സിബിഎസ്ഇ പ്ലസ് ടു പുനര്‍ മൂല്യനിര്‍ണയം: പോര്‍ട്ടല്‍ സജീവമായി; അപേക്ഷിക്കാന്‍ ജൂണ്‍ ആറ് വരെ സമയം

സിബിഎസ്ഇ പ്ലസ് ടു പുനര്‍ മൂല്യനിര്‍ണയം: പോര്‍ട്ടല്‍ സജീവമായി; അപേക്ഷിക്കാന്‍ ജൂണ്‍ ആറ് വരെ സമയം

ന്യൂഡല്‍ഹി: സാങ്കേതിക തകരാറുകളെത്തുടര്‍ന്ന് തടസപ്പെട്ട സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ പുനര്‍ മൂല്യനിര്‍ണയത്തിനുള്ള വെബ്സൈറ്റ് ഒടുവില്‍ പ്രവര്‍ത്തനക്ഷമമായി. പോര്‍ട്ടലിലെ തകരാറുകള്‍ പൂര്‍ണമായി പരിഹരിച്ചതായും വിദ്യാര്‍ത്ഥികള്‍ക്ക് ജൂണ്‍ ആറ് വരെ അപേക്ഷ സമര്‍പ്പിക്കാമെന്നും സിബിഎസ്ഇ അറിയിച്ചു.

മെയ് അവസാന വാരത്തോടെ ആരംഭിക്കേണ്ടിയിരുന്ന അപേക്ഷാ നടപടികളാണ് പോര്‍ട്ടലിലെ സാങ്കേതിക പിഴവുകള്‍ കാരണം വൈകിയത്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം ഐഐടി മദ്രാസ്, ഐഐടി കാണ്‍പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധ സംഘവും സൈബര്‍ സുരക്ഷാ ഉദ്യോഗസ്ഥരും ദിവസങ്ങളോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് പോര്‍ട്ടല്‍ പൂര്‍ണ സജ്ജമാക്കിയത്. സാങ്കേതിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ഇത്തവണ നിരക്കുകളില്‍ വലിയ ഇളവ് വരുത്തിയിട്ടുണ്ട്.

വെരിഫിക്കേഷന്‍ ഫീസ് 100 രൂപയായും പുനര്‍മൂല്യ നിര്‍ണയ ഫീസ് ചോദ്യമൊന്നിന് 25 രൂപയായും ബോര്‍ഡ് കുറച്ചിട്ടുണ്ട്. ഇത്തവണ ആദ്യമായി നടപ്പിലാക്കിയ ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിങ് സംവിധാനവുമായി ബന്ധപ്പെട്ടുണ്ടായ സാങ്കേതിക പിഴവുകള്‍ നിലവില്‍ പാര്‍ലമെന്ററി സമിതിയുടെ പരിഗണനയിലാണ്. മൂല്യനിര്‍ണയം നടത്തിയ ഉത്തരക്കടലാസുകളില്‍ പലതും അവ്യക്തമാണെന്നും ചിലയിടങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ കൈയക്ഷരം മാറിയതായും പരാതി ഉയര്‍ന്നിരുന്നു.

ഇതിനുപുറമേ സിബിഎസ്ഇയുടെ ഡിജിറ്റല്‍ മൂല്യനിര്‍ണയ പോര്‍ട്ടലായ ഓണ്‍മാര്‍ക്ക് വലിയ രീതിയിലുള്ള സുരക്ഷാവീഴ്ച നേരിട്ടെന്ന ആക്ടിവിസ്റ്റുകളുടെയും എത്തിക്കല്‍ ഹാക്കര്‍മാരുടെയും വെളിപ്പെടുത്തല്‍ വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ വ്യക്തിഗത വിവരങ്ങളും ഒറിജിനല്‍ ഉത്തരക്കടലാസുകളുടെ ചിത്രങ്ങളും സുരക്ഷിതമല്ലാത്ത ക്ലൗഡ് സ്റ്റോറേജിലാണ് സൂക്ഷിച്ചിരുന്നതെന്നും ഇത് ആര്‍ക്കും ആക്‌സസ് ചെയ്യാവുന്ന നിലയിലായിരുന്നു എന്നുമാണ് ഹാക്കര്‍മാര്‍ ചൂണ്ടിക്കാണിച്ചത്. എന്നാല്‍ ഈ വിവരച്ചോര്‍ച്ചയുമായി ബന്ധപ്പെട്ട തകരാറുകള്‍ പൂര്‍ണമായി പരിഹരിച്ചതായും സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയതായും സിബിഎസ്ഇ വ്യക്തമാക്കി.

ഡാറ്റാ പരമാധികാരവും സ്വകാര്യതയും ലംഘിച്ച സാങ്കേതിക പങ്കാളിക്കെതിരെ മനുഷ്യാവകാശ കമ്മീഷന്റെയും ഐടി മന്ത്രാലയത്തിന്റെയും അടിയന്തര ഇടപെടല്‍ വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സൈബര്‍ വിദഗ്ദ്ധര്‍.

സിബിഎസ്ഇയുടെ ഒഫീഷ്യല്‍ പോര്‍ട്ടല്‍ വഴി മാത്രമേ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാന്‍ സാധിക്കൂ. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതികളോ സംശയങ്ങളോ ഉള്ളവര്‍ക്ക് ബോര്‍ഡിന്റെ ഔദ്യോഗിക ഹെല്‍പ്പ്ലൈന്‍ സംവിധാനങ്ങളെ താഴെ പറയുന്ന രീതിയില്‍ ബന്ധപ്പെടാം:

ഹെല്‍പ്പ്ലൈന്‍ നമ്പര്‍: 1800 11 8004

ഇമെയില്‍ വിലാസം: [email protected]


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.