ന്യൂഡല്‍ഹി: ജൂണ്‍ 21 ന് നടക്കാനിരിക്കുന്ന നീറ്റ്-യുജി പുനപരീക്ഷ കംപ്യൂട്ടര്‍ അധിഷ്ഠിത മാതൃകയിലാക്കണമെന്ന പുതിയ ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി.
ചോദ്യപേപ്പര്‍ ചോര്‍ച്ചാ വിവാദങ്ങളെ തുടര്‍ന്ന് മെയ് മൂന്നിന് നടന്ന പരീക്ഷ റദ്ദാക്കിയതിനെ തുടര്‍ന്നാണ് പുനപരീക്ഷ നടത്താന്‍ നിശ്ചയിച്ചത്. നിലവിലെ സാഹചര്യത്തില്‍ പരീക്ഷാ രീതി മാറ്റുന്നത് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെന്ന് ജസ്റ്റിസുമാരായ പി.എസ് നരസിംഹ, അരവിന്ദ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഒബ്ജക്റ്റീവ് ടൈപ്പ് ഒ.എം.ആര്‍ രീതിക്ക് പകരം ഓണ്‍ലൈന്‍ പരീക്ഷ നടത്തിയാല്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച സാധ്യത തടയാനാകുമെന്ന് ചൂണ്ടിക്കാട്ടി ആര്‍ജെഡി ജനപ്രതിനിധി സുധാകര്‍ സിങാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.
എന്നാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ പരീക്ഷാ രീതി മാറ്റുന്നത് ഏജന്‍സികള്‍ക്ക് കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കുമെന്ന് കോടതി നിരീക്ഷിച്ചു. സമാനമായ ആവശ്യങ്ങളുന്നയിച്ച മുന്‍ ഹര്‍ജികളും കോടതി തള്ളിയിരുന്നു. വിഷയം അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച കോടതി, ഹര്‍ജി വേനലവധിക്ക് ശേഷം ജൂലൈയില്‍ പരിഗണിക്കുന്നതിനായി മാറ്റി.
അടുത്ത വര്‍ഷം മുതല്‍ നീറ്റ് പരീക്ഷ പൂര്‍ണമായും കംപ്യൂട്ടര്‍ അധിഷ്ഠിതമാക്കാന്‍ തീരുമാനിച്ചതായി ദേശീയ പരീക്ഷാ ഏജന്‍സിയായ എന്‍ടിഎ കോടതിയെ അറിയിച്ചു. വിദഗ്ധ സമിതിയുടെ ശുപാര്‍ശ പ്രകാരം ആരോഗ്യ മന്ത്രാലയവുമായി ആലോചിച്ച് അടുത്ത പരീക്ഷാ സൈക്കിള്‍ മുതല്‍ പുതിയ രീതി നടപ്പിലാക്കും.
ജൂണ്‍ 21 ലെ പുനപരീക്ഷ കനത്ത സുരക്ഷാ മാനദണ്ഡങ്ങളോടെയും കൃത്യമായ നിരീക്ഷണ സംവിധാനങ്ങളോടെയും മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നും എന്‍ടിഎ കോടതിയില്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.