വാഷിങ്ടണ്‍: ഇറക്കുമതി നികുതിയില്‍ ഇളവ് വരുത്തി അമേരിക്ക. തിരഞ്ഞെടുത്ത ചില കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കും വ്യാവസായിക ഉപകരണങ്ങള്‍ക്കുമാണ് താരിഫുകളില്‍ കുറവ് വരുത്തിയിട്ടുള്ളത്. ഇതുവരെ ഈ ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനം നികുതി ഏര്‍പ്പെടുത്തിയിരുന്നു. അത് 15 ശതമാനമായി കുറയ്ക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു.
വിവിധതരം കാര്‍ഷിക, വ്യാവസായ ഉപകരണങ്ങള്‍ക്ക് പ്രഖ്യാപിച്ചിട്ടുള്ള താല്‍ക്കാലിക താരിഫ് ഇളവ് 2027 ഡിസംബര്‍ വരെ പ്രാബല്യത്തിലുണ്ടാകും. നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുടെ പ്രധാന മേഖലകളെ പിന്തുണയ്ക്കുന്നതിനുമാണ് ഈ തീരുമാനം. ഇത് കുറഞ്ഞ ചെലവിലുള്ള ഇറക്കുമതിയെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം അമേരിക്കന്‍ സ്റ്റീലിന്റെയും അലുമിനിയത്തിന്റെയും ഉപയോഗം വര്‍ധിപ്പിക്കുകയും ചെയ്യും.
കൊയ്ത്ത് യന്ത്രങ്ങള്‍, കമ്പൈനുകള്‍ മറ്റ് കാര്‍ഷിക ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ കാര്‍ഷിക യന്ത്രങ്ങള്‍ക്ക് താരിഫ് കുറവ് ബാധകമാകും. കുറഞ്ഞ താരിഫ് കര്‍ഷകരെയും കാര്‍ഷിക ഉല്‍പാദകരെയും കുറഞ്ഞ നിരക്കുകളില്‍ പുതിയ ഉപകരണങ്ങള്‍ വാങ്ങാന്‍ സഹായിക്കുമെന്ന് വൈറ്റ് ഹൗസ് അധികൃതര്‍ പറഞ്ഞു.
കുറഞ്ഞ താരിഫ് നിരക്കുകള്‍ക്ക് അര്‍ഹതയുള്ള വ്യാവസായിക ഉപകരണങ്ങളുടെ പട്ടിക ട്രംപ് ഭരണകൂടം വിപുലീകരിച്ചിട്ടുണ്ട്. അമേരിക്ക തങ്ങളുടെ വ്യാപാര-വ്യവസായ നയത്തിന്റെ പ്രധാന ഭാഗമായി താരിഫുകളെ ഉപയോഗിക്കുന്നത് തുടരുന്ന സമയത്താണ് ഈ താരിഫ് വെട്ടിക്കുറയ്ക്കല്‍ പ്രഖ്യാപനം വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
അമേരിക്കയുമായി വ്യാപാര കരാറുകളുള്ള രാജ്യങ്ങള്‍ക്കാണ് ഈ താരിഫ് കുറവ് അനുവദിച്ചിരിക്കുന്നത്. യു.എസ് വ്യാപാര കരാറുകളുടെ പരിധിയില്‍ വരുന്ന രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ബുള്‍ഡോസറുകള്‍, ഫോര്‍ക്ക് ലിഫ്റ്റുകള്‍, സമാനമായ മറ്റ് വ്യവസായ യന്ത്രങ്ങള്‍, കാര്‍ഷിക ഉപകരണങ്ങള്‍ എന്നിവയ്ക്ക് ഇനി മുതല്‍ 25 ശതമാനത്തിന് പകരം 15 ശതമാനം താരിഫ് മാത്രമേ ഈടാക്കൂ.
അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര കരാര്‍ ഇതുവരെ അന്തിമമായിട്ടില്ലാത്തതിനാല്‍ ഇന്ത്യയ്ക്ക് ഇതിന്റെ പ്രയോജനം ലഭിക്കില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.