24 മണിക്കൂറും തത്സമയം നിരീക്ഷിക്കാൻ ഇന്ത്യയ്ക്ക് സാധിക്കുന്നുണ്ടെന്നും കരസേനാ മേധാവി ചൂണ്ടിക്കാട്ടി. ഇന്റലിജൻസ് കഴിവുകൾ വലിയ തോതിൽ വർധിച്ചതോടെ അതിർത്തി മേഖലകളിലെ സൈനിക വിന്യാസത്തിലും തന്ത്രപരമായ ആസൂത്രണത്തിലും കൂടുതൽ ജാഗ്രതയും സുരക്ഷയും ആവശ്യമാണ്.
പ്രതിസന്ധി ഘട്ടങ്ങളിൽ രാജ്യം ഒന്നടങ്കം വിശ്വസനീയമായ വിവര സ്രോതസുകളിൽ മാത്രം വിശ്വാസമർപ്പിക്കുന്നത് വിജയത്തിന് അത്യന്താപേക്ഷിതമാണ്. ജനങ്ങൾക്കിടയിലുള്ള വിശ്വാസവും ഐക്യവുമാണ് രാജ്യത്തിന്റെ യഥാർത്ഥ കരുത്ത് വർധിപ്പിക്കുന്നതെന്നും ജനറൽ ഉപേന്ദ്ര ദ്വിവേദി ഓർമിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.