സിഎംആര്‍എല്ലിനെതിരായ ഇ.ഡി നടപടിക്ക് വെള്ളിയാഴ്ച വരെ വിലക്ക്; വീണയ്‌ക്കെതിരായ അന്വേഷണം തുടരാമെന്നും ഹൈക്കോടതി

സിഎംആര്‍എല്ലിനെതിരായ ഇ.ഡി നടപടിക്ക് വെള്ളിയാഴ്ച വരെ വിലക്ക്; വീണയ്‌ക്കെതിരായ  അന്വേഷണം തുടരാമെന്നും ഹൈക്കോടതി

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി പറയാനായി മാറ്റി.

വിധി പറയുന്ന വെള്ളിയാഴ്ച വരെ സിഎംആര്‍എല്ലിനെതിരെ യാതൊരു വിധത്തിലുള്ള കര്‍ശന നടപടികളും പാടില്ലെന്ന് ജസ്റ്റിസ് രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ച് ഇഡിക്ക് നിര്‍ദേശം നല്‍കി.

അപ്പീലില്‍ അന്തിമ തീരുമാനം എടുക്കുന്നതു വരെ ഹര്‍ജിക്കാര്‍ക്ക് നീതി ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് കോടതി വ്യക്തമാക്കി. അതേസമയം കോടതി നല്‍കിയ ഈ സംരക്ഷണം അപ്പീല്‍ ഹര്‍ജി നല്‍കിയ സിഎംആര്‍എല്‍ കമ്പനിക്ക് മാത്രമാണ്. കേസിലെ മറ്റു കക്ഷികളായ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിന് ഇഡിക്ക് നിലവില്‍ നിയമപരമായ തടസങ്ങളില്ലെന്ന് കോടതി അറിയിച്ചു.

അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന സിഎംആര്‍എല്ലിന്റെ ആവശ്യം അംഗീകരിക്കാതിരുന്ന കോടതി ഇന്ന് രണ്ട് മണിക്കൂറിലധികം ഇരുകക്ഷികളുടെയും വാദം കേട്ട ശേഷം വെള്ളിയാഴ്ച വിധി പറയാനായി മാറ്റി വയ്ക്കുകയായിരുന്നു.

2024 ല്‍ തങ്ങള്‍ക്ക് സമന്‍സ് കിട്ടുമ്പോള്‍ കൃത്യമായ ഒരു എഫ്‌ഐആറോ അല്ലെങ്കില്‍ ഔദ്യോഗിക പരാതിയോ ഉണ്ടായിരുന്നില്ല എന്നാണ് സിഎംആര്‍എല്‍ പ്രധാനമായും വാദിച്ചത്. രേഖകളൊന്നും ഇല്ലാതെയാണ് കേന്ദ്ര ഏജന്‍സി തങ്ങള്‍ക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം അന്വേഷണവുമായി മുന്നോട്ട് പോകുന്നതെന്നും കമ്പനി പറഞ്ഞു. ചെയ്യാത്ത സേവനത്തിന് പ്രതിഫലമായി രണ്ടുകോടിയിലധികം രൂപ കൈപ്പറ്റിയതിന് തെളിവുകളുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു.

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊല്യൂഷന്‍സിന് സിഎംആര്‍എല്‍ നല്‍കിയ തുകയുമായി ബന്ധപ്പെട്ട് സമന്‍സ് അയക്കാന്‍ ഇ.ഡിക്ക് നിയമപരമായ അധികാരമില്ലെന്നാണ് കമ്പനിയുടെ വാദം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.